രാഹുൽ ഗാന്ധിയുടേയും പിണറായി വിജയന്റെയും പ്രസ്താവനകൾ കേരളത്തിലും ഇണ്ടി സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണം: കെ.സുരേന്ദ്രൻ

 
bjp
ഇടതുപക്ഷം എന്റെ കുടുംബത്തെ പോലെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും കേരളത്തിൽ ബിജെപിയെ ജയിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയും കേരളത്തിലും ഇണ്ടി സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാളയാറിന് അപ്പുറമുള്ള സഖ്യം കേരളത്തിലും വേണമെന്ന് പരസ്യമായി പറഞ്ഞ രണ്ട് നേതാക്കളും പരസ്പരം സൗഹൃദ മത്സരം നടത്തി എന്തിനാണ് നാട്ടുകാരെ കബളിപ്പിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം വോട്ടർമാരെ സമീപിക്കാൻ പോലും കഴിയാതെ ഇടതു സ്ഥാനാർത്ഥികൾ കുഴങ്ങുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തിരിക്കുകയാണ്. കോൺഗ്രസാണെങ്കിൽ 40 സീറ്റ് പോലും കിട്ടാത്ത ദയനീയ അവസ്ഥയിലാണ്. ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് ഉറപ്പായ കോൺഗ്രസിനും തകരുന്ന സിപിഎമ്മിനും പരസ്പരം കൈകോർക്കുകയല്ലാതെ മറ്റ് മാർഗമില്ല. കാതലായ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് വടകരയിലെ സൈബർ പോര് ഇരുകൂട്ടരും ഉയർത്തി കാണിക്കുന്നത്. കേരളത്തിലെ 20 എംപിമാരും വലിയ പരാജയമായിരുന്നു. സംസ്ഥാന സർക്കാരിലെ മന്ത്രിമാരും ജനങ്ങളെ ദ്രോഹിക്കുകയാണ്. എന്നാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ രണ്ട് മുന്നണികളും ആഗ്രഹിക്കുന്നില്ല. കരുവന്നൂരിലെ ഇരകൾക്ക് നീതി ലഭിക്കാതിരിക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.