പൊലീസ് സമഗ്രമായി അന്വേഷിക്കുന്നു; തികച്ചും ദുരൂഹമായ സംഭവം: എൻ.കെ.പ്രേമചന്ദ്രൻ

 
police

ഓയൂരിൽ  ആറു വയസ്സുകാരിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് സമഗ്രമായി അന്വേഷണം നടത്തുന്നുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത തുടരുകയാണ്.  എന്താണ് സംഭവിച്ചതെന്ന് വ്യക്തമായ അഭിപ്രായം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘പൊലീസിന്റെ ഭാഗത്തുനിന്ന് നല്ലരൂപത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയുടെ മാതാപിതാക്കളോടും സഹോദരനോടും സംസാരിച്ചിരുന്നു. മാതാപിതാക്കളോട് സംസാരിച്ചതിൽ നിന്ന് അവർക്ക് ശത്രുക്കൾ ഉള്ളതായി അറിവില്ലെന്നാണ് മനസ്സിലാകുന്നത്. തികച്ചും ദുരൂഹമായ സംഭവമാണുണ്ടായത്. ആദ്യം ആവശ്യപ്പെട്ട അഞ്ചുലക്ഷം നൽകാമെന്ന് പറഞ്ഞപ്പോൾ 10 ലക്ഷം അവർ ആവശ്യപ്പെട്ടു. 

പൊലീസ് സമഗ്രതലത്തിലുള്ള അന്വേഷണം നടത്തുകയാണ്. ഇപ്പോൾ എന്തെങ്കിലും പ്രതികരിക്കുന്നത് ശരിയല്ല. കുട്ടിയെ കണ്ടെത്തുംവരെ ഊഹാപോഹം പാടില്ല. കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. സൈബർ സെൽ അടക്കം ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നത്. കുട്ടിയെ വളരെവേഗം കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ട്.’’–എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. സംസ്ഥാനമൊട്ടാകെ സംശയം തോന്നുന്നവാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.  ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു ആറു വയസ്സുകാരിയായ അബിഗേൽ സാറയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകളാണ് അബിഗേൽ സാറ. തിങ്കളാഴ്ച വൈകിട്ടു നാലുമണിയോടെ സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണ് സംഭവം. അബിഗേൽ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നു സഹോദരൻ അറിയിച്ചതോടെ കുടുംബം പൊലീസിൽ  ഫോൺ വിളിച്ച്  വിവരം അറിയിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു