കാരുണ്യ പദ്ധതിക്കായി ലോട്ടറി വകുപ്പ് 1732 കോടി കൈമാറിയതായി ധനമന്ത്രി

 
knb

ഗുരുതര രോഗം ബാധിച്ച നിർധനർക്ക് ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിലേക്കായി ലോട്ടറി വകുപ്പ് 1732 കോടി രൂപ കൈമാറിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. '2012 മുതലാണ് ഇത്രയും തുക കൈമാറിയത്. രണ്ട് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ബൃഹദ് രംഗമാണ് സംസ്ഥാന ലോട്ടറി. ലോട്ടറി വിൽപ്പനക്കാരുടേയും ഏജന്റുമാരുടേയും ക്ഷേമനിധി ബോർഡ് സജീവമായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിശ്വാസ്യതയും നടത്തിപ്പിൽ സുതാര്യതയുമുള്ള സംസ്ഥാന ലോട്ടറി വകുപ്പ് വർഷം 7000 കോടി രൂപയാണ് സമ്മാന ഇനത്തിൽ നൽകുന്നത്,' മന്ത്രി പറഞ്ഞു.


സംസ്ഥാന ഭാഗ്യക്കുറി ജേതാക്കൾക്ക് ആദ്യമായി ഏർപ്പെടുത്തിയ ധനവിനിയോഗ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി വകുപ്പിന്റെ നേതൃത്വത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ആണ് പരിശീലനം സംഘടിപ്പിച്ചത്. മുമ്പ് 5.2 കോടി രൂപ സമ്മാനമായി നൽകിയിരുന്നത് സമ്മാനഘടന പരിഷ്‌കരണത്തിലൂടെ 8.5 കോടി രൂപയായി വർധിച്ചെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ആളുകൾക്ക് സമ്മാനം ലഭ്യമാക്കലാണ് ലക്ഷ്യം. വകുപ്പ് കൂടുതൽ ആധുനീകരിച്ച് സാങ്കേതികവിദ്യ പൂർണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഭാഗ്യക്കുറി ജേതാക്കൾ ലോട്ടറി അടിച്ച് മോശം ധനവിനിയോഗത്തിലൂടെ പാപ്പരാകാതെ ബുദ്ധിപൂർവ്വം പണം ഉപയോഗിക്കേണ്ടതുണ്ട്. അതിനാലാണ് പരിശീലനം തുടങ്ങിയത്. മാസത്തിലോ രണ്ട് മാസത്തിൽ ഒരിക്കലോ ലോട്ടറി ജേതാക്കൾക്കായി ഇത്തരത്തിൽ പരിശീലനം സംഘടിപ്പിക്കും. സാമ്പത്തിക മാനേജ്‌മെന്റ്, മാനസിക സംഘർഷ ലഘൂകരണം, സ്ഥിരനിക്ഷേപങ്ങൾ, വിവിധ നിക്ഷേപമാർഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പരിശീലനം.


വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ എസ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ ഡയറക്ടർ പ്രൊഫ. കെ.ജെ ജോസഫ് എന്നിവർ സംസാരിച്ചു. 50 ഓളം ഭാഗ്യക്കുറി ജേതാക്കൾ പങ്കെടുത്തു.