പി.എസ്.സി ചെയർമാൻ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ച് എസ്.ഐ.ടി

 
PSC

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തിരുവന്തപുരം വിജിലൻസ് കോടതിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് എസ്.ഐ.ടി സമർപ്പിച്ചത്. ഇക്കാര്യം പി.എസ്.സിയുടെ ഹരജി പരിഗണിക്കുന്ന ഹൈകോടതി സിംഗിൾ ബഞ്ചിനെയും അറിയിക്കും. ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹവജരാകണമെന്നാവശ്യപ്പെട്ട് തുടർച്ചയായി രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും എം.ആർ.ബൈജു ഹാജരായിരുന്നില്ല. ഹൈകോടതിയിൽ നിലവിലുള്ള കേസിന്‍റെ വിധിവന്ന ശേഷം ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ബൈജു എസ്.ഐ.ടിക്ക് മറുപടി നൽകിയത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന ഹൈകോടതി നിർദ്ദേശം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള നോട്ടീസാണ് ചെയർമാൻ തള്ളിയത്.


നേരത്തെ കേസ് പരിഗണിച്ച ഹൈകോടതി അന്വേഷണത്തോട് സഹകരിക്കാത്ത പി.എസ്.സിയേയും അന്വേഷണം ഇഴയുന്നതിന് എസ്.ഐ.ടിയേയും വിമർശിച്ചിരുന്നു. അതിന് പിന്നാലെ പി.എസ്.സി അംഗങ്ങളും സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥരും എസ്.ഐ.ടി മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു. ഒരുതവണ ചെയർമാൻ എം.ആർ. ബൈജുവും ഹാജരാകുകയും ആറ് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പരീക്ഷാക്രമക്കേടിൽ അറസ്റ്റിലായ പി.എസ്.സി ഉദ്യോഗസ്ഥരായ ആർ. ഹരി, പി. സതീഷ് എന്നിവരുടേയും പി.എസ്.സി അധികൃതരുടേയും മൊഴികളിൽ ഭൂരിഭാഗവും ചെയർമാന് എതിരായിരുന്നു. ആ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെയർമാന് എസ്.ഐ.ടി നോട്ടീസ് നൽകിയത്. എന്നാൽ ചെയർമാൻ ബൈജു ഹാജരായതുമില്ല.