വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോർട്ട്, പ്രതികരിക്കാതെ എയര്‍ ഇന്ത്യ

പൈലറ്റിന്‍റെത് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന നീക്കമായിരുന്നെന്ന് ഒരു മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 27 ന് ദുബായിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ അതേ വിമാനത്തിൽ യാത്രക്കാരിയായി യാത്ര ചെയ്യുകയായിരുന്ന വനിതാ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് വരാന്‍ പൈലറ്റ് ക്ഷണിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് വനിതാ സുഹൃത്ത് ഏകദേശം മൂന്ന് മണിക്കൂറോളം കോക്ക്പിറ്റില്‍ തന്നെ ഉണ്ടായിരുന്നു.
പൈലറ്റിന്‍റെ പ്രവൃത്തി സുരക്ഷാ ലംഘനം മാത്രമല്ല, വിമാനത്തിന്‍റെയും യാത്രക്കാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയ്ക്ക് ഇടയേക്കിയാവുന്നതും പൈലറ്റിന്‍റെ ശ്രദ്ധ തിരിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു. കുറ്റം തെളിഞ്ഞാല്‍ പൈലറ്റിന് സസ്‌പെൻഷനോ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികളോ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.