കൊച്ചിയിലേക്ക് വിദേശ സഞ്ചാരികളുടെ എണ്ണം കൂടി
മൺസൂൺ കാലത്ത് കൊച്ചിയിൽ സഞ്ചാരികള്‍ കുറയുകയാണ് പതിവ്. ഇക്കുറി കാലവര്‍ഷം തുടങ്ങിയ ശേഷവും കൊച്ചിയിലേക്ക് സഞ്ചാരികള്‍ വന്നുകൊണ്ടിരിക്കുന്നു. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ മാത്രമല്ല, കുമ്പളങ്ങിയിലേക്കും സഞ്ചാരികളെത്തുന്നു. തൊട്ടടുത്ത ഗ്രാമം എന്ന നിലയിലാണ് കുമ്പളങ്ങിക്ക് പരിഗണന ലഭിക്കുന്നത്. മഴ നന്നായി പെയ്ത ജൂലായിലെ ആദ്യ ദിവസങ്ങളിലും കൊച്ചിക്ക് വേണ്ടത്ര സഞ്ചാരികളുണ്ടായിരുന്നു. വിദേശത്തു നിന്ന് മാത്രമല്ല, വടക്കേ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളും മഴ കണക്കാക്കാതെ കൊച്ചിയിലേക്ക് എത്തുകയാണ്.
ഫ്രാന്‍സില്‍ നിന്നുള്ള സഞ്ചാരികളാണ് കുറച്ച് ദിവസമായി കൊച്ചിയിലുള്ളത്. ഫ്രാന്‍സില്‍ ഇപ്പോള്‍ അവധിക്കാലമാണ്. അവര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ എത്താനും താമസിക്കാനുമൊക്കെ കഴിയുന്ന ഇടം എന്ന നിലയിലാണ് അവര്‍ കേരളവും കൊച്ചിയുമൊക്കെ തിരഞ്ഞെടുക്കുന്നതെന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
വടക്കേ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളും ധാരാളമായി കൊച്ചിയിലേക്ക് വരുന്നുണ്ട്. കൊറോണക്കാലം കഴിഞ്ഞതോടെ വിനോദസഞ്ചാര മേഖലയിലുണ്ടായ മാറ്റമാണിത്. വിദേശ യാത്രക്കാര്‍ കുറയുകയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുകയും ചെയ്തു. സഞ്ചാരപ്രിയര്‍ക്ക് രാജ്യം വിട്ടുപോകാനാവാത്ത സാഹചര്യമുണ്ടായതോടെയാണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ കൊച്ചിയിലേക്കും മറ്റും വന്നുതുടങ്ങിയത്.
മുന്‍പ് കേരളത്തിലെത്തുന്ന വടക്കേ ഇന്ത്യക്കാര്‍ പ്രധാനമായും ആലപ്പുഴയിലേക്കും കുമരകത്തേക്കുമാണ് പോയിരുന്നത്. വിദേശ സഞ്ചാരികളാണ് കൊച്ചിക്ക് മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍, കുറച്ചു കാലമായി വടക്കേ ഇന്ത്യന്‍ സഞ്ചാരികള്‍ക്കായുള്ള പാക്കേജുകളില്‍ ആലപ്പുഴ, കുമരകം എന്നിവയ്ക്കൊപ്പം കൊച്ചിയെ കൂടി ചേര്‍ക്കുന്നുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഇതിന് മുന്‍കൈ എടുക്കുന്നത്.
ജൂണിലും ജൂലായിലുമൊക്കെ സഞ്ചാരികളെത്തുന്നത് ഫോര്‍ട്ട്‌കൊച്ചിക്ക് വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. ഹോം സ്റ്റേകളിലൊക്കെ അതിഥികളുണ്ട്. ഹോട്ടലുകാര്‍ക്കും ഭക്ഷണശാലകള്‍ നടത്തുന്നവര്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ക്കുമൊക്കെ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.