ആര്‍.എസ് ശശികുമാറിനെതിരായ പരാമര്‍ശം പിന്‍വലിച്ച് ലോകായുക്ത മാപ്പ് പറയണം

ഹിന്ദുവിന്റെ മൊത്തം അട്ടിപ്പേറവകാശം ആര്‍.എസ്.എസ് ഏറ്റെടുക്കേണ്ട; കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധനയ്‌ക്കെതിരെ 26-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് യു.ഡി.എഫ് മാര്‍ച്ച്
 
V D

ആര്‍.എസ് ശശികുമാറിനെ കുറിച്ച് ലോകായുക്ത നടത്തിയ പരാമര്‍ശം അനൗചിത്യവും ഇരിക്കുന്ന സ്ഥാനത്തിന് നിരക്കാത്തതുമാണ്. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് പൊറുക്കാന്‍ കഴിയാത്ത കുറ്റമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള സത്യസന്ധനായ ഒരു പൊതുപ്രവര്‍ത്തകനാണ് ആര്‍.എസ് ശശികുമാര്‍. അദ്ദേഹത്തെ അപമാനിച്ച വാക്കുകള്‍ പിന്‍വലിച്ച് ലോകായുക്ത മാപ്പ് പറയണം. നിരന്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞ ഭരണകക്ഷി എം.എല്‍.എയും മുന്‍മന്ത്രിയുമായ വ്യക്തിക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാത്ത ലോകായുക്തയാണ് ഹര്‍ജിക്കാരനെ വിമര്‍ശിച്ചത്. വിധി പ്രസ്താവത്തെ വിമര്‍ശിക്കാമെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുള്ളത്. 2018-ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല് കൊല്ലം കൊണ്ട് വാദം പൂര്‍ത്തിയാക്കി ഫുള്‍ ബെഞ്ച് തുടക്കത്തില്‍ തീര്‍പ്പാക്കിയ വിഷയം ഒന്നുകൂടി പരിഗണിക്കണമെന്ന ഒന്നര പേജുള്ള വിധി ന്യായമാണ് ഒരു വര്‍ഷത്തിന് ശേഷം ലോകായുക്ത പുറപ്പെടുവിച്ചത്. വിധി ന്യായത്തിലെ യുക്തിയില്ലായ്മയും നിയമപരമായ അടിത്തറയില്ലായ്മയുമാണ് ചോദ്യം ചെയ്തത്. അത് ഇനിയും ചോദ്യം ചെയ്യപ്പെടും. ഒന്നര പേജ് വിധിന്യായം എഴുതാന്‍ ഒന്നരക്കൊല്ലം കാത്തിരുന്നത് ആര്‍ക്ക് വേണ്ടിയാണ്? നീതി നിര്‍വഹണ സംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന സമീപനമാണ് ലോകായുക്തയുടെ ഭാഗത്ത് നിന്നുണ്ടായത്. ഹര്‍ജിക്കാരനെ പേപ്പട്ടിയെന്ന് വിളിക്കാനുള്ള ഒരു അധികാരവും അവകാശവും ലോകായുക്തയ്‌ക്കോ സുപ്രീം കോടതി ജഡ്ജിക്കോ ഇല്ല. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ സ്ഥാനത്തിന്റെ മഹിമ നോക്കി പെരുമാറുന്നവരാണ്. ഹര്‍ജിക്കാരനെ അപഹസിച്ചതിലൂടെ ലോകായുക്തതയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇപ്പോള്‍ തന്നെ ലോകായുക്തയില്‍ എത്തുന്ന കേസുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്.


തുടര്‍ച്ചയായി നികുതിക്കൊള്ള നടത്തി നികുതി ഭീകരത നടപ്പിലാക്കിയ സര്‍ക്കാര്‍ വീണ്ടും ജനങ്ങളെ പ്രയാസപ്പെടുത്തുന്നതിനായി കെട്ടിട പെര്‍മിറ്റ് ഫീസും പുതുതായി ഉണ്ടാക്കുന്ന വീടുകളുടെ നികുതിയും ഒരു ന്യായവും ഇല്ലാതെ വര്‍ധിപ്പിച്ചിരിക്കുകയാണ്. വീട് വയ്ക്കുന്നതിനുള്ള പെര്‍മിറ്റ് ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 രൂപവരെയാണ് വര്‍ധിപ്പിച്ചത്. പഞ്ചായത്ത് പരിധിയില്‍ 150 ച. മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് 555 രൂപയില്‍ നിന്നും 8500 രൂപയയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. നഗരസഭ പരിധിയിലും പെര്‍മിറ്റ് ഫീസ് 555 രൂപയായിരുന്നത് 11500 രൂപയായി വര്‍ധിപ്പിച്ചു. കോര്‍പറേഷന്‍ പരിധിയിലും പെര്‍മിറ്റ് ഫീസ് 800 രൂപയായിരുന്നത് 16000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 250 ച. മീറ്റര്‍ വീടാണ് നിര്‍മ്മിക്കുന്നതെങ്കില്‍ പഞ്ചായത്തില്‍ 1750 രൂപയില്‍ നിന്ന് 26000 രൂപയായും നഗരസഭകളില്‍ 1750 രൂപയില്‍ നിന്ന് 31000 രൂപയായും കോര്‍പറേഷനുകളില്‍ 2250 -ല്‍ നിന്ന് 38500 രൂപയായും വര്‍ധിപ്പിച്ചു. പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്കുള്ള നികുതി പഞ്ചായത്തുകളില്‍ ച. മീറ്ററിന് 3 മുതല്‍ 8 വരെയായിരുന്നത് 6 മുതല്‍ 10 വരെയാക്കി. മുന്‍സിപ്പാലിറ്റികളില്‍ 6 മുതല്‍ 15 വരെയായിരുന്നത് 8 മുതല്‍ 17 വരെയാക്കി. കോര്‍പറേഷനുകളില്‍ 8 മുതല്‍ 20 വരെയായിരുന്നത് 10 മുതല്‍ 22 വരെയാക്കി. എല്ലാ വര്‍ഷവും 5 ശതമാനം നികുതി വര്‍ധിപ്പിക്കുന്നതിന് പുറമെയാണിത്. ജനങ്ങള്‍ പ്രയാസപ്പെട്ട് നില്‍ക്കുന്ന കാലത്ത് നികുതി അന്യായമായി വര്‍ധിപ്പിക്കുന്നത് ശരിയല്ല. എല്ലാ ധനകാര്യ സ്ഥാപനങ്ങളും ജപ്തിനടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് സര്‍ക്കാര്‍ നികുതി ഭീകരത അടിച്ചേല്‍പ്പിക്കുന്നത്. ഇന്ധന സെസ് കൂട്ടിയതിനെ തുടര്‍ന്ന് ഒന്നാം തീയതി മുതല്‍ വിലക്കയറ്റവും രൂക്ഷമായിരിക്കുകയാണ്. ജനങ്ങളെ എങ്ങനെ പ്രയാസപ്പെടുത്താമെന്നതില്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായിരുന്നെങ്കില്‍ അവരുടെ പദ്ധതി വിഹിതം സര്‍ക്കാര്‍ യഥാസമയത്ത് നല്‍കണമായിരുന്നു. കെട്ടിട പെര്‍മിറ്റ് ഫീസ് 500 ശതമാനത്തിലേറെ വര്‍ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള നികിതിക്കൊള്ളയില്‍ പ്രതിഷേധിച്ച് എപ്രില്‍ 26-ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും യു.ഡി.എഫ് മാര്‍ച്ച് സംഘടിപ്പിക്കും.

മതമേലധ്യക്ഷന്‍മാരുടെ പ്രസ്താവനകള്‍ യു.ഡി.എഫിനെ രാഷ്ട്രീയമായി ബാധിക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളെ സംഘപരിവാര്‍ സംഘടനകള്‍ വേട്ടയാടുന്നതിനെതിരെ 79 ക്രൈസ്തവ സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തെ കുറിച്ച് ഇപ്പോള്‍ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനകള്‍ നടത്തുന്നവര്‍ ഓര്‍ക്കണം. ക്രൈസ്തവ ദേവലയങ്ങള്‍ ആക്രമിക്കുന്നു, ആരാധന തടപ്പെടുത്തുന്നു, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെടുന്നു, ക്രിസ്മസ് ആരാധാന അനുവദിക്കുന്നില്ല, വൈദികരെ ജയിലിലാക്കുന്നു തുടങ്ങിയവയെക്കുറിച്ച് വിവരിച്ചുള്ള പരാതിയാണ് ബെംഗലുരുവിലെ ബിഷപ്പായ പീറ്റര്‍ മച്ചഡോ നല്‍കിയത്. ക്രിസ്ത്യാനികള്‍ വീട്ടില്‍ വന്നാല്‍ തല്ലിയോടിക്കണമെന്ന് അടുത്തിടെ പറഞ്ഞത് കര്‍ണാടകത്തിലെ ബി.ജെ.പി മന്ത്രിയാണ്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 94 മുന്‍ ബ്രൂറോക്രാറ്റുകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. അതില്‍ മൂന്ന് പേര്‍ മാത്രമെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുള്ളൂ. ലോകാരാധ്യയായ മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌ന തിരിച്ച് വാങ്ങണമെന്ന് പറഞ്ഞതും ആര്‍.എസ്.എസ്സാണ്. ഇതൊന്നും വിസ്മരിക്കേണ്ട കാര്യമില്ല. ഇതൊക്കെ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികളുടെ മനസില്‍ ഇപ്പോഴുമുണ്ട്.

ഹിന്ദുവിന്റെ മൊത്തം അട്ടിപ്പേറവകാശം ആര്‍.എസ്.എസ് ഏറ്റെടുക്കേണ്ട. കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ബി.ജെ.പി- ആര്‍.എസ്.എസ് വിരുദ്ധരാണ്. മധ്യതിരുവിതാംകൂറിലെ ആരാധനാലയങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസായിരുന്നു. ഇപ്പോള്‍ അവര്‍ മുഖംമൂടി അണിഞ്ഞ് വന്നിരിക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും ഒത്തുചേര്‍ന്നാണ് വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്ക്കരിച്ച് ലത്തീന്‍ വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തിയത്. ന്യൂനപക്ഷത്തില്‍പ്പെട്ട ഒരാള്‍ക്കും വീട് വാടകയ്ക്ക് പോലും കൊടുക്കരുതെന്നാണ് സംഘപരിവാര്‍ സംഘടന അടുത്തിടെ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്.  ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടതും ക്രൈസ്തവരാണ്.


പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ ചര്‍ച്ച് ബില്ലിനെ കുറിച്ച് ഒരു ധാരണയുമില്ല. ചര്‍ച്ച് ബില്ലിലൂടെ സര്‍ക്കാര്‍ എന്താണ് കൊണ്ടു വരാന്‍ പോകുന്നതെന്ന് അറിയാതെ അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിക്കണമെന്ന് പറയുന്ന മന്ത്രിയെക്കുറിച്ച് എന്താണ് പറയേണ്ടത്? ചര്‍ച്ച് ബില്ലിന്റെ കോപ്പി പ്രതിപക്ഷ നേതാവിന് നല്‍കിയാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാം. സമുദായത്തിലെ യുവജന സംഘടന നേതാക്കള്‍ മന്ത്രിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് ഇത്രയും കോലാഹലം ഉണ്ടാക്കുന്നത് എന്തിനാണ്? ഈസ്റ്റര്‍ തലേന്ന് പോസ്റ്റര്‍ ഒട്ടിച്ചയാളുടെ വീട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍  വളഞ്ഞ് കാര്‍ കസ്റ്റഡിയിലെടുക്കാന്‍ കേരളത്തില്‍ നടക്കുന്നത് പൊലീസ് ഭരണമാണോ? അങ്ങനെയെങ്കില്‍ ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ വീടിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തില്ലല്ലോ? പ്രതിപക്ഷ നേതാവിനെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയ ആളെ ബോംബെയില്‍ നിന്നും പിടിച്ച് കൊണ്ടു വന്നെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ വിട്ടയച്ചു. പ്രതിഷേധം പ്രകടിപ്പിച്ച് പോസ്റ്റര്‍ ഒട്ടിക്കാന്‍ പാടില്ലെന്ന നിലപാടിലാണോ സി.പി.എം?  

എല്‍.ഡി.എഫ് നേതാവിന്റെ റിസോര്‍ട്ട് ബി.ജെ.പി നേതാവിന് നല്‍കുന്നത് ഒരു കൊടുക്കല്‍ വാങ്ങലാണ്. ഏതായാലും ഇ.പി ജയരാജന്‍ ബുദ്ധിമൂട്ടിലായപ്പോള്‍ രക്ഷിക്കാന്‍ ബി.ജെ.പി നേതാവ് വന്നല്ലോ. അവര്‍ തമ്മില്‍ സ്‌നേഹമുണ്ട്.

സര്‍ക്കാര്‍ ചെലവിലല്ല പ്രതിപക്ഷ നേതാവ് ഇഫ്താര്‍ വിരുന്ന് നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും യു.ഡി.എഫാണ് വിരുന്ന് സംഘടിപ്പിച്ചത്. ഈ വര്‍ഷവും അങ്ങനെ തന്നെയാണ്.

നിയമസഭയിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ എം.എല്‍.എമാരുടെ പി.എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഏകപക്ഷീയമായ നടപടിയാണ്. ഭരണപക്ഷ എം.എല്‍.എമാരുടെയും മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അവരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കെ.കെ രമ കൊടുത്ത പരാതിയില്‍ പോലും കേസെടുക്കാത്തവര്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുത്തു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിക്കപ്പെട്ടിട്ടില്ലെന്ന സത്യം പുറത്ത് വന്നതോടെ പൊലീസിന് വകുപ്പ് മാറ്റേണ്ടി വന്നു. കെ.കെ രമയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ സര്‍ക്കാര്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്. കെ.കെ രമയുടെ കൈക്ക് പരിക്കില്ലെന്ന് സി.പി.എം എം.എല്‍.എ പോസ്റ്റിടുകയും സി.പി.എം സെക്രട്ടറി അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. അതിനെതിരെ കെ.കെ രമ മാനനഷ്ടത്തിന് കേസ് നല്‍കിയിട്ടുണ്ട്. അതിന് പകരമായാണ് ഇപ്പോള്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ പി.എമാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. പി.എമാര്‍ക്കെതിരെ കേസെടുത്ത് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ നോക്കേണ്ട.