നാട് തകരാൻ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് നവകേരളസദസിലെ ജനബാഹുല്യം : മുഖ്യമന്ത്രി

 
C M
വലിയ രീതിയിലുള്ള ജനമുന്നേറ്റമായി നവകേരള സദസ് മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടത്തും ജനസഹ്രസങ്ങളാണ് പരിപാടിയുടെ ഭാഗമായി ഒഴുകിയെത്തുന്നത്. നമ്മുടെ നാട് തകർന്നുകൂടെന്നും നാടിനെ തകരാൻ അനുവദിക്കില്ലെന്നും ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ തെളിവാണതെന്നും അദ്ദേഹം പറഞ്ഞു.  വെഞ്ഞാറമൂട്ടിൽ നടന്ന വാമനപുരം മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സുകളിൽ ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിന് കരുത്തുപകരുകയാണ്. നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊയ്ക്കൊള്ളൂ ഞങ്ങൾ കൂടെയുണ്ടെന്നുള്ള സന്ദേശമാണ് അവർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു സംസ്ഥാനമെന്ന നിലയിൽ നല്ല പുരോഗതിയാണ് നാം ഈ ഘട്ടത്തിൽ നേടിയിരിക്കുന്നത്. 2016 ൽ കേരളം വലിയ പ്രതിസന്ധി നേരിട്ട കാലഘട്ടമാണ്. ആ അവസ്ഥയിൽ നിന്നും വലിയ തോതിലുള്ള മുന്നേറ്റമാണ് കൈവരിച്ചത്. കേരളത്തിന്റെ ആഭ്യന്തര നിരക്ക് വളർച്ച ഏഴ് വർഷം കൊണ്ട് എട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞു. തനത് വരുമാനത്തിലും അതിശയകരമായ വർധനവുണ്ടാക്കാൻ കഴിഞ്ഞു. 41 ശതമാനം വർദ്ധനവാണ് കൈവരിച്ചത്. പ്രതിശീർഷ വരുമാനം നല്ല രീതിയിൽ വർധിപ്പിക്കാൻ കഴിഞ്ഞ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഓരോ രംഗവുമെടുത്താൽ അഭിമാനകരമായ പുരോഗതിയാണ് സംസ്ഥാനത്തിന് ഉണ്ടാക്കാൻ കഴിഞ്ഞത്. 2025 നവംബർ ഒന്നോടു കൂടി അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും.  
പ്രതിശീർഷ വരുമാനം ഒരുലക്ഷത്തി നാൽപ്പത്തിയെട്ടായിരം  രൂപയിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയായി വർദ്ധിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അസാധാരണമായ സാമ്പത്തിക പ്രയാസമാണ് നാം നേരിടുന്നത്. മൊത്തം വരുമാനത്തിന്റെ ഒരു ഘടകം മാത്രമാണ് സംസ്ഥാനമുണ്ടാക്കുന്നത്. മറ്റു ഘടകങ്ങളിൽ ഏറ്റവും പ്രധാനം കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട വിഹിതമാണ്. റവന്യു കമ്മി ഗ്രാന്റിന്റെ കാര്യത്തിൽ വലിയ കുറവാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതികളിൽ സംസ്ഥാനം മുഴുവൻ തുക ചെലവിട്ടിട്ടും അർഹതപ്പെട്ട വിഹിതം കേന്ദ്രം നൽകുന്നില്ല.  സാമ്പത്തിക ഭദ്രത നിലനിർത്താൻ ഭരണഘടന നൽകുന്ന അവകാശമായ വായ്പ എടുക്കുന്നതിന്റെ പരിധിയും കുറച്ചു. കിഫ്ബി പദ്ധതികൾക്കായി ഏറ്റെടുക്കുന്ന തുകയും സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കാൻ തുടങ്ങി. ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറുകോടിയിൽപരം രൂപയാണ് കേരളത്തിന് കിട്ടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ,പട്ടിക ജാതി പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ ചിഞ്ചുറാണി, എം.ബി. രാജേഷ്, ആർ. ബിന്ദു, ആന്റണി രാജു, സജി ചെറിയാൻ, പി പ്രസാദ്, വി ശിവൻകുട്ടി, കെ രാജൻ, പി രാജീവ്, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, വി അബ്ദുറഹിമാൻ, ജി.ആർ. അനിൽ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.