ബ്രഹ്മപുരത്തെ തീ അണയ്ക്കാനായില്ല; പ്രദേശവാസികൾ ഞായറാഴ്ച വീടുകളിൽ കഴിയണമെന്ന് നിർദേശം

ബ്രഹ്മപുരം തീ പിടിത്തം: ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
 
fair

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ രണ്ട് ദിവസം കഴിഞ്ഞിട്ടും അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ അണയാത്തതാണ് പ്രതിസന്ധി. നാളെ വൈകുന്നേരത്തോടെ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കും. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർ എഞ്ചിനുകളുടെ പ്രവർത്തനത്തിന് തടസ്സം നേരിടുന്നതിനാൽ തീ അണയ്ക്കാൻ നാവികസേന, വ്യോമസേന യൂണിറ്റുകളെ തൽക്കാലം സമീപിക്കില്ല.

തീപിടിത്തം നടന്ന് 48 മണിക്കൂർ പിന്നിടുമ്പോഴും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക ഉയരുകയാണ്. വെല്ലുവിളികൾ തുടരുന്ന സാഹചര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷം പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് ജില്ലാ ഭരണകൂടം. ബിപിസിഎല്ലിനൊപ്പം കൊച്ചിയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫയർ എഞ്ചിനുകളും ബ്രഹ്മപുരത്തെത്തി.

നാളെ യുദ്ധകാലാടിസ്ഥാനത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്തും. ഞായറാഴ്ചയായതിനാൽ ബ്രഹ്മപുരം പരിസരത്തും പുക വ്യാപകമാകുന്ന സ്ഥലങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്തെ പരമാവധി കടകൾ അടയ്ക്കാൻ ശ്രമിക്കണമെന്നും കൂടുതൽ പുക ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വീട്ടിൽ തന്നെ തുടരുന്നതാണ് ഉചിതമെന്നുമാണ് പൊതു നിർദ്ദേശം.

എറണാകുളം ജില്ലയിൽ ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ചുണ്ടായ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയുടെ അധ്യക്ഷതയിൽ ചേർന്നു.  തീ അണയ്ക്കുന്നതിനായി  നടത്തുന്ന ശ്രമങ്ങളും മാർഗങ്ങളും  ചർച്ച ചെയ്തു.  തീയണയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

 പുകയുയർത്തുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദ്ദേശിച്ചു.  ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന്  എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 ഭാവിയിൽ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ബ്രഹ്മപുരത്തെ തീപിടുത്തം കമ്മീഷണർ അന്വേഷണിക്കണമെന്ന് ഇന്ന് ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.