പ്രക്ഷോഭത്തിനുള്ള ആഹ്വാനം ഇരട്ടത്താപ്പും തട്ടിപ്പും; വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കാരന്റെ വീട് റെയ്ഡ് ചെയ്യാത്ത പൊലീസ് ഇപ്പോള്‍ നടത്തുന്നത് മര്യാദയില്ലാത്ത മാധ്യമവേട്ട: പ്രതിപക്ഷ നേതാവ്

ഏക സിവില്‍ കോഡ് വേണമെന്ന ഇ.എം.എസിന്റെ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞോയെന്ന് സി.പി.എം വ്യക്തമാക്കണം
 
V D

ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.എം നിലപാട് ഇരട്ടത്താപ്പും തട്ടിപ്പുമാണ്. രാജ്യത്ത് വര്‍ഗീയതയുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ അതേപാതയിലാണ് ഈ വിഷയത്തെ സി.പി.എമ്മും നോക്കിക്കാണുന്നത്. ഏക സിവില്‍ കോഡ് മുസ്ലീകളെ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമായാണ് കോണ്‍ഗ്രസ് കാണുന്നത്. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് ഏക സിവില്‍ കോഡിനെതിരെ പ്രക്ഷോഭം നടത്താന്‍ സി.പി.എം ചില മുസ്ലീം സംഘടനകളെ മാത്രം വിളിക്കുന്നത്. 


ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന നിലപാടാണ് ഇ.എം.എസിനുണ്ടായിരുന്നത്. 1987 ലെ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷനോട് സമരം ചെയ്യണമെന്നാണ് ഇ.എം.എസ് ആഹ്വാനം ചെയ്തത്. ചേരിതിരിവുണ്ടാക്കി ഭൂരിപക്ഷത്തിന്റെ വോട്ട് നേടാനുള്ള കൗശലമായിരുന്നു ഏക സിവില്‍ കോഡിനും ശരിഅത്തിനും എതിരെ സി.പി.എം അന്ന് സ്വീകരിച്ച നിലപാട്. ഇ.എം.എസിന്റെ ആ നിലപാടില്‍ നിന്നും പിന്നാക്കം പോയോയെന്ന് സി.പി.എം വ്യക്തമാക്കണം. പഴയ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞെങ്കില്‍ അത് കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാന്‍ തയാറാകണം. 87 ലെ നിലപാടും ഇ.എം.എസിന്റെ നിലപാടും തെറ്റായിരുന്നെന്ന് പറയാന്‍ സി.പി.എം തയാറുണ്ടോ? സി.എ.എ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസ് പോലും പിന്‍വലിക്കാതെയാണ് വീണ്ടും പ്രക്ഷോഭത്തിന് ക്ഷണിക്കുന്നത്. സമസ്തയെയും ലീഗിനെയും വിളിക്കുമെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ഇതില്‍ നിന്നും എന്തെങ്കിലും കിട്ടുമോയെന്നാണ് സി.പി.എം നോക്കുന്നത്. 


സി.പി.എമ്മിനെ പോലെ ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മലക്കംമറിഞ്ഞിട്ടില്ല. ഏക സിവില്‍ കോഡിന് എതിരായ നിലപാടാണ് അന്നും ഇന്നും കോണ്‍ഗ്രസ് സ്വീകരിച്ചത്. ശബരിമലയില്‍ ജുഡീഷ്യറിക്കും സര്‍ക്കാരിനും ഇടപെടാമെന്ന് സി.പി.എം നിലപാടെടുത്തപ്പോള്‍ അത് പാടില്ലെന്നാണ് കോണ്‍ഗ്രസും യു.ഡി.എഫും പറഞ്ഞത്. ശബരിമലയിലെ അതേ നിലപാടാണ് ഏക സിവില്‍ കോഡിലും. സ്റ്റേറ്റും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും വ്യക്തിനിയമങ്ങളിലും ആചാരങ്ങളിലും ഇടപെടുന്നതില്‍ ഒരു അതിര്‍വരമ്പുണ്ടെന്നതാണ് കോണ്‍ഗ്രസ് നിലപാട്. മതവിഭാഗങ്ങളില്‍ നിന്ന് തന്നെയാണ് നവീകരണം ഉണ്ടാകേണ്ടത്. സ്റ്റേറ്റ് അമിതമായി ഇടപെടുന്ന സ്റ്റേറ്റിസം ഇക്കാര്യത്തില്‍ പാടില്ല. പാര്‍ലമെന്ററി സമിതിയില്‍ കോണ്‍ഗ്രസ് അംഗമാണ് ഏക സിവില്‍ കോഡിനെ എതിര്‍ത്തത്. കരട് ബില്‍ വന്നാല്‍ പാര്‍ലമെന്റിനകത്തും പുറത്തും അതിനെ ശക്തമായി എതിര്‍ക്കും. 


പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും വേട്ടയാടിയത് പോരാഞ്ഞ് ഇപ്പോള്‍ ജുഡീഷ്യറിക്കെതിരെ സി.പി.എം തിരിഞ്ഞിരിക്കുകയാണ്. അപ്രിയമായ വിധി ന്യായമെഴുതിയ ഹൈക്കോടതി ജഡ്ജിയെ എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയെ ഉപയോഗിച്ച് സി.പി.എം അധിക്ഷേപിക്കുകയാണ്. നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടക്കുന്നതിനിടെ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. പ്രോസിക്യൂഷനെയും പൊലീസിനെയും സി.പി.എം ദുരുപയോഗം ചെയ്യുകയാണ്. നിലവിലുള്ള നീതിന്യായ നിയമ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തി സി.പി.എമ്മിന് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുകയാണ്. 

മറുനാടന്‍ മലയാളിക്കെതിരായ കേസിന്റെ പേരില്‍ അവിടെ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വീടുകള്‍ എന്തിനാണ് റെയ്ഡ് ചെയ്യുന്നത്? അവരുടെ കമ്പ്യൂട്ടറുകള്‍ എന്തിനാണ് എടുത്തുകൊണ്ട് പോകുന്നത്? അങ്ങനെയെങ്കില്‍ മോന്‍സനുമായി ബന്ധപ്പെട്ട കേസില്‍ കെ. സുധാകരനെതിരെ മൊഴിയുണ്ടെന്ന കള്ളവാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? ആ വ്യാജ വാര്‍ത്ത എഴുതിയ ആളെ പൊലീസിന് അറിയാമോ? ആ റിപ്പോര്‍ട്ടറുടെ വീട്ടില്‍ പൊലീസ് പോയോ? അയാളുടെ ഫോണോ കമ്പ്യൂട്ടറോ ഫോണോ പിടിച്ചെടുത്തോ? അങ്ങനെയൊരു മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിട്ടും കള്ളവാര്‍ത്ത ചമച്ച ദേശാഭിമാനിക്കാരന്റെ വീട്ടില്‍ പൊലീസ് പോയില്ല. മാധ്യമങ്ങള്‍ക്കെതിരായ കേസിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ല. സര്‍ക്കാരിന് ഇഷ്ടമില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വേണ്ടെന്ന നിലപാടിലേക്കാണോ സി.പി.എം പോകുന്നത്? തൂക്കിക്കൊല്ലുന്നതിന് മുന്‍പ് ആളുകളുടെ പേര് പ്രഖ്യാപിക്കുന്നത് പോലെ ഓരോ മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ ഒരു സി.പി.എം നേതാവ് തന്നെ പ്രഖ്യാപിക്കുകയാണ്.  ഒരു മര്യാദയും ഇല്ലാത്ത തരത്തിലാണ് മാധ്യമങ്ങളെ വേട്ടയാടുന്നത്. ഒരു നിയന്ത്രണവും ഇല്ലാത്ത തരത്തില്‍ പൊലീസിനെ ദുരുപയോഗം ചെയ്ത കാലം കേരളത്തിലുണ്ടായിട്ടില്ല. ഇഷ്ടക്കാരെ ചേര്‍ത്ത് പിടിക്കുകയും ഇഷ്ടമില്ലാത്തവര്‍ക്കെതിരെ കള്ളക്കേസുകളെടുക്കയും ചെയ്യുന്ന ഇരട്ട നീതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 

ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താതെ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെയെല്ലാം തോല്‍പ്പിച്ചു. എന്ത് വിശ്വാസ്യതയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്? മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പി.എച്ച്.ഡി സംബന്ധിച്ച് കെ.എസ്.യു ഉന്നയിച്ച ഗുരുതര ആരോപണം അന്വേഷിക്കണം. അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ രണ്ട് വര്‍ഷം കൊണ്ടാണ് അയാള്‍ പി.എച്ച്.ഡി എടുത്തിരിക്കുന്നത്. തീസിസിന്റെ 70 ശതമാനവും കോപ്പിയാണെന്നതിന് തെളിവും ഹാജരാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നത് കൊണ്ട് അന്വേഷണത്തില്‍ നിന്നും ഒഴിവാകാനാകില്ല. നീറ്റ് പരീക്ഷയില്‍ 16 മാര്‍ക്ക് കിട്ടിയ ഡി.വൈ.എഫ്.ഐക്കാരന്‍ അത് 418 ആയി തിരുത്തി. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വിശ്വാസ്യത സി.പി.എമ്മും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്.