ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് കടുത്തുരുത്തിക്കാര്‍

 
dr

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് കടുത്തുരുത്തിക്കാര്‍ കേട്ടത്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായി മോഹന്‍ ദാസിന്റെ ഏകമകളുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടുകാര്‍ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ യുവ ഡോക്ടറുടെ വീടിന് മുന്നിലെ ബോര്‍ഡ് നൊമ്പരമായി.

കടുത്തുരുത്തിയിലെ മുട്ടുച്ചിറയിലെ പട്ടാളം മുക്കിലാണ് യുവ ഡോക്ടറുടെ വീട്. ഇവിടേക്ക് എത്തുന്നവരുടെ ശ്രദ്ധയില്‍ ആദ്യം വരിക ഗേറ്റിലെ വന്ദനയുടെ പേരിലുള്ള ബോര്‍ഡാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകള്‍ക്കായി ചെയ്ത നെയിം ബോര്‍ഡ്,.... വിവരമറിഞ്ഞ് ഇവിടേക്ക് എത്തുന്നവരില്‍ വലിയ വേദനയാണ് നല്‍കുന്നത്.

അസീസിയ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പ്ലസ് ടു വരെ നാട്ടിൽ തന്നെയാണ് പൂർത്തിയാക്കിയത്. വളരെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെ വളർത്തിയതും പഠിപ്പിച്ചതും. നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു വന്ദന. കുടുംബം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവർ. എന്നാൽ, ഡോക്ടറായി ജോലി തുടങ്ങി അധികം താമസിയാതെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്.
  ഡോക്ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു.