ആ ചിരി മാഞ്ഞു

ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയo
 
obit

നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. നാളെ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു

അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഭാര്യ: ആലിസ്, മകൻ: സോണറ്റ്. മലയാളത്തിന്റെ ഹാസ്യ നായകന്മാരിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750-ലധികം സിനിമകളിൽ അഭിനയിച്ചു.

'നൃത്തശാല' എന്ന സിനിമയിലൂടെ ആരംഭിച്ച താരം ഹാസ്യ വേഷങ്ങളിലും പിന്നീട് 'മഴവിൽക്കാവടി', 'പൊൻമുട്ടയിടുന്ന തറവ്', 'ഗാനമേള' തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും ശ്രദ്ധേയനായി. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇന്നസെന്റിനെ തേടിയെത്തി. അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയിൽ പാർലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇന്നസെന്റ് വിജയിച്ചു. 2003 മുതൽ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഓർമ്മകളെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം . 


കാലത്തു 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും  ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിൽ പൊതു ദർശനത്തിനു വെക്കുന്നതും 5 മണിക്ക് സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തുന്നതും ആയിരിക്കും

ഇന്നസെന്റിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്. 

ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. 

എക്കാലവും  ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. 

നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു. 

ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു. 

നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

ശ്രീ ഇന്നസെന്റിന്റെ വിയോഗത്തെപ്പറ്റി ബഹു. മന്ത്രി ഡോ. ആർ ബിന്ദു


നടനും മുൻ എംപിയും ഇരിങ്ങാലക്കുടയുടെ സ്വന്തം പുത്രനുമായ പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായിരിക്കുന്നു. അർബുദബാധിതനായി ഏറെനാളായി തുടരുന്ന ചികിത്സക്കിടെയാണ് അന്ത്യം.

നടനേക്കാൾ സ്വന്തം നാട്ടുകാരൻ എന്ന നിലയിലും അച്ഛന്റെയും അച്ഛന്റെ സഹോദരിയുടെയും ശിഷ്യനെന്ന നിലയിലും ചെറുപ്പം തൊട്ടേയുള്ള അടുപ്പം ഏറ്റവും സ്നേഹത്തോടെ ഓർക്കുന്നു. അച്ഛനോടും അച്ഛന്റെ സഹോദരിയോടുമുള്ള ബഹുമാനം   എപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങളിലും കണ്ടുമുട്ടലുകളിലും നിറഞ്ഞിരുന്നു.

അരനൂറ്റാണ്ടു കാലം ചലച്ചിത്രാസ്വാദകരുടെ ഹൃദയം നിറച്ച് നമ്മോടൊപ്പം ഇന്നസെന്റുണ്ടായി. സിനിമയിലെന്നപോലെ നേർജീവിതത്തിലും സൂക്ഷിച്ച നർമ്മമായിരുന്നു ഇന്നസെന്റിന്റെ വ്യതിരിക്തത. 

നിർമ്മാതാവായി സിനിമയിൽ രംഗപ്രവേശം ചെയ്ത് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി വരെ അദ്ദേഹം വഹിച്ചു. 1972-ൽ നൃത്തശാല എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി, ഹാസ്യനടനും സ്വഭാവനടനുമായി മുഖ്യശ്രദ്ധയിലേക്ക് ഉയർന്നപ്പോഴും സവിശേഷമായ ശരീരഭാഷയും നർമ്മോക്തി കലർന്ന അംഗവിക്ഷേപങ്ങളും ഗ്രാമ്യഭാഷയിലുള്ള സംഭാഷണങ്ങളും സ്വതസിദ്ധതയോടെ ഇന്നസെന്റ് നിലനിർത്തി. 

കുഞ്ഞുങ്ങൾ തൊട്ട് പ്രായമായവരുടെ വരെ ഇഷ്ടഭാജനമായിരുന്നു ഇന്നസെന്റ്. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്, 2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി ഇന്നസെന്റിന് അംഗീകാരങ്ങളുടെ നിറവേകാൻ നമുക്ക് സാധിച്ചു. 

നടനെന്നതിനൊപ്പം തന്നെ മികച്ച രാഷ്ട്രീയപ്രവർത്തകൻ കൂടിയായി ഇന്നസെന്റ് നമുക്കുമുന്നിൽ സ്വയം തെളിയിച്ചു. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി പാർലമെന്റിലും തിളങ്ങി. എംപി എന്ന നിലയിൽ സുസ്ഥിരമായ വികസനം മണ്ഡലത്തിന് ഇന്നസെന്റ് സമ്മാനിച്ചു. അഭൂതപൂർവ്വമായ വികസനപ്രവര്‍ത്തനങ്ങളാണ് ഇന്നസെന്റ് ജനപ്രതിനിധിയെന്ന നിലയ്ക്ക് നടപ്പാക്കിയത്. 

മലയാളികൾക്കും സിനിമാപ്രേമികൾക്കും ഇന്നസെന്റിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്. വിടപറഞ്ഞെങ്കിലും ഇന്നസെന്റിന്റെ നർമ്മവും ചിരിയും അഭിനയമുഹൂർത്തങ്ങളും എന്നും മലയാളികളുടെ മനസ്സിൽ  മായാതെ നിൽക്കും.

ഇരിങ്ങാലക്കുടയുടെ മുഖംതന്നെ ആയിരുന്നു ഇന്നസെന്റ്. ഇരിങ്ങാലക്കുടയുടെ സാംസ്കാരികരംഗത്തും സജീവമായി നിറഞ്ഞുനിൽക്കാൻ എപ്പോഴും ഇന്നസെന്റ് സമയം കണ്ടെത്തിയത് ഏറ്റവും സ്നേഹ ബഹുമാനങ്ങളോടെ എന്നുമോർക്കും.