വന്ദേഭാരതിന്റെ സമയം പരിഷ്കരിക്കണം; ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്

 
train

കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത്‌ സർവീസുകളും ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയത്ത് ഓടിയെത്തുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ഇതുമൂലം വന്ദേഭാരത് കടന്നുപോകാൻ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിന്റെ ദൈർഘ്യവും കൂടുകയാണ്. ആലപ്പുഴ വഴിയുള്ള വന്ദേഭാരത്‌  ഓടിതുടങ്ങിയ നാൾ മുതൽ കൃത്യസമയം പാലിച്ചിട്ടില്ല. 20631 കാസറഗോഡ് - തിരുവനന്തപുരം വന്ദേഭാരത് കൊല്ലം സ്റ്റേഷനിൽ എത്തിയത് 23 മിനിറ്റ് വൈകിയാണ്.  20634 തിരുവനന്തപുരം - കാസറഗോഡ് വന്ദേഭാരതിന്റെ പുതുക്കിയ സമയക്രമത്തിലെ ആദ്യയാത്രയായിരുന്ന ഇന്നലെ കൊല്ലം ജംഗ്ഷനിൽ എത്തിയപ്പോൾ തന്നെ 4 മിനിറ്റ് വൈകിയിരുന്നു. കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോൾ 10 മിനിറ്റ് ലേറ്റ് രേഖപ്പെടുത്തി. എന്നാൽ  വന്ദേഭാരതിന്റെ സമയം മാറ്റുന്നതിന് തടസമില്ലെന്ന് 05.20 ൽ നിന്ന് 05.15 എന്ന് മാറ്റി ഷെഡ്യൂൾ ചെയ്തതിലൂടെ റെയിൽവേ തെളിയിച്ചിരിക്കുകയാണ്. പക്ഷേ സ്ഥിരയാത്രക്കാരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാൻ ചെറിയ മാറ്റങ്ങൾക്ക് പോലും  തയ്യാറാകാത്തതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. .


വന്ദേഭാരത് മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ചെറിയ ചില ക്രമീകരണങ്ങളിലൂടെ  നിലവിലെ പ്രതിസന്ധി നീക്കാമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. വന്ദേഭാരത്‌ മൂലം ദുരിതം അനുഭവിക്കുന്ന തീരദേശ പാതയിലെ യാത്രക്കാർ ചേർത്തലയിൽ സംഘടിക്കുകയും ഒക്ടോബർ 20 ന് എല്ലാ സ്റ്റേഷനിൽ നിന്ന് പ്രതിഷേധ സൂചകമായി ബാഡ്ജുകൾ ധരിച്ച് യാത്ര ചെയ്യുകയും എറണാകുളം ജംഗ്ഷനിൽ സമ്മേളിക്കുകയും ചെയ്തിരുന്നു. ഉപജീവനമാർഗ്ഗം തേടി ദിവസവും ജില്ലകൾ താണ്ടിയാത്രചെയ്യുന്ന സാധാരണക്കാരുടെ യാത്രാപ്രശ്നങ്ങളിൽ പരിഹാരം കാണാത്തപക്ഷം തുടർ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.


പഴയ വേണാടിന്റെ സമയത്താണ് ഇപ്പോൾ വന്ദേഭാരത്‌ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. വന്ദേഭാരത്‌ വന്നത് മൂലം 10 മിനിറ്റ് വൈകി പുറപ്പെടുന്ന  വേണാട് കോട്ടയം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ മിക്ക ദിവസവും അരമണിക്കൂറോളം വൈകിയാണ് എത്തിച്ചേരുന്നത്. വന്ദേഭാരത് പുലർച്ചെ 05.00 നും വേണാട് 05.15 നും പുറപ്പെട്ടാൽ രണ്ട് സർവീസുകളും കൃത്യസമയം പാലിക്കുന്നതാണ്. അതോടൊപ്പം പാലരുവിയുടെ സമയം കൊല്ലം ജംഗ്ഷനിൽ നിന്ന് 05 05 ന് പുറപ്പെടുന്ന വിധം ക്രമീകരിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു. നിലവിൽ വളരെ നേരത്തെ വീടുകളിൽ നിന്ന് പുറപ്പെട്ട് മുളന്തുരുത്തി സ്റ്റേഷനിലെത്തി മുപ്പതുമിനിറ്റോളം വിബി കടന്നുപോകാൻ  തിങ്ങി നിറഞ്ഞ കോച്ചുകളിൽ    യാത്രക്കാർ ശ്വാസം മുട്ടിനിൽക്കുകയാണ്. വന്ദേഭാരതിന്റെ സമയം നേരത്തെയാക്കിയാൽ പാലരുവി പഴയപോലെ വൈകി പുറപ്പെടുകയും ചിങ്ങവനം സ്റ്റേഷനിൽ ക്രോസിംഗ് നൽകുകയും ചെയ്യാം. 05.00 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വി ബിയ്‌ക്ക് 07.20 ന് കോട്ടയം കടന്നുപോകാനും മറ്റു പ്രതിസന്ധികൾ ഒന്നുമില്ലാതെ 07.30 ന് പാലരുവിയ്ക്ക് കോട്ടയം സ്റ്റേഷനിൽ നിന്ന് പുറപ്പെടാനും സാധിക്കും. പാലരുവിയുടെ എറണാകുളം ടൗണിലെ സമയം ഇതോടൊപ്പം മാറ്റമില്ലാതെ നിലനിർത്താവുന്നതുമാണ്.  തൃശൂർ, മലബാർ മേഖലയിൽ വി ബിയ്‌ക്ക് വേണ്ടി നിലവിൽ പിടിക്കുന്ന സ്റ്റേഷനിൽ തന്നെ മറ്റു ട്രെയിനുകൾ പിടിച്ചാലും ഇപ്പോൾ ക്രോസ്സിംഗ് ന് എടുക്കുന്ന 30-40 മിനിറ്റിൽ കുറവ് ലഭിക്കുന്നതുമാണ്. 

വന്ദേഭാരത്‌ ലേറ്റ് ആകും തോറും അത്രയും സമയം കൂടി മറ്റു ട്രെയിനുകൾ വഴിയിൽ കാത്തുകെട്ടി കിടക്കേണ്ടി വരികയാണ്. മുൻകൂട്ടി തീരുമാനിച്ച ക്രോസിങ്ങിൽ മാറ്റം വരുത്താൻ റെയിൽവേ തയ്യാറാകാത്തതാണ് ഇതിന്റെ കാരണമായി യാത്രക്കാർ പറയുന്നത്.

ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് ഇരുദിശയിലേയ്ക്കും 25 മുതൽ 40 മിനിറ്റ് വരെ ദിവസവും വൈകിയാണ് സർവീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ 15 മിനിറ്റിൽ താഴെ ഒതുങ്ങേണ്ട കുമ്പളത്തെ ക്രോസിംഗ് 40 മിനിറ്റിന് മുകളിലേയ്ക്ക് അധീകരിക്കുകയാണ്. ശതാബ്ദിയും ഏറനാടും ഇതോടൊപ്പം ദിവസവും വൈകിയോടുകയാണ്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള വന്ദേഭാരത്‌ വൈകുന്നേരം 03.25 ന് സെൻട്രലിൽ നിന്ന് പുറപ്പെട്ട് ജംഗ്ഷനിൽ 06.00 മണിയോടെ എത്തിചേർന്നാൽ നിലവിലെ പ്രശ്നങ്ങള്ക്ക് പരിഹാരമാകുമെന്നും  റെയിൽവേ മന്ത്രിയ്‌ക്ക് ഫ്രണ്ട്‌സ് ഓൺ റെയിൽസ് നൽകിയ നിവേദനത്തിൽ സൂചിപ്പിക്കുന്നു. പ്രായോഗികമല്ലാത്ത സമയക്രമമാണ് വന്ദേഭാരതിന് വേണ്ടി റെയിൽവേ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതുപോലെ വിബിയ്‌ക്ക് ശേഷം 03.30 ന് നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സ്‌ പുറപ്പെട്ടാൽ പിടിച്ചിടൽ കൂടാതെ ഒരു മണിക്കൂർ സമയം ലാഭിക്കുകയും കൂടുതൽ ആളുകൾക്ക് സെൻട്രലിൽ നിന്ന് ട്രെയിൻ പ്രയോജനപ്പെടുത്താവുന്നതുമാണ്..


വന്ദേഭാരതിന്റെ വരവോടെ പരശുറാം എക്സ്പ്രസ്സിന് കോഴിക്കോട് സ്റ്റേഷനിൽ സമയം പാലിക്കാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പിടിച്ചിടുന്നവേളയിൽ തിങ്ങി നിറഞ്ഞ കോച്ചുകളിൽ വായുസഞ്ചാരമില്ലാതെ ആളുകൾ കുഴഞ്ഞു വീഴുകയാണ്. മാനസികമായും ശാരീരികമായും തളർന്ന നിലയിലാണ് യാത്രക്കാർ ഡെസ്റ്റിനേഷൻ പോയിന്റ്റുകളിൽ എത്തുന്നത്. 

വൈകിയോടുന്ന ട്രെയിനുകൾക്ക് ആ സമയം സ്ഥിരപ്പെടുത്തുന്ന തിരുവനന്തപുരം ഡിവിഷന്റെ പതിവ് രീതിയിലൂടെ യാത്രക്കാരുടെ പ്രശ്നങ്ങള്ക്ക് ഒരു പരിഹാരവും ലഭിക്കുന്നില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. അതിവേഗ പ്രീമിയം ട്രെയിനുകൾക്കായി മൂന്നാം പാത കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിലവിലെ സർവീസുകളെ ബാധിക്കാത്ത വിധം സമയം ഷെഡ്യൂൾ ചെയ്യാൻ എങ്കിലും ഡിവിഷൻ തയ്യാറാകണം.

ആദ്യ വിബിയ്‌ക്ക് വേണ്ടിയുള്ള നീക്കങ്ങൾ അണിയറയിൽ പുരോഗമിച്ചപ്പോൾ തന്നെ 16792  തിരുനെൽവേലി പാലരുവി എക്സ്പ്രസ്സിന്റെ തൃശൂർ, എറണാകുളം ടൗൺ  സമയം 10 മിനിറ്റ് നേരത്തെയാക്കിയിരുന്നു. ഇതുമൂലം കുറ്റിപ്പുറം ഭാഗങ്ങളിൽ നിന്ന് ബസിൽ തൃശൂരെത്തി പാലരുവിയെ ആശ്രയിക്കുന്നവർക്ക് കനത്ത പ്രഹരമാണ് നൽകിയത്. കൊല്ലം ഭാഗത്തേയ്ക്കുള്ള അവസാന അൺ റിസേർവേഡ് സർവീസായതിനാൽ പാലരുവി തൃശൂരിൽ നിന്ന്  പഴയപോലെ 05.20 നും എറണാകുളം ടൗണിൽ നിന്ന് 06.50 നും പുറപ്പെടുന്ന വിധം ക്രമീകരിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാണ്. നിലവിൽ 06.30 ന് ശേഷം പഞ്ചിങ് ഉള്ള എറണാകുളത്തെ ഐ ടി മേഖലയിലെ ജീവനക്കാർക്ക് പാലരുവി ലഭിക്കുന്നില്ല. ചങ്ങനാശ്ശേരി, തിരുവല്ല ഭാഗത്തേയ്ക്കുള്ള അവസാന സർവീസാണ് പാലരുവി എക്സ്പ്രസ്സ്‌. കാസറഗോഡ് നിന്ന് കോട്ടയം വഴിയുള്ള വന്ദേഭാരത് ഉച്ചയ്ക്ക് 02.30 ന് പകരം 03.30 ന് പുറപ്പെട്ടാൽ തിരുവനന്തപുരം വരെ ഒരു ട്രെയിനെയും പിടിച്ചിടാതെ സർവീസ് നടത്താൻ സാധിക്കുന്നതാണ്. 

പ്രായോഗിക മല്ലാത്ത സമയക്രമം അടിച്ചേൽപ്പിക്കുകയും സാഹചര്യങ്ങളെ പഠിക്കാതെ കൃത്യസമയം പാലിക്കണമെന്ന സമ്മർദ്ദം ലോക്കോ പൈലറ്റുമാരിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതിലൂടെ റെയിൽവേ  വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്.