പ്രശ്നം കനക്കുന്നു; സുധാകരനെതിരെ നിലപാടിലുറച്ച് എംപിമാർ, ഖർഗെയെ കണ്ട് പരാതി അറിയിക്കും

 
congress

താക്കീത് ചെയ്ത കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ നിലപാട് കടുപ്പിച്ച് എം.പിമാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതി നൽകും. വൈകിട്ട് പാർലമെന്‍റിലാണ് യോഗം. അതേസമയം തർക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എ.ഐ.സി.സി നേതൃത്വം. പരാതി ഉന്നയിച്ച എം.പിമാരെയും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെയും കെ.സി വേണുഗോപാൽ ചർച്ചയ്ക്ക് വിളിപ്പിച്ചു. ഇനി മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ ആവർത്തിച്ചു.

ഇന്നലെ കെസി വേണുഗോപാലിനെ കണ്ട ഏഴ് എംപിമാരും കെ സുധാകരനെതിരെ കടുത്ത വിമർശനവും പരാതിയും ഉന്നയിച്ചിരുന്നു. സംഘടനാ സംവിധാനം തകർന്നു. കീഴ് വഴക്കം ലംഘിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി എ.ഐ.സി.സി അംഗങ്ങളെ അപമാനിച്ചുവെന്നാണ് പ്രധാന പരാതി. അറ്റാച്ച്ഡ് സെക്രട്ടറി എന്ന പേരിൽ ഒരാളെ നിയമിച്ച് സുധാകരൻ മാറിനിൽക്കുകയാണെന്ന പരാതിയും എം.പിമാർ ഉയർത്തിയിരുന്നു. പരാതികൾ പരിഹരിക്കാമെന്ന് കെ.സി വേണുഗോപാൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ചർച്ച നടക്കുന്നത്. അനുനയിപ്പിക്കാൻ നീക്കം നടക്കുമ്പോൾ നിലപാടിൽ മാറ്റമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോൾ അതിൽ പ്രതികരിക്കാതെ നേതാക്കൾ പാർട്ടിയിൽ കലഹിച്ച് നിൽക്കുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്ത് പ്രശ്നം പരിഹരിക്കണമെന്നായിരുന്നു നേതൃത്വത്തിന്‍റെ നിലപാട്. എന്നാൽ ഇത് കൂടുതൽ ഗുരുതരമാകുന്നതായി കണ്ടതോടെയാണ് ഡൽഹിയിൽ ചർച്ചയ്ക്ക് കളമൊരുങ്ങിയത്. പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം മുന്നോട്ട് പോകാൻ നേതൃത്വം കെ സുധാകരന് നിർദ്ദേശം നൽകും. എം.പിമാരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി അച്ചടക്ക നടപടിയും ഉണ്ടായേക്കില്ല.