സിമന്‍റ്​ വ്യാപാര രംഗത്തെ പ്രശ്നങ്ങൾക്ക്​ പരിഹാരമുണ്ടാകും- മന്ത്രി ജി.ആർ. അനിൽ

 
pix
മറ്റു പല മേഖലകളിലുമെന്ന പോലെ സിമന്‍റ്​ വ്യാപാര രംഗത്തും പ്രശ്നങ്ങളും പ്രതിസന്ധിയുമുണ്ടെന്നും അത്​ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ വരുമ്പോൾ ആവശ്യമായ സഹായസഹകരണമുണ്ടാകുമെന്നും മന്ത്രി ജി.ആർ. അനിൽ. എം.ആർ.പിയേക്കാൾ കുറഞ്ഞ വിലയിൽ സിമന്‍റ്​ വിൽപന നടത്തുന്നതിലൂടെ വ്യാപാരികൾക്ക്​ ഉണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ച്​ മനസ്സിലാക്കാനായി. സിമന്‍റ്​ വ്യാപാര രംഗത്തെ പ്രശ്നങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നീരസം കാണിക്കുന്ന നിലപാടല്ല ഈ സർക്കാറിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  
കേരള സിമന്‍റ്​ ഡീലേഴ്​സ്​ അസോസിയേഷൻ (കെ.സി.ഡി.എ) തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ കുടുംബസംഗമവും ക്രിസ്മസ്​ പുതുവത്സര ആഘോഷവും ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്‍ററിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കൂട്ടായ്മകൾ രൂപവത്​ക്കരിച്ച്​ പ്രശ്നങ്ങൾക്കും പരിഹാരം കാണുക എന്നത്​ മലയാളികളുടെ പൊതുസമീപനം പ്രശംസനീയമാണ്​. സംഘടനക്ക്​ രൂപംകൊടുക്കാത്ത ഒരുമേഖലയും കേരളത്തിലില്ല. അകാലത്തിൽ മരണപ്പെടുകയോ മറ്റോ ചെയ്താൽ സഹപ്രവർത്തകരെ സഹായിക്കാൻ ഇത്തരം സംഘടനകൾക്ക് സാധിക്കുന്നത്​ വലിയ കാര്യമാണെന്നും ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. 
വി.കെ. പ്രശാന്ത്​ എം.എൽ.എ, കെ.സി.ഡി.എ സംസ്ഥാന പ്രസിഡന്‍റ്​ കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി.  
കെ.സി.ഡി.എ ജനറൽ സെക്രട്ടറി ബാലു വട്ടിയൂർക്കാവ്​, ജില്ല പ്രസിഡന്‍റ്​ ജയൻ എസ്​. ഊരമ്പ്​,  ജില്ല ട്രഷറർ കെ. ഉത്മൻ നായർ എന്നിവർ സംസാരിച്ചു. 
ഡീലേഴ്​സ്​ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക പരിപാടികളും നടന്നു. പ്രശസ്ത ടി.വി, ചലച്ചിത്രതാരം പുന്നപ്ര പ്രശാന്ത്​​ (അയ്യപ്പ ബൈജു) നയിച്ച മെഗാഷോയും അരങ്ങേറി.