കേരളത്തിലെ കുടിവെള്ള വിതരണരംഗത്ത് അദ്ഭുതകരമായ മാറ്റം ഉണ്ടാക്കേണ്ട ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കി

5 വര്‍ഷം കൊണ്ട് നാലിലൊന്ന് തുക പോലും ചെലവഴിച്ചില്ല; പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല, ശുദ്ധവായു; 3 വര്‍ഷമായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന റോഡുകള്‍ ആര് നന്നാക്കും?
 
 
V D

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഭാരത് നിര്‍മ്മാണിന്റെ ഭാഗമായി നടപ്പാക്കിയ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ തുടര്‍ച്ചയാണ് ജലജീവന്‍ പദ്ധതി. അത്തരമൊരു വലിയ പദ്ധതി കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും രൂക്ഷമായ ധനപ്രതിസന്ധിയും കൊണ്ട് ഇല്ലാതാക്കിയത് പൊതുസമക്ഷത്തില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് അനൂപ് ജേക്കബ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 

44715 കോടി രൂപയുടെ ജലജീവന്‍ പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. 2024 മാര്‍ച്ചില്‍ പദ്ധതിയുടെ കാലാവധി പൂര്‍ത്തിയായി. 44715 കോടി രൂപയുടെ പദ്ധതി 5 വര്‍ഷം പൂര്‍ത്തിയായപ്പോള്‍, 9410 കോടി മാത്രമാണ് രണ്ട് സര്‍ക്കാരുകളും കൂടി ചെലവഴിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 44715 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി 54 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുക്കേണ്ട പദ്ധതിയില്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ നാലിലൊന്നു പോലും ചെലവാക്കിയിട്ടില്ല. 9410 കോടിയില്‍ സംസ്ഥാനവിഹിതമായ 4748 കോടി മാത്രമാണ് ചെലവാക്കിയത്. 2024-25 ല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത് 1949 കോടിയാണ്. അതിന് തത്തുല്യമായ തുക സംസ്ഥാന സര്‍ക്കാര്‍ വയ്ക്കണം. പക്ഷെ സംസ്ഥാന ബജറ്റില്‍ 550 കോടി മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. ഇത് എന്ത് ബജറ്റ് മാനേജ്‌മെന്റാണ്? വലിയ ധനപ്രതിസന്ധിയുള്ള സംസ്ഥാനത്താണ് ഇത്തരം വിഷയങ്ങളുണ്ടാകുന്നത്. 

സര്‍വെയും എസ്റ്റിമേറ്റും തയാറാക്കാതെയാണ് സംസ്ഥാന സര്‍ക്കാരും വാട്ടര്‍ അതേറിട്ടിയും ഇത്രയും വലിയൊരു പദ്ധതി സമര്‍പ്പിച്ചത്. പ്രായോഗികമായ പദ്ധതിയാക്കി മാറ്റാനുള്ള ഒരു മുന്നൊരുക്കങ്ങളും നടത്താതെ ഗൂഗിള്‍ മാപ്പിങ് മാത്രം നടത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ കുടിവെള്ള വിതരണരംഗത്ത് അദ്ഭുതകരമായ മാറ്റം ഉണ്ടാക്കേണ്ട പദ്ധതിയാണ് തട്ടിക്കൂട്ട് പദ്ധതിയാക്കി മാറ്റിയത്. വെറുതെ പൈപ്പിടല്‍ മാത്രമല്ല ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വെള്ളം ഇല്ലാതെ വീടുകളിലേക്ക് പൈപ്പ് ഇടുന്നതിലൂടെ എന്ത് ഗുണമാണ് ലഭിക്കുന്നത്? ജല സ്രോതസും ശുദ്ധീകരണശാലകളും പമ്പിങും ടാങ്കുകളും ഇല്ലാതെയാണ് 20 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുത്തിട്ടുണ്ടെന്ന് പറയുന്നത്. വെള്ളം ഇല്ലാതെ കണക്ഷന്‍ കൊടുത്താല്‍ പൈപ്പിലൂടെ ശുദ്ധജലമല്ല, ശുദ്ധവായുവാണ് വരുന്നത്. ജലസ്രോതസ് ഇല്ലാതെ 54 ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കിയാലും എവിടെ നിന്നാണ് വെള്ളം കിട്ടുന്നത്? കണക്ഷന്‍ കൊടുക്കുന്തോറും നിലവിലുള്ള കണക്ഷനുകളില്‍ പോലും വെള്ളം കിട്ടാത്ത ഗുരുതര പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകും.

9000 കോടി ചെലവാക്കിയപ്പോള്‍ കരാര്‍ കുടിശിക 3281 കോടിയാണ്. മന്ത്രിക്ക് നോട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് നല്ല നമസ്‌ക്കാരം കൊടുക്കണം. 3281 കോടി മൊത്തം പ്രോജക്ടിന്റെ 9 ശതമാനം മാത്രമാണെന്നാണ് മന്ത്രിക്ക് എഴുതിക്കൊടുത്തിരിക്കുന്നത്. നാലിലൊന്നു പോലും ചെലവഴിക്കാത്തപ്പോഴാണ് 9 ശതമാനം കുടിശിക വന്നത്. അപ്പോള്‍ മുഴുവന്‍ പദ്ധതി തുകയും ചേര്‍ക്കുമ്പോള്‍ 35 ശതമാനത്തോളമാണ് കരാര്‍ കുടിശിക. ജല സ്രോതസ് കണ്ടെത്തുന്നത് ഉള്‍പ്പെടെ പദ്ധതിയുടെ 80 ശതമാനത്തോളം പ്രധാനഭാഗങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. പദ്ധതി പൂര്‍ത്തിയാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പതിനയ്യായിരം കോടി നല്‍കണം. രണ്ടു വര്‍ഷം കൊണ്ടാണ് തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ വര്‍ഷം മാത്രം 7500 കോടി നല്‍കണം. എന്നിട്ടാണ് 550 കോടി ബജറ്റില്‍ നീക്കി വച്ചത്. എന്ത് യുക്തിയും സാമ്പത്തിക മാനേജ്‌മെന്റുമാണിത്? യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കിയാല്‍ മാത്രമെ കേന്ദ്രത്തില്‍ നിന്നും മാച്ചിങ് ഗ്രാന്റ് ലഭിക്കൂ. പൂര്‍ത്തിയാകാത്ത പദ്ധതിക്ക് കൃത്യമായി പ്രോജക്ട് റിപ്പോര്‍ട്ടും നല്‍കാന്‍ പറ്റുമോ? 

55000 കിലോ മീറ്റര്‍ റോഡ് നന്നാക്കാനുണ്ടെന്നാണ് മന്ത്രി സമ്മതിക്കുന്നത്. നിരന്തരമായി യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരമൊന്നുമില്ല. തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ട് കൊണ്ട് റോഡുകള്‍ നന്നാക്കുമെന്നാണ് ജലവിഭവ മന്ത്രി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം ഗഡു പ്ലാന്‍ ഫണ്ട് മാത്രമാണ് നല്‍കിയത്. രണ്ടും മൂന്നും ഗഡുക്കള്‍ നല്‍കിയിട്ടില്ല. ആ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണോ ജലജീവന്‍ പദ്ധതിക്ക് വേണ്ടി കുത്തിപ്പൊളിച്ച റോഡുകള്‍ പഞ്ചായത്തുകള്‍ നന്നാക്കേണ്ടത്. ഇത് പ്രായോഗികമല്ല. നാട്ടിലെ റോഡ് കുഴിച്ച് പൈപ്പ് ഇടാന്‍ പോകുമ്പോള്‍ റോഡ് റിപ്പയര്‍ ചെയ്യാനുള്ള കമ്പോണന്റ് ഇല്ലെങ്കില്‍ പിന്നെ അത് എന്ത് പ്രൊജക്ടാണ്. മൂന്ന് കൊല്ലം മുന്‍പ് റോഡ് കുഴിച്ചതിന്റെ പണം ഇനി വേണമെങ്കില്‍ തരാമെന്നാണ് മന്ത്രി പറയുന്നത്. കേരളം മുഴുവന്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇത്രയും പൈപ്പും കണക്ഷനും കിട്ടിയിട്ടും സ്രോതസോ പദ്ധതികളോ ഇല്ലാത്തതിനാല്‍ വെള്ളമില്ല. നിലവിലുള്ള പദ്ധതികളില്‍ നിന്നു തന്നെയാണ് കണക്ഷന്‍ നല്‍കിയിരിക്കുന്നത്. നിലവിലുള്ള പ്രോജക്ടുകളില്‍ നിന്ന് തന്നെ വെള്ളമെടുത്ത് കേരളത്തിലെ ശുദ്ധജല വിതരണ സംവിധാനം മുഴുവന്‍ അപകടകരമായ നിലയിലേക്ക് പാളിപ്പോകുന്നതില്‍ സര്‍ക്കാരിന് മറുപടിയോ പരിഹാരമോ ഇല്ല.