സര്‍ക്കാരിന്റെ മുഖം വികൃതം; സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി

 
KPCC

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടകക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേരത്തെ പ്രമുഖ സിപിഎം നേതാക്കളായ എംഎ ബേബി, ഡോ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍   പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണ്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞിരിക്കുന്നു. 

രണ്ടര വര്‍ഷമായി കേരളത്തില്‍ ഭരണമില്ലെന്നും അപഹരണം മാത്രമാണും  വെളപ്പെടുത്തുന്ന സംഭവങ്ങളാണിപ്പോള്‍ രാവണന്‍കോട്ടയായ സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിനേയും ഓഫീസിനെയും ചുറ്റിപ്പറ്റി നടന്ന അഴിമതിക്കൂട്ടങ്ങള്‍ മന്ത്രിമാരുടെ ഓഫീസുകളിലും തമ്പടിച്ചിരിക്കുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന അതീവ ഗുരുതരമായ കോഴഇടപാടിനെക്കുറിച്ച് നല്കിയ പരാതിയില്‍ 15 ദിവസമായിട്ടും പോലീസ് നടപടി ഉണ്ടായില്ല. 

അതേസമയം, മന്ത്രിയുടെ സ്റ്റാഫ് നല്കിയ പരാതിയില്‍ പോലീസ് അതീവ ശുഷ്‌കാന്തിയോടെ കേസെടുത്ത് ഉടനടി അന്വേഷണം തുടങ്ങി.  മന്ത്രിയുടെ ഓഫീസും പാര്‍ട്ടിയുമെല്ലാം ഉള്‍പ്പെട്ട കോഴക്കുരുക്ക് സംബന്ധിച്ച അന്വേഷണം ഉടനേ ആരംഭിക്കണം. പരാതിയില്‍ അടയിരിക്കുന്നതു തന്നെ ദുരൂഹമാണ്. ഇടപാടില്‍  സിപിഎം നേതാവും എഐഎസ്എഫ് നേതാവും ഉള്‍പ്പെടെയുള്ള ഇടനിലക്കാരെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ  സാഹചര്യത്തില്‍  സംശയത്തിന്റെ മുന മന്ത്രിയിലേക്കാണ് നീങ്ങുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. 

കേരളത്തിലെ സഹകരണ ബാങ്കുകളിലെ വെളുത്ത ചോറില്‍ മുഴുവന്‍ കറുത്ത കല്ല് വാരിയിട്ടത് സിപിഎമ്മാണ്. അതിലിനി ഒരു വറ്റ് വെളുത്ത ചോറുപോലുമില്ല. നാട്ടിലെ പാവപ്പെട്ടവരുടെ അത്താണിയായിരുന്ന സഹകരണ ബാങ്കുകളിലെ ശതകോടികളാണ് സിപിഎം നേതാക്കള്‍ കുറെ വര്‍ഷങ്ങളായി കട്ടുകൊണ്ടിരുന്നത്. കരുവന്നൂര്‍ സഹ ബാങ്കിലെ  അഴിമതിയില്‍ അറസ്റ്റിലായ സിപിഎമ്മുകാരുടെ റിമാന്‍ഡ്  റിപ്പോര്‍ട്ട് വായിച്ചാല്‍ തലമരവിച്ചുപോകും.

കല്യാണച്ചെലവിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും കടംവീട്ടാനും മറ്റുമായി സ്വരുക്കൂട്ടിയ പാവപ്പെട്ടവരുടെ ചില്ലിക്കാശാണ് സഖാക്കള്‍ വെളുക്കുവോളം കട്ട് തനിക്കും നേതാക്കള്‍ക്കും വീതംവച്ചത്. കേരളത്തില്‍ സിപിഎമ്മിന്റെ അടിവേരു മാന്തിയെടുക്കുക സഹകരണമേഖലയിലെ കൊള്ളയായിരിക്കുമെന്നു സുധാകരന്‍ അഭിപ്രായപ്പട്ടു.