ഡല്‍ഹി സമരത്തില്‍ യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് പൂര്‍ണരൂപത്തില്‍
സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കേന്ദ്രാവഗണനയും ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ കൂടി ക്ഷണിച്ചതിന് നന്ദി. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ ചില കാര്യങ്ങളോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതുമാണ്.
കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവിനോട് യോജിക്കാനാകില്ലെന്ന നിലപാട് ഞങ്ങള്‍ യോഗത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുണ്ട്. ഇക്കാര്യങ്ങള്‍ രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതും മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. അന്നൊന്നും പ്രതിപക്ഷ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതിരുന്ന സര്‍ക്കാര്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് വിളിച്ചതിന് പിന്നില്‍ സംസ്ഥാന താല്‍പര്യം മാത്രമല്ല രാഷ്ട്രീയ താല്‍പര്യവും ഉണ്ടെന്ന് യു.ഡി.എഫ് സംശയിക്കുന്നു.
ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും ഗുരുതരമാ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂര്‍ത്തും ഉള്‍പ്പെടെ നിരവധി കാരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചത്.
ജി.എസ്.ടിക്ക് അനുസൃതമായി നികുതി ഭരണ സംവിധാനം പരിഷ്‌ക്കരിക്കാത്തതും ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടുത്തുന്നതും സ്വര്‍ണം, ബാര്‍ എന്നിവയില്‍ നിന്നും നികുതി പിരിക്കാന്‍ പരാജയപ്പെട്ടതുമാണ് ധനപ്രതിസന്ധിയുടെ മുഖ്യകാരണങ്ങള്‍. വന്‍കിട പദ്ധതികളുടെ പേരില്‍ നടക്കുന്ന അഴിമതിയും ധൂര്‍ത്തും ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
സര്‍ക്കാരിന്റെയും നികുതി വകുപ്പിന്റെയും ഒത്താശയോടെയാണ് നികുതി വെട്ടിപ്പ് നടക്കുന്നത്. ജി.എസ്.ടിയുടെ ഏറ്റവും വലിയ ഗുണഭോക്താവാകേണ്ടിയിരുന്ന കേരളത്തെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റി. നികുതി ഭരണസംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു.
വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പ് മാത്രം ആശ്രയിച്ചാണ് ഇക്കഴിഞ്ഞ ഏഴ് വര്‍ഷവും അങ്ങയുടെ സര്‍ക്കാര്‍ മുന്നോട്ട് പോയത്. യു.ഡി.എഫ് പുറത്തിറക്കിയ രണ്ടു ധവളപത്രങ്ങളിലും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു.
നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് പകരം എല്ലാ നികുതിയും വര്‍ധിപ്പിച്ചും സെസ് ഏര്‍പ്പെടുത്തിയും ധനപ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴിയാണ് സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയത് പോലെ ഇത് വിപരീതഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഡീസലിന്റെ ഉപഭോഗം കുറഞ്ഞു. ഇതിലൂടെ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വരുമാനവും ഇല്ലാതായി. വിലക്കയറ്റത്തിന് പുറമെ അമിത നികുതി ഭാരം കൂടി അടിച്ചേല്‍പ്പിച്ചതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ജനംവീര്‍പ്പ് മുട്ടുകയാണെന്നത് കൂടി സര്‍ക്കാര്‍ കാണണം.
ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കേണ്ട സംസ്ഥാനമാണ് കേരളം. എന്‍.എസ്.എസ്.ഒ സാംപിള്‍ സര്‍വെ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ചരക്കു സേവനം ഉപയോഗിക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിലെ 80 ശതമാനം ഉല്‍പന്നങ്ങളും അന്യസംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ എത്തുന്നതാണ്. അതുകൊണ്ടു തന്നെ ഇവയ്ക്ക് അന്തര്‍ സംസ്ഥാന നികുതി അഥവാ ഐ.ജി.എസ്.ടിയാണ് ബാധകമാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ബില്ലില്ലാതെ സാധനങ്ങള്‍ കൊണ്ടുവന്ന് നേരിട്ട് വില്‍പന നടത്തുന്ന B2B ( Business to Business) ഇനത്തില്‍ വന്‍ നികുതി വെട്ടിപ്പാണ് നടക്കുന്നത്. അന്യ സംസ്ഥാനത്ത് നിന്നും ഉപഭോക്താവ് നേരിട്ട് സാധനങ്ങള്‍ വാങ്ങി കേരളത്തില്‍ ഉപയോഗപ്പെടുത്തുന്ന B2C ( Business to Customer) ഇനത്തിലും നികുതി വെട്ടിപ്പ് വ്യാപകമാണ്. ഐ.ജി.എസ്.ടി ഇനത്തില്‍ മാത്രം അഞ്ചു വര്‍ഷം കൊണ്ട് 30000 കോടിയാണ് സംസ്ഥാനത്തിന്റെ വരുമാന നഷ്ടം.
പേരിന് മാത്രമാണ് ജി.എസ്.ടി വകുപ്പ് പുനസംഘടിപ്പിച്ചത്. ഓഡിറ്റ് വിഭാഗം രൂപീകരിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ എഴുനൂറോളം ജീവനക്കാരാണ് യാതൊരു പണിയുമില്ലാതെ ഒരു വര്‍ഷത്തോളമായി വെറുതെ ശമ്പളം വാങ്ങുന്നത്. വന്‍കിടക്കാരുടെ നികുതി വെട്ടിപ്പുകളോട് ജി.എസ്.ടി വകുപ്പ് കണ്ണടയ്ക്കുകയാണ്. നികുതി വെട്ടിപ്പ് കണ്ടെത്തേണ്ട ജി.എസ്.ടി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേരളീയത്തിനും നവകേരള സദസിനും നികുതി വെട്ടിപ്പുകാരില്‍ പണപ്പിരിവ് നടത്തിയതും അങ്ങയുടെ സര്‍ക്കാരാണെന്ന് ഓര്‍ക്കണം. ഏറ്റവും നല്ല പിരിവുകരനുള്ള ട്രോഫി മുഖ്യമന്ത്രി സമ്മാനിച്ചതും ജി.എസ്.ടിയിലെ ഉന്നത ഉദ്യോഗസ്ഥനാണ്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വന്‍കിടക്കാരുടെ നികുതി വെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കലല്ലാതെ എന്തുചെയ്യാനാകും?
ഇന്ത്യ ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ 28 ശതമാനവും ഉപയോഗിക്കുന്നത് കേരളത്തിലാണ്. ആളോഹരി സ്വര്‍ണ ഉപഭോഗത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ഈ സാഹചര്യത്തിലും സംസ്ഥാനത്തെ ആകെ സ്വര്‍ണ വില്‍പനയുടെ 20 ശതമാനത്തിന്റെ നികുതി പോലും സര്‍ക്കാരിന് ലഭിക്കുന്നില്ല. ഇത്തരത്തില്‍ ഒരു വര്‍ഷം 18,000 കോടി രൂപയുടെയെങ്കിലും നികുതി നഷ്ടം സംസ്ഥാനത്തിനുണ്ട്.
2023 ജൂണോടെ ജി.എസ്.ടി കോമ്പന്‍സേഷന്‍ അവസാനിക്കുമെന്നും ഇതു മറികടക്കാന്‍ തനത് നികുതി വരുമാനം വര്‍ധിപ്പിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്ന് 2019 മുതല്‍ക്കെ പ്രതിപക്ഷം മുന്നറിയിപ്പുകളും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ജി.എസ്.ടി നടപ്പിലാക്കിയ ശേഷമുള്ള നികുതി വരുമാന നഷ്ടത്തെക്കുറിച്ച് പഠിക്കുകയോ നികുതി വരുമാന വര്‍ദ്ധനവിന് ഉതകുന്ന രീതിയില്‍ ഉദ്യോഗസ്ഥരെ സജ്ജമാക്കുവാനോ സര്‍ക്കാര്‍ തയാറായില്ല.
കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ വെട്ടിക്കുറച്ചതും ധനപ്രതിസന്ധിക്ക് കാരണമാണ്. 14-ാം ധനകാര്യ കമ്മീഷന്‍ കേന്ദ്രത്തിന്റെ ഡിവിസിബിള്‍ പൂളിന്റെ 2.5% കേരളത്തിന് അനുവദിച്ചപ്പോള്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഇത് 1.925% ആയി കുറച്ചു. 1971ലെ സെന്‍സസിന് പകരം 2011-ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ ഉള്‍പ്പെടുത്തിയ പുതിയ മാനദണ്ഡമാണ് നികുതി വിഹിതം കുറയാന്‍ കാരണമായത്. ഇത് അംഗീകരിക്കാനാകില്ല. ഈ നിലപാട് തന്നെയാണ് രാജ്യവ്യാപകമായി കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതും. ഇക്കാര്യം യു.ഡി.എഫ് എം.പിമാര്‍ കേന്ദ്രധനകാര്യ വകുപ്പ് മന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുള്ളതുമാണ്.
ഡല്‍ഹിയില്‍ സമരം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷം മറുപടി പറയാമെന്ന ധാരയിലാണ് യോഗം പിരിഞ്ഞത്. എന്നാല്‍ ഡല്‍ഹിയിലെ സമരത്തിന്റെ തീയതി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് രാഷ്ട്രീയ മര്യാദ അല്ലെന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.
ധനപ്രതിസന്ധിയുടെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും ആണെന്നിരിക്കെ സര്‍ക്കാരുമായി ചേര്‍ന്നുള്ള ഒരു സമരവും വേണ്ടെന്നാണ് ഇന്നലെ ചേര്‍ന്ന് യു.ഡി.എഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചത്. യു.ഡി.എഫ് തീരുമാനം ഞാന്‍ അങ്ങയെ വിനയപൂര്‍വം അറിയിക്കുന്നു.