കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളത്: കെ.സുരേന്ദ്രൻ

 
bjp

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാത്രമല്ല പ്രതിപക്ഷ നേതാക്കളും മാസപ്പടി വാങ്ങിയിരിക്കുകയാണെന്നും ബിജെപി നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്കകത്ത് ഒരു പ്രതിപക്ഷ നേതാവായി പ്രവർത്തിക്കാനുള്ള പണിയാണ് ജനങ്ങൾ സതീശനെ ഏൽപ്പിച്ചത്. എന്നാൽ സതീശൻ പിണറായി വിജയന്റെ അടിമയായി പ്രവർത്തിക്കുകയാണ്. തലമുണ്ഡനം ചെയ്ത് കാശിക്ക് പോവുന്നതാണ് സതീശന് നല്ലത്. ഇത്രയും നാണംകെട്ട പ്രതിപക്ഷത്തെ കേരളം കണ്ടിട്ടില്ല. ഷംസീറിന്റെ ഗണപതി അവഹേളനത്തിൽ മാപ്പ് പറയണമെന്ന് ആദ്യം പറഞ്ഞ വിഡി സതീശൻ 24 മണിക്കൂർ കഴിയും മുമ്പ് മലക്കം മറിഞ്ഞു. എല്ലാ അഴിമതികളും പരസ്പരം ഒത്തുതീർപ്പാക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവുമാണ് കേരളത്തിലുള്ളത്. പുനർജനി കേസ് മര്യാദയ്ക്ക് അന്വേഷിച്ചാൽ സതീശൻ അകത്താകും. അത് പിണറായി വിജയൻ ഒതുക്കിതീർത്തു. അതുകൊണ്ടാണ് പിണറായി വിജയന്റെ മകൾ മാസപ്പടി വാങ്ങിയ കേസ് സതീശൻ നിയമസഭയിൽ ഉയർത്താത്തത്. പരസ്പര സഹായ സഖ്യമാണ് കേരളത്തിലുള്ളത്. മകളുടെ പേര് പറഞ്ഞ് മാസപ്പടി വാങ്ങുന്ന മുഖ്യമന്ത്രിയും അതിന് കൂട്ട്നിന്ന് പങ്കുപറ്റുന്ന പ്രതിപക്ഷ നേതാക്കളുമുള്ള നാടായി കേരളം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.

ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളിലേക്ക് മാത്രമാണ് സിപിഎമ്മിന്റെ സൈന്റിഫ് ടെമ്പർ തിരിച്ച് വച്ചിരിക്കുന്നത്. സംഘടിത ന്യൂനപക്ഷത്തെ കുറിച്ച് അറിയാതെ ഒരുവാക്ക് പറഞ്ഞു പോയ മന്ത്രി സജി ചെറിയാന് മാപ്പ് പറയേണ്ടി വന്നു. എന്നാൽ ഗണപതി നിന്ദ നടത്തിയ സ്പീക്കർ എഎൻ ഷംസീർ ഇപ്പോഴും നിയമസഭ നിയന്ത്രിക്കുകയാണ്. പദ്മനാഭസ്വാമിയുടെ കാശും സ്വർണ്ണവുമെടുത്ത് മ്യൂസിയത്തിൽ വെക്കാനാണ് ഭരണ-പ്രതിപക്ഷങ്ങളുടെ അടുത്ത പ്ലാൻ എന്ന് കേട്ടു. അതിന് വന്നാൽ പിണറായി വിജയനും വിഡി സതീശനും ഓടുന്നിടത്ത് പുല്ലുമുളക്കില്ല. നിങ്ങൾക്ക് കച്ചവടം നടത്താനല്ല പദ്മനാഭന്റെ സ്വത്ത്. ബി നിലവറ തുറക്കാൻ നിങ്ങൾ വന്നാൽ കേരളത്തിലെ ജനങ്ങൾ നിങ്ങളെ അറബിക്കടലിൽ ചവിട്ടിതാഴ്ത്തും. ഒരു ബഹുസ്വര സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ മേൽ മാത്രം കുതിര കയറുന്നതിനെയാണ് ബിജെപി എതിർക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മാർച്ചിൽ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സി.ശിവൻകുട്ടി, വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, ജെആർ പദ്മകുമാർ, എസ്.സുരേഷ് എന്നിവർ സംസാരിച്ചു.