തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം ഉണ്ടാകണെമന്ന് അതിന് തന്റെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകുമെന്നും എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്തെ ഡോക്ടർന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘എ പ്രിസ്ക്രിപ്ഷൻ ഫോർ ഹെൽത്ത്’ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക ആരോഗ്യ വെല്ലുവിളികളെ വേണ്ടത്ര അഭിമുഖീകരിക്കുന്നതിൽ നമ്മൾ പരാജയമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ നമ്മുടെ ആശുപത്രികളിലെ സൗകര്യങ്ങൾ. എന്നാൽ, കോവിഡ് മഹാമാരിക്ക് ശേഷം പുതിയ ആരോഗ്യപ്രതിസന്ധികളാണ് നമ്മുടെ സമൂഹം നേരിടുന്നത്. യുവജനങ്ങളിൽ വളരെ നേരത്തെ തന്നെ സംഭവിക്കുന്ന ഹൃദയാഘാതങ്ങൾ, ഡയബറ്റിക്, ജീവിതശൈലി രോഗങ്ങൾ തുടങ്ങി അനവധി പ്രശ്‍നങ്ങൾക്ക് അത്യാധുനിക ചികിത്സ സൗകര്യങ്ങൾ നമുക്ക് വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗം വളരുന്ന മേഖലയെന്ന നിലയിൽ ഹെൽത്ത് ടൂറിസത്തിൻ്റെ തിരുവനന്തപുരത്തിന്റെ സാധ്യതകൾ മനസ്സിലാക്കി പുതിയ ദിശാബോധം നൽകി ഇവിടം മികച്ചതാക്കാനുള്ള എല്ലാ പരിശ്രമവും തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ്മാൻ ഭാരത് നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ചയിൽ പങ്കെടുത്തവർ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. ആയുഷ്മാൻ ഭാരത് വിജയകരമായി നടപ്പിലാക്കുന്നത് ഇന്ത്യാ ഗവൺമെൻ്റിൻ്റെയും കേരള സർക്കാരിൻ്റെയും സഹകരണത്തോടെയുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിൽ ഫണ്ടിൻ്റെ അപര്യാപ്തത ഉയർത്തുന്ന വെല്ലുവിളികൾ ഉണ്ട്. കേന്ദ്ര സർക്കാരിനൊപ്പം തന്നെ സംസ്ഥാന സർക്കാർ നിർണായക പങ്ക് വഹിക്കണമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാണ്. പദ്ധതി നടപ്പിലാക്കുന്നതിന് നേരിടും കാലവിളംബം പരിഹരിക്കുമെന്നും പദ്ധതിയുടെ ഭാഗമായി കവറേജ് തുക വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഹെൽത്ത് ടൂറിസത്തെക്കുറിച്ചും എയിംസ് സ്ഥാപിക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഈ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു സമഗ്ര വിഷൻ പ്ലാൻ ഉണ്ടാക്കുമെന്നും. പല മേഖലയിൽ വിദഗ്ദ്ധന്മാരുമായി ചേർന്ന് ഇത്തരത്തിൽ ചർച്ചകൾ സംഘടിപ്പിച്ചു അവരുടെ ഉൾക്കാഴ്ചകൾ ഉൾപ്പെടുത്തി അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷ്, ഡോ എം കെ സി നായർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു