ആരോഗ്യമേഖലയിലെ കുതിപ്പ് തുടരണമെന്ന് മേഖലാതല അവലോകനയോഗം
പൊതുജനാരോഗ്യ മേഖലയിൽ എറണാകുളം ജില്ല കൈവരിച്ചിരിക്കുന്ന മുന്നേറ്റം ശക്തമായി തുടരണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എറണാകുളം മേഖലാ തല അവലോകന യോഗം. ജനസൗഹൃദ സമീപനത്തോടെയാണ് പൊതുജനാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാർ ആശുപത്രികളെ മുമ്പെന്നത്തേക്കാളും കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ ആര്‍ദ്രം സെൽ ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
വയോജന പരിപാലനത്തിന്‍റെ ഭാഗമായി പ്രൈമറി സാന്ത്വന പരിചരണവും സെക്കന്‍ഡറി സാന്ത്വന പരിചരണവും ചികിത്സയും നല്‍കി വരുന്നുണ്ട്. പ്രൈമറി, സെക്കന്‍ഡറി, ക്രിട്ടിക്കല്‍ കെയര്‍ സാന്ത്വന പരിചരണത്തിനുള്ള പരിശീലനങ്ങളും നടന്നുവരുന്നു. ഇതിനായി 120 പ്രൈമറി യൂണിറ്റുകളും 34 സെക്കന്‍ഡറി യൂണിറ്റുകളും രണ്ട് പരിശീലന കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രൈമറി യൂണിറ്റുകളിലൂടെ 22557 പേര്‍ക്കും സെക്കന്‍ഡറി യൂണിറ്റുകളിലൂടെ 3034 പേര്‍ക്കും സേവനങ്ങള്‍ നല്‍കിവരുന്നു.
വാര്‍ഷിക ആരോഗ്യ പരിശോധന പ്രകാരം 12,59,044 വ്യക്തികളില്‍ സര്‍വ്വേ ചെയ്തതില്‍ 1,61,541 പേര്‍ക്ക് ജീവിതശൈലി രോഗ സാധ്യത കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയ 81 ശതമാനം വ്യക്തികളില്‍ 24 ശതമാനം പേര്‍ക്ക് രക്താതിമര്‍ദ്ദവും 3 ശതമാനം പേര്‍ക്ക് പ്രമേഹവും പുതിയതായി കണ്ടെത്തിയിട്ടുണ്ട്.
രോഗനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനങ്ങള്‍ നടന്നുവരുന്നു. ഫീല്‍ഡ് തലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ക്യാന്‍സര്‍ സാധ്യത കണ്ടെത്തിയ 1410 വ്യക്തികളുടെ സ്‌ക്രീനിങ് ക്യാന്‍സര്‍ സ്‌ക്രീനിങ് പോര്‍ട്ടല്‍ വഴി നടത്തി. എല്ലാ പ്രാഥമികതല ആശുപത്രികളിലും ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടക്കുന്നുണ്ട്. ക്യാന്‍സര്‍ സാമ്പിളുകള്‍ ഹബ്ബ് ആന്‍ഡ് സ്‌പോക്ക് ലാബ് സംവിധാനം വഴി താലൂക്ക് ആശുപത്രികളിലേക്കും അവിടെനിന്ന് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും അയക്കുന്നു.
ലാബ് നെറ്റ്വര്‍ക്ക് സംവിധാനം ജില്ലയില്‍ പൂര്‍ണമായും നടപ്പിലാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രാഥമികതലം മുതലുള്ള ആശുപത്രികളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഹബ്ബ് ലാബുകളില്‍ എത്തിച്ച് പരിശോധന ഫലം സമയബന്ധിതമായി രോഗികളെ അറിയിച്ചു, വേണ്ട ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നുണ്ട്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ തിരഞ്ഞെടുത്ത 57 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ആറ് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണം സി.എച്ച്. സി വെങ്ങോല, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി.