സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയത് സുപ്രീംകോടതിയുടെ നിര്‍ദേശമുള്ളതിനാൽ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

 
Ramesh Chennithala

എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയത് സുപ്രീംകോടതിയുടെ നിര്‍ദേശമുള്ളത് കൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസിന്റെ പേരില്‍ നിരന്തരമായ കോടതിയലക്ഷ്യ കേസ് വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പൊലീസ് പന്തല്‍ പൊളിച്ചുനീക്കിയത്. സെക്രട്ടേറിയറ്റ് പടിക്കല്‍ പന്തലുകെട്ടി സമരം ചെയ്യുന്നതിന് എതിരല്ല. ലോകത്ത് എല്ലായിടത്തും ഇത്തരം സമരങ്ങള്‍ നടക്കുന്നുണ്ട്. വൈറ്റ്ഹൗസിന് മുന്നില്‍ വരെ കുടിലുകെട്ടി സമരം ചെയ്യുന്നു. ലോകത്ത് ഇതൊക്കെ സാധാരണമാണ്‌. സുപ്രീകോടതി പറഞ്ഞതുകൊണ്ട് പൊലീസിനുണ്ടാകുന്ന ബുദ്ധിമുട്ടാണിതെല്ലാം. സമരത്തിനോട് ഗവണ്‍മെന്റിന് ഒരു അലര്‍ജിയുമില്ല. സമരങ്ങള്‍ ചെയ്യുന്നതിനോട് എതിര്‍പ്പുമില്ല. എല്ലാ ആവശ്യങ്ങളും ഒന്നിച്ച് നടപ്പാക്കാനാവില്ലെന്ന് സമരം ചെയ്യുന്നവര്‍ മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

നിരാഹാരമിരുന്ന വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയത് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ്‌. ഉദ്യോഗാര്‍ത്ഥികളുടെ അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണം അംഗീകരിച്ചു. എല്ലാ ആവശ്യങ്ങളും അംഗീകരിച്ച ശേഷം സമരം പിന്‍വലിക്കാനും ഒത്തുതീര്‍പ്പാക്കാനും കഴിയുമോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അതുകൊണ്ട് സമരം അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കാന്‍ സമരക്കാര്‍ മുന്നോട്ടുവരണം. 

മന്ത്രിസഭയ്ക്കുള്ളില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും എനിക്കൊപ്പം കഴിഞ്ഞ ദിവസം വളരെ നേരമുണ്ടായിരുന്നു. ഗവണ്‍മെന്റിലോ പാര്‍ട്ടിയിലോ അത്തരം അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. യാതൊരുതരത്തിലുമുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പാര്‍ട്ടിയ്ക്ക് അകത്തോ ഗവണ്‍മെന്റിലോ ഇല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

യു.ഡി.എഫിലും സര്‍ക്കാരിലും ഒരു പ്രശ്‌നവുമില്ല. കാര്യങ്ങള്‍ പരിഹരിച്ച് പോകാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്. ചിലകാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസിക്കേണ്ട. യു.ഡി.എഫില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.