മൂന്നുപേരും ജീവനൊടുക്കിയത് ദുര്‍മന്ത്രവാദത്തിന് ശേഷം, മുറിയില്‍ ഒരു പ്ലേറ്റില്‍ മുടിയും കറുത്ത വളകളും

 
poster

അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതികളയും അവരുടെ സുഹൃത്തായ അധ്യാപികയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം തന്നെയാണ് എന്നാണ് അരുണാചല്‍ പ്രദേശ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം നടത്താന്‍ കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും അരുണാചല്‍ പൊലീസ് പറയുന്നു.

വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി.നായര്‍, ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ്, ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി എന്നിവരായിരുന്നു ജീവനൊടുക്കിയത്.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് മൂന്നുപേരും കഴിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി എസ്പി പറഞ്ഞു. മുറിയില്‍നിന്നു മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പ്ലേറ്റില്‍ മുടി, കറുത്ത വളകള്‍, മൂന്നു പേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പും എന്നിവയും കണ്ടെടുത്തു. ഇതില്‍ ബന്ധുക്കളെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും എഴുതിയിരുന്നതായി എസ് പി വ്യക്തമാക്കി.

സ്ത്രീകളുടെ വലതുകൈയും പുരുഷന്റെ ഇടതുകൈയും മുറിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ദേവിയുടെ കഴുത്തിലും മുറിവുണ്ട്. ബ്ലേഡുകളും മുറിയില്‍ നിന്നു കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു. ആദ്യ രണ്ടു ദിവസത്തേക്ക് മുറിയെടുത്ത ഇവര്‍ പിന്നീട് കൂടുതല്‍ ദിവസങ്ങളിലേക്ക് മുറി നീട്ടിയെടുക്കുകായിരുന്നു.

മുറിയിലെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനും രക്തം വാര്‍ന്ന് പുറത്തുപോകാതിരിക്കാനും വാതിലിനടിയില്‍ തുണി വച്ച് അടച്ചിരുന്നതായി എസ് പി പറഞ്ഞു. സ്ത്രീകളെ മുറിവേല്‍പ്പിച്ചു കൊലപ്പെടുത്തിയ ശേഷം നവീന്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ആത്മഹത്യാ കുറിപ്പില്‍ മൂന്നു പേരും ഒപ്പിട്ടിട്ടുണ്ട്. തങ്ങള്‍ക്ക് കടബാധ്യതകളില്ലെന്നും മരണത്തിന് മറ്റു ഉത്തരവാദികള്‍ ഇല്ലെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.