പ്രഥമപ്രഫ. ടി.ജെ ചന്ദ്രചൂഡൻ മാധ്യമ പുരസ്‌കാരം മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ സുജിത് നായർക്ക്

 
sujith

ആർഎസ്‌പി മുൻ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവുമായിരുന്ന പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ അന്തരിച്ചിട്ട് ഒക്ടോബർ 31ന് ഒരു വർഷം തികയുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിർണായകമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ പ്രഫ. ചന്ദ്രചൂഡൻ സഖാക്കൾ ബേബി ജോൺ, കെ. പങ്കജാക്ഷൻ, ആർ.എസ്. ഉണ്ണി തുടങ്ങിയ നേതാക്കൾക്കൊപ്പം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ആർഎസ്‌പി പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്.

കെ. ബാലകൃഷ്‌ണൻ എന്ന ധിഷണാശാലിയുടെ 'കൗമുദി'യുടെ ഭാഗമായി പ്രവർത്തിച്ച് തന്റെ പൊതുജീവിതമാരംഭിച്ച പ്രഫ. ചന്ദ്രചൂഡൻ മാധ്യമ പ്രവർത്തനമേഖലയുമായി എക്കാലവും അടുത്ത് നിൽക്കുകയും കേരളത്തിലെയും ദേശീയതലത്തിലെയും രാഷ്ട്രീയ സംഭവവികാസങ്ങളെ ഇടതുപക്ഷ കാഴ്ചപ്പാടിൽ ഉറച്ചുനിന്ന് വിശകലനം ചെയ്യുന്നതിൽ തന്റെ പാടവം തെളിയിക്കുകയും ചെയ്തയാളാണ്. ഇൻഡോ-യുഎസ് ആണവക്കരാറിനെതിരെ ഇടതുപക്ഷം തയ്യാറാക്കിയ രേഖയുടെ കർത്താവ് അന്ന് ആർഎസ്‌പി ജനറൽ സെക്രട്ടറിയായിരുന്ന പ്രഫ. ചന്ദ്രചൂഡനായിരുന്നു. 

പ്രഫ. റ്റി ജെചന്ദ്രചൂഡന്റെ ആദ്യ ചരമവാർഷികത്തിൽ അദ്ദേഹം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നടത്തിയ നിർണായക ഇടപെടലുകളെ അടയാളപ്പെടുത്തുന്നതിനായി മാധ്യമ പ്രവർത്തകർക്കായി ഒരു പുരസ്‌കാരം ഏർപ്പെടുത്തുകയാണ്. 'പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ മാധ്യമ പുരസ്‌കാരം' എന്നായിരിക്കും ഇത് അറിയപ്പെടുക. 

പ്രഥമ പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ പുരസ്‌കാരം രാഷ്ട്രീയ മാധ്യമ പ്രവർത്തനത്തിലെ മികവിന് മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ സുജിത് നായർക്ക് സമ്മാനിക്കുകയാണ്. 25000.രൂപയും, പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 31/10/2023 രാവിലെ തമ്പാനൂർ ടെറസ് ഹോട്ടലിൽ വച്ച് നടക്കുന്ന  ചടങ്ങിൽബഹു പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ പുരസ്കാരം നൽകുന്നു RSP സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ അധ്യഷത വഹിക്കുന്നു പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുക്കുന്നു

കേരള രാഷ്ട്രീയത്തിൻറെ ഗതിവിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയും രാഷ്ട്രീയരംഗത്തെ  ഓരോ ചലനത്തെയും ആഴത്തിൽ വിശകലനം ചെയ്‌ത്‌ കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നൈരന്തര്യ-പ്രവചന സ്വഭാവമുള്ള വാർത്തകളും ലേഖനങ്ങളും അവലോകനങ്ങളും നിരന്തരം വായനാസമൂഹത്തിന് സമ്മാനിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ് സുജിത് നായർ എന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്ത ജൂറി അഭിപ്രായപ്പെട്ടിട്ടുള്ളത്. 

രാഷ്ട്രീയരംഗത്തെ പ്രമുഖരുമായി മനോരമ ഓൺലൈൻ ചാനലിനായി നടത്തി വരുന്ന 'ക്രോസ്‌ഫയർ' എന്ന അഭിമുഖ പരമ്പരയിലൂടെ പുതിയ ചർച്ചകൾക്ക് വഴിമരുന്നിടുന്നതിൽ സുജിത് നായർ കാട്ടിയ പാടവവും ജൂറി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മണിച്ചൻ മാസപ്പടി കേസിലെ സിപിഎം ബന്ധം അടക്കം കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിച്ച ഒട്ടേറെ വാർത്തകൾ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകനാണ് സുജിത് നായർ. കഴിഞ്ഞ നിരവധി വർഷങ്ങളായി മലയാള മനോരമയിൽ കൈകാര്യം ചെയ്യുന്ന ‘കേരളീയം’ എന്ന രാഷ്ട്രീയ പംക്തി അത് നൽകുന്ന ഉൾക്കാഴ്ചകൾ കൊണ്ട് ശ്രദ്ധേയമാണെന്ന് ജൂറി ചൂണ്ടിക്കാട്ടി.

മലയാള മാധ്യമ രംഗത്തെ സമാരാധ്യനായ ശ്രീ. കെ. ജി. പരമേശ്വരൻ നായർ, എഴുത്തുകാരനും അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ പ്രഫ. ജോർജ് ഓണക്കൂർ, മാധ്യമ പ്രവർത്തകൻ സി. ഗൗരീദാസൻ നായർ എന്നിവരടങ്ങിയതാണ് ജൂറി. 

മികച്ച രാഷ്ട്രീയ വാർത്തയ്ക്കുള്ള റാംനാഥ് ഗോയങ്ക ദേശീയ പുരസ്കാരം, നിയമസഭാ റിപ്പോർട്ടിങ്ങിനുള്ള കേരള നിയമസഭയുടെ ജി.കാർത്തികേയൻ പുരസ്കാരം, മികച്ച മാധ്യമപ്രവർത്തകനുള്ള തോപ്പിൽ ഭാസി അവാർഡ്, മികച്ച രാഷ്ട്രീയ ലേഖകന് തിരുവനന്തപുരം പ്രസ് ക്ലബ് നൽകുന്ന കെ.സി. സെബാസ്റ്റ്യൻ പുരസ്കാരം( മൂന്നുതവണ) രാഷ്ട്രീയ റിപ്പോർട്ടിങ്ങിന് മീഡിയ അക്കാദമി നൽകുന്ന വി.കരുണാകരൻ നമ്പ്യാർ പുരസ്കാരം (രണ്ടു തവണ), ജനറൽ റിപ്പോർട്ടിങ്ങിനുള്ള കോഴിക്കോട് പ്രസ് ക്ലബിന്റെ കെ.സി. മാധവക്കുറുപ്പ് പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സുജിത് നായർ ഇതിനകം നേടിയിട്ടുണ്ട്.

കോട്ടയം പാമ്പാടി മഠത്തിൽ അന്തരിച്ച ഡോ. സി.കെ.ഹരീന്ദ്രൻനായരുടേയും എം.എസ്.രാജമ്മയുടെയും മകനാണ്. നർത്തകി ശാരദ തമ്പിയാണ് ഭാര്യ. വിദ്യാർഥികളായ സംയുക്തയും സമീരയും മക്കളാണ്.