ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ട്;പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

 
Sivankutty

ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു സ്വകാര്യ മലയാള ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഗവർണർക്ക് ആവശ്യമായ ഫണ്ട് നൽകുന്നില്ല എന്ന ആരോപണം ബാലിശമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. 

ഗവർണറെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി അൽപ്പം വർഷങ്ങൾ പുറകിലേക്ക് പോയി നോക്കണം. നരേന്ദ്ര മോഡി 2011 ൽ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗവർണർ പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എടുത്ത നിലപാട് എന്തായിരുന്നു? കമല ബേനിവാൾ എന്ന മുൻ കോൺഗ്രസ്സ് നേതാവായ ഗവർണറുമായി തുറന്ന പോരിലായിരുന്നില്ലേ അന്ന് മോഡി. അന്ന് നരേന്ദ്ര മോഡി ആർട്ടിക്കിൾ 163 നെ കുറിച്ച് വാചാലനാവുകയായിരുന്നില്ലേ?

ഗവർണർ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം അനുസരിച്ചു നീങ്ങണം എന്നതാണ് ഈ ആർട്ടിക്കിൾ 163 പറയുന്നത്. ഗുജറാത്തിലെ ഗവർണറുടെ അധികാര പരിധി കുറയ്ക്കാനുള്ള നടപടികളല്ലേ അന്ന് നരേന്ദ്ര മോഡി മന്ത്രിസഭ തീരുമാനിച്ച് നടപ്പിലാക്കിയത്?

2013 ൽ  നരേന്ദ്ര മോഡി ഗുജറാത്ത് യൂണിവേഴ്സിറ്റീസ് ലോ (അമെൻഡ്‌മെന്റ് ) ബിൽ അവതരിപ്പിച്ചു പാസ്സാക്കി. ബില്ലിൽ സർവ്വകലാശാലയിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിച്ചുരുക്കി. എന്നാൽ ഈ ബില്ല് ഗവർണർ കമലാ ബേനിവാൽ തിരിച്ചയച്ചു. 2015 ൽ ബിജെപി സർക്കാർ നിയോഗിച്ച ഗവർണർ ഒ. പി. കോഹ്ലി ഈ ബില്ലിൽ ഒപ്പിട്ടു.

ഗവർണറുമായുള്ള അന്നത്തെ തന്റെ കൊമ്പുകോർക്കൽ പവിത്രം, ഇവിടെ ഗവർണറെ വിമർശിച്ചാൽ കുഴപ്പം എന്ന രീതി ശരിയല്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച്‌ ഗവർണർ സംസ്‌ഥാനത്തെ ഭരണഘടനാ തലവനാണ്‌. എന്നാൽ ഗവർണർക്ക് ഭരണനിർവഹണ അധികാരമില്ല എന്നതാണ് യാഥാർഥ്യം. എക്‌സിക്യൂട്ടീവ്‌ പവർ 
തെരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സർക്കാരിനാണ്. അതുകൊണ്ട്‌ സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ്‌ ഗവർണർക്ക്‌ ഉള്ളത്‌. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഭരണ ഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിച്ചത് എന്നത് ഓർക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.