സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

 
c m

സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2023 - 24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംരംഭക വര്‍ഷം 2.0 പദ്ധതിയുടെയും സംരംഭങ്ങളുടെ നിലവാരം ഉയര്‍ത്തുന്ന മിഷന്‍ 1000 പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംരംഭക വര്‍ഷം 2.0 പരിപാടിയുടെ ഭാഗമായി ആദ്യ മൂന്നു മാസങ്ങളില്‍ ആസൂത്രണവും ബോധവത്കരണവുമാണ് നടക്കുക. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം നേരത്തേ ആരംഭിച്ച സംരംഭങ്ങള്‍ക്കായി സുസ്ഥിര പദ്ധതി ആരംഭിക്കും. സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.  

സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അഭ്യസ്തവിദ്യരായ യുവജനങ്ങളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തും. അത്യാധുനിക സാങ്കേതികവിദ്യകളില്‍ ഊന്നിയുള്ള വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും വ്യവസായ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അനുയോജ്യമായ 22 മുന്‍ഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ വളര്‍ച്ച സാധ്യമാക്കും. ദൃഢമായ സംരംഭക ആവാസ വ്യവസ്ഥ സൃഷ്ടിക്കും. ഉത്തരവാദിത്ത നിക്ഷേപങ്ങളെയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയുംപ്രോത്സാഹിപ്പിക്കും. പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കും. ഉത്പന്നങ്ങള്‍ കേരള ബ്രാന്‍ഡില്‍ വിതരണം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. വിദേശ വിപണി കണ്ടെത്താനുള്ള പദ്ധതികളും വ്യവസായ നയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, ബയോടെക്‌നോളജി ആന്റ് ലൈഫ് സയന്‍സ്, ഇലക്ട്രിക് വാഹനങ്ങള്‍, വിവര സാങ്കേതിക വിദ്യാ ഉത്പന്നങ്ങള്‍, ഗ്രഫീന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസിക്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ നവീന വ്യവസായങ്ങള്‍ക്ക് മികച്ച മുന്‍ഗണനയാണ് വ്യവസായ നയത്തില്‍ നല്‍കിയിട്ടുള്ളത്.


ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം എട്ട് മാസത്തില്‍ പൂര്‍ത്തിയായി. മിഷന്‍ 1000 ന്റെ ഭാഗമായി ആയിരം സംരംഭളെ സുതാര്യമായി തിരത്തെടുക്കും. അവയെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളാക്കി നാലു വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രത്യേക സ്‌കെയില്‍ അപ് മിഷന്‍ രൂപീകരിക്കണം. കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ച സംരംഭങ്ങളെയാണ് തിരഞ്ഞെടുക്കുക. വിവിധ സ്‌കോറുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞടുപ്പ്. ഇത് എല്ലാ സംരംഭകര്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ കേരളത്തിന് കഴിഞ്ഞു. ആഭ്യന്തര ഉത്പാദനം 12% വളര്‍ച്ചാ നിരക്ക് നേടി. വ്യാവസായിക മേഖലയിലും ഉത്പാദന രംഗത്തും വളര്‍ച്ച നേടാന്‍ കഴിഞ്ഞു. കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ കഴിയും.

കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ നിക്ഷേപം നടത്തിയവരോ വ്യവസായികളോ അല്ല ഇങ്ങനെ പ്രചരിപ്പിക്കുന്നത്. നാടിനെ ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്നവരാണിവര്‍. എയര്‍ബസ്, നിസാന്‍, ടെക് മഹീന്ദ്ര, ടോറസ് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറായി. ലേ ഓഫോ, പിരിച്ചുവിടലോ ലോക്ക് ഔട്ടോ ക്ലോഷറോ ഇല്ലാത്ത പ്രത്യേക തൊഴില്‍ സംസ്‌കാരം ഇവിടെയുണ്ട്.

വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ സംസ്ഥാനമായി കേരളം മാറി. വ്യാജ പ്രചാരകര്‍ ഈ യാഥാര്‍ഥ്യം കാണുന്നില്ല. ഇതിനിടെയാണ് സംരംഭക വര്‍ഷം വലിയ വിജയം നേടുന്നത്.

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും വ്യാവസായിക, കാര്‍ഷിക മേഖലകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ക്രിയാത്മക നടപടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുന്നത്. കേരളത്തിന്റെ വ്യാപാര കമ്മി കുറയ്ക്കുക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. സംരംഭക വര്‍ഷം പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണം മെയ്ക്ക് ഇന്‍ കേരളയ്ക്ക് വലിയ ഊര്‍ജമായി. പദ്ധതിക്കായി ആയിരം കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 100 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ബഹു നില എസ്റ്റേറ്റുകളുടെ നിര്‍മ്മാണവും വിപുലീകരണവും സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണ്. പ്രവര്‍ത്തനക്ഷമമായ എം.എസ്.എം.ഇ കള്‍ക്ക് പ്രത്യേക പാക്കേജും അനുവദിച്ചു.

കൊച്ചി - ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതി വഴി 10000 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കാനാണ് ശ്രമം. ഇതുവഴി 22000 തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും 80000 തൊഴിലവസരങ്ങള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും വിധമാണ് വ്യവസായ നയം പ്രഖ്യാപിച്ചത്. മാറുന്ന കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ ഉതകുംവിധമുള്ള വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിക്കും. നൂതനാശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.

അടിസ്ഥാന സൗകര്യ വികസനം, വിപണി വികസനം, കയറ്റുമതി സുഗമമാക്കല്‍, ഗവേഷണ വികസനം, നൈപുണ്യ വികസനം എന്നിവയിലൂടെ ഈ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സമഗ്ര പിന്തുണ നല്‍കും. ഇന്ത്യയുടെ അകത്തും പുറത്തുമുള്ള സാങ്കേതികവിദ്യയും സാങ്കേതിക വിദഗ്ധരെയും കേരളത്തിലേക്ക് കൊണ്ടുവരും. സമഗ്രമായ വ്യവസായ നയം സംരംഭക വര്‍ഷം പദ്ധതിക്കും ഊര്‍ജം പകരും.

വ്യവസായ മേഖലയിലെ മുന്നേറ്റം നിക്ഷേപം കൊണ്ട് മാത്രം സാധ്യമല്ല. അതോടൊപ്പം വ്യവസായം വളരണമെങ്കില്‍ വ്യവസായിക ആവാസ വ്യവസ്ഥ സൃഷ്ടിക്കണം. ഇത് സാധ്യമാക്കാനുള്ള വിവിധ ഇടപെടലുകള്‍ യാഥാര്‍ഥ്യമാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും വ്യാവസായികരംഗം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ്. യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം, ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ്, കണക്ട് കരിയര്‍ ടു ക്യാംപസ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നു.

യുവാക്കളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്യും. 425 കോളേജുകളില്‍ ഇതിനായി പദ്ധതികള്‍  നടപ്പാക്കുന്നു. ഇത് എല്ലാ കോളേജുകളിലേക്കും വ്യാപിപ്പിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ സ്ഥാപിക്കും. യുവാക്കളെയും നൂതനാശയങ്ങളെയും പ്രോത്സാഹിപ്പിക്കും. കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് സംരംഭകര്‍ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പി. രാജീവ് അധ്യക്ഷത വഹിച്ചു. മിഷന്‍ 1000 പോര്‍ട്ടല്‍ ഉദ്ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. സെല്‍ഫി പോയിന്റ് യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന്‍ ബില്ല, എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.