തലസ്ഥാനത്തെ ആരോഗ്യമേഖല പൂർണ്ണമായും സ്തംഭിക്കും

ആശുപത്രി സംരക്ഷണ ബിൽ അടിയന്തിരമായി പാസാക്കണം
 
IMA

സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആശുപത്രി ആക്രമങ്ങൾ തടയുന്നതിനുള്ള നടപടി സ്വീകരിക്കുക. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്ക് നേരെ നടന്ന വധ ശ്രമക്കേസിലെ പ്രധാന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകം മാർച്ച്‌ 17 ന് ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ തലസ്ഥാന ജില്ലയിലെ മുഴുവൻ ആശുപത്രികളും, ഡോക്ടർമാരും പങ്കാളികളാകുമെന്ന് ഐഎംഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.ആർ ശ്രീജിത്തും, കൺവീനർ ഡോ പത്മപ്രസാദും വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. 

ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു മെഡിക്കൽ സമരത്തിനാണ്  സംസ്ഥാനം നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

സ്വന്തം ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയും, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയും, നിത്യേന നിരവധി പേരുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടർമാർ തന്നെ ചെയ്യുന്ന സമരമെന്നാകും ഈ മെഡിക്കൽ സമരത്തെ ചരിത്രം രേഖപ്പെടുത്തുക. 

യുദ്ധങ്ങളിൽ പോലും ആശുപത്രികളേയും, ആരോഗ്യ പ്രവർത്തകരേയും ആക്രമിക്കാൻ പാടില്ലെന്നത് രാജ്യാന്തര ചട്ടമാണ്.
രാജ്യാന്തര തലത്തിൽ അത്തരം കീഴ്- വഴക്കങ്ങൾ നിലനിൽക്കവെ തന്നെയാണ് പ്രബുദ്ധരെന്ന് നാം വിശേഷിപ്പിക്കുന്ന കേരളീയ സമൂഹത്തിൽ ആരോഗ്യപ്രവർത്തകർ തുടർച്ചയായി ആക്രമിക്കപ്പെടുന്നത്. ഒരു വർഷം ശരാശരി എൺപതോളം ആശുപത്രി ആക്രമണ കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

ഇതിനെതിരെ നിലവിലുള്ള നിമയ സംവിധാനങ്ങൾ നോക്കു കുത്തിയാകുന്നതാണ് ഏറ്റവും പ്രതിഷേധാർ‍ഹം. സംസ്ഥാനത്ത് ഇത് വരെ ഉണ്ടായിട്ടുള്ള ആശുപത്രി ആക്രമണ സംഭവങ്ങളിൽ യഥാസമയം ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്യാറില്ല. അഥവാ അറസ്റ്റ് ചെയ്തവരാരെയും ഇത് വരെ ശിക്ഷിച്ചിട്ടുമില്ല. എന്തിനാണ് പോലീസ് പോലും അക്രമികളെ സംരക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശുപത്രി ആക്രമണങ്ങൾ തടയണമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ ഒരു ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട്
സംസ്ഥാനത്തെ മുഴുവൻ ഡോക്ടർമാരും ഒരു മുഴുദിന സമരത്തിലേക്ക് എത്തപ്പെട്ടത്.

ഈ സമയത്ത് തന്നെ പഞ്ചാബ് മോഡൽ പ്രസം​ഗം നടത്തിയ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ.ബി ​ഗണേഷ്കുമാറിന്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതു സമൂഹത്തിനോടും, നിയമ വ്യവസ്ഥിതിയോടും ഉള്ള കടുത്ത വെല്ലുവിളിയാണ്. ബഹു ഹൈക്കോടതിയും, കേരളത്തിലെ പൊതു സമൂഹവും, ഭരണാധികാരികളും, സാംസ്കാരിക സാഹിത്യനായകൻമാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോൾ എംഎൽഎയുടെ ആരോ​ഗ്യ പ്രവർത്തകരെ ആക്രമിക്കാനുള്ള ആഹ്വാനം നല്ലതല്ല.

സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർക്കും ജീവനക്കാർക്കും സുരക്ഷിതമായി ജോലി  ചെയ്യാനുള്ള സാഹചര്യം സർക്കാരും, പോലീസും ജനങ്ങളും ഒരുക്കണമെന്നും ഡോ.ആർ ശ്രീജിത്തും, ഡോ. പത്മപ്രസാദും ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ കോ- ചെയർമാൻ ഡോ ശ്യാംലാൽ കോ- കൺവീനർ ഡോ സ്വപ്ന എസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.