സംസ്ഥാനത്തെ ഗുരുതര ധനപ്രതിസന്ധിയില്‍ മന്ത്രിക്ക് മറുപടിയില്ല; സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാന്‍ എം.പിമാരെ കുറ്റപ്പെടുത്തുന്നു; നികുതി വകുപ്പ് പരാജയം; കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ
സംസ്ഥാനം കനത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും ആദ്യം ഇക്കാര്യം അംഗികരിക്കാന്‍ തയാറായില്ലെങ്കിലും, സംസ്ഥാനം മുന്‍പെങ്ങും അഭിമുഖീകരിക്കാത്ത തരത്തിലുള്ള സാമ്പത്തിക ബുദ്ധിമൂട്ട് അനുഭവിക്കുന്നുണ്ടെന്ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ധനമന്ത്രി സമ്മതിച്ചിട്ടുണ്ട്.
ധനപ്രതിസന്ധിയുടെ ഭാഗമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ട്രഷറിയില്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള ചെക്കുകള്‍ മാറുന്നില്ല. ഓട പോലും പണിയാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. പണം ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഇത്തരം സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതാണ് ഗുഡ് ഗവേണന്‍സ്. നികുതി കൃത്യമായി പിരിച്ച വരുമാനത്തിന് അനുസരിച്ച് ചെലവഴിച്ച് ജനക്ഷേമകരമായ പരിപാടികളും വികസനപ്രവര്‍ത്തനങ്ങളും നടത്തി മുന്നോട്ട് പോകുന്നതാണ് സദ്ഭരണം. ഞങ്ങള്‍ ചില വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മന്ത്രിമാരുടെ മുഖത്തും സന്തോഷമാണ്. അവരുടെ വകുപ്പിലെ ദുരിതം ഞങ്ങളാണ് ഇവിടെ വന്ന് പറയുന്നത്.
കേന്ദ്രത്തിന്റെ ഡിവിസീവ് പൂളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം 1.925 ശതമാനമായി കുറഞ്ഞു. അത് വര്‍ധിപ്പിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. ഇക്കാര്യം ദേശീയതലത്തിലും പാര്‍ലമെന്റിലും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒന്നിച്ച് നിന്ന് പോരാടാനും ഞങ്ങള്‍ തയാറാണ്. പക്ഷെ സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 2021 മുതല്‍ 2026 വരെ 53000 കോടി രൂപയാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി കിട്ടിയത്. ഏറ്റവും കൂടുതല്‍ വിഹിതം കിട്ടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അത് കുറഞ്ഞു പോയി എന്ന് പറയുന്നതില്‍ കാര്യമില്ല. നികുതി പിരിവിലെ കുറവാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. വാറ്റില്‍ നിന്ന് ജി.എസ്.ടിയിലേക്ക് മാറിയിട്ടും ഇവ രണ്ടും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം പോലും സംസ്ഥാന നികുതി വകുപ്പിന് മനസിലായിട്ടില്ല. ജി.എസ്.ടി കൊണ്ടുവന്നപ്പോള്‍ നികുതി വരുമാനം ഏറ്റവും കൂടുതല്‍ വര്‍ധിക്കേണ്ട സംസ്ഥാനമായിരുന്നു കേരളം. വാറ്റിന് അനുകൂലമായ നികുതി ഭരണ സംവിധാനം ജി.എസ്.ടിക്ക് അനുകൂലമായി പുനസംഘടിപ്പിക്കാന്‍ സംസ്ഥാനം ഇതുവരെ തയാറാകാത്തതാണ് നികുതി വരുമാനം വര്‍ധിക്കാത്തതിന് കാരണം. ഇക്കാര്യം നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അതിന് തയാറായില്ല. കോംപന്‍സേഷന്‍ കിട്ടുമെന്നാണ് മുന്‍ ധനകാര്യമന്ത്രി പറഞ്ഞത്. കോംപന്‍സേഷന്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ അവസാനിക്കുമെന്നും വരുമാനം കുറയുമെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ചെക്ക് പോസ്റ്റുകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ വന്‍ നികുതി വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയിരിക്കുകയാണ്. 2020 ഡിസംബറില്‍ പ്രതിപക്ഷം പുറത്തിറക്കിയ ധവള പത്രത്തിലെ മുന്നറിയിപ്പുകള്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
എസ്.ജി.എസ്.ടിയുടെ ഒന്നര ശതമാനം ഇരട്ടി കിട്ടേണ്ട ഐ.ജി.എസ്.ടിയും കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നഷ്ടമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ നഷ്ടം 50000 കോടിക്കും 75000 കോടിക്കും ഇടയിലാണ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലും എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. നികുതി ഭരണ സംവിധാനം പരിതാപകരമായി പരാജയപ്പെട്ടത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി പരിശോധിക്കണം.
80 മുതല്‍ 100 ശതമാനം വരെയാണ് വിലക്കയറ്റം. എന്നാല്‍ ഇതിന് ആനുപാതികമായി നികുതി പരിവില്‍ വര്‍ധനവുണ്ടായില്ല. നികുതി വകുപ്പിലെ എഴുനൂറോളം ജീവനക്കാര്‍ വെറുതെ ഇരിക്കുകയാണ്. വാറ്റ് കുടിശിക പിരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 13000 ത്തോളം കോടിയാണ് ഇതിലൂടെ നഷ്ടമായത്. സ്വര്‍ണം, മദ്യം, സേവന മേഖല, കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍, ടെക്‌സ്‌റ്റൈല്‍സ് എന്നിവയിലും നികുതി വരുമാനം കൂടിയില്ല. സ്വര്‍ണത്തിന് വില കൂടിയിട്ടും പത്ത് വര്‍ഷം മുന്‍പുള്ള നികുതി വരുമാനം പോലും ലഭിക്കുന്നില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 500 രൂപ വിലയുണ്ടായിരുന്നപ്പോള്‍ കിട്ടിയ നികുതി പോലും വില 5000 രൂപയായി വര്‍ധിച്ചിട്ടും സംസ്ഥാനത്തിന് പിരിഞ്ഞ് കിട്ടുന്നില്ല. ആ പണം എവിടെ പോയി. സ്വര്‍ണ നികുതി പോലും പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് അധികാരത്തില്‍ ഇരിക്കുന്നത്?
നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി വളരുന്നത്. എന്നാല്‍ വന്‍നികുതി വെട്ടിപ്പാണ് കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ വ്യാപാരത്തില്‍ നടക്കുന്നത്. ഈ മേഖലയില്‍ നിന്നുള്ള നികുതി കുറയുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെ ഗുരുതരമായി ബാധിക്കും. ഇന്ധന സെസ് കൂട്ടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ രണ്ട് രൂപ വര്‍ധന പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഇന്ധന വില കൂടിയതോടെ ഡീസലിന്റെ ഉപഭോഗം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. രണ്ട് രൂപയുടെ സെസ് വര്‍ധിപ്പിച്ചതിന്റെ ഗുണം സംസ്ഥാന ഖജനാവിന് കിട്ടിയില്ലെന്നു മാത്രമല്ല വരുമാനത്തിലും കുറവുണ്ടാക്കി. രണ്ടു രൂപയുടെ വരുമാനക്കുറവ് മാത്രമല്ല, കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട നികുതി വിഹിതവും കുറഞ്ഞു. പ്രതിപക്ഷം സമരം ചെയ്തിട്ടും വാശിയോടെ നടപ്പാക്കിയ സെസ് വര്‍ധനവിലൂടെ കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. നികുതി പരിക്കുന്നതിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കടക്കെണിയില്‍ കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളുടെ അവസ്ഥയിലേക്കാണ് ഈ സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നികുതി പിരിവ് സംബന്ധിച്ച ഗൗരവതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ചര്‍ച്ചയില്‍ ഉന്നയിച്ചത്. 44 മിനിട്ട് സംസാരിച്ച ധനകാര്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് ഒരു മറുപടിയും നല്‍കിയില്ല. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാന്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 18 എം.പിമാരുടെ തലയില്‍ ഇതെല്ലാം കെട്ടിവയ്ക്കാനാണ് ധനകാര്യമന്ത്രി ശ്രമിച്ചത്. നികുതി വകുപ്പ് തികഞ്ഞ പരാജയമാണ്. കേരളത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ നികുതി വകുപ്പിനെ കുറിച്ച് മന്ത്രി അഭിമാനം കൊള്ളുകയാണ്. അഞ്ച് നയാപൈസ കയ്യിലില്ലാത്തപ്പോള്‍ കേരളം നല്ലരീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ നിലപാടിലും എം.പിമാരെ അധിക്ഷേപിച്ചതിലും പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.