മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു
 May 9, 2023, 23:08 IST
                                            
                                        
                                    
                                        
                                    
                                        
                                    വേതന വർധനവ് നടപ്പിലാക്കാത്തത്തിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ ഇന്നു(10.05.2023) മുതൽ സംസ്ഥാനവ്യാപകമായി നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. അഡീ ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ അദ്ധ്യക്ഷതയിൽ മാനേജ്‌മെന്റ്‌തൊഴിലാളി പ്രതിനിധികളുമായി ലേബർ കമ്മിഷണറേറ്റിൽ നടന്ന അനുരഞ്ജന യോഗത്തിൽ 2021 ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെ 16 ശതമാനം വേതനവർധനവ് അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം.
സേവന വേതന കരാറിന് അഞ്ചുവർഷത്തെ പ്രാബല്യമുണ്ടായിരിക്കും. യോഗത്തിൽ മിൽമ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് മേഖല ചെയർമാൻമാരായ കെ എസ് മണി, എം ടി ജയൻ, മാനേജിംഗ് ഡയറക്ടർ ആസിഫ് കെ യൂസഫ്, തൊഴിലാളിസംഘടനാ പ്രതിനിധികളായ എൻ പി വിദ്യാധരൻ സി ഐ ടിയു, അഡ്വ വി മോഹൻദാസ് എ ഐ ടി യുസി, ആർ ചന്ദ്രശേഖരൻ ഐ എൻ ടി യുസി, ഡെപ്യൂട്ടി ലേബർ കമ്മിഷണർ സിന്ധു എന്നിവർ പങ്കെടുത്തു.
