ഭരണഘടനാ പദവിയിലിരിക്കുന്നവർ തങ്ങളുടെ പെരുമാറ്റത്തെ ഔചിത്യം, അന്തസ്, മര്യാദ എന്നിവയുടെ ഉയർന്ന നിലവാരം ഉപയോഗിച്ച് മാതൃകയാക്കണം - ഉപരാഷ്ട്രപതി

 
speaker

ജനാധിപത്യത്തിന്റെ ശ്രീകോവിലിലുണ്ടാകുന്ന തടസങ്ങളും അസ്വസ്ഥതകളും ഒരിക്കലും രാഷ്ട്രീയ ആയുധമാക്കി മാറ്റരുതെന്ന് ഉപരാഷ്ട്രപതി.വിഭിന്നമായ കാഴ്ചപ്പാടിനോടുള്ള അസഹിഷ്ണുതയുടെ ആശങ്കജനകമായ പ്രവണത ഇല്ലാതാക്കണമെന്ന് ഉപരാഷ്ട്രപതി

പാർലമെന്ററി പരമാധികാരം അലംഘനീയമാണ്- ഉപരാഷ്ട്രപതി.ഒരുകാലത്ത് പാർലമെന്റിലെയും നിയമനിർമാണസഭകളിലെയും പ്രമുഖർ തമ്മിലുള്ള ആശയവിനിമയത്തിന്റെ മുഖമുദ്രയായിരുന്ന തമാശയും നർമവും പരിഹാസവും എവിടെയെന്ന് ആരാഞ്ഞ് ഉപരാഷ്ട്രപതിപുരോഗമനപരമായ നിയമനിർമാണങ്ങൾ നടത്തിയതിന് കേരള നിയമസഭയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി.കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങളെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

  

ജനാധിപത്യത്തിന്റെ ശ്രീകോവിലിലുണ്ടാകുന്ന തടസങ്ങളും അസ്വസ്ഥതകളും ഒരിക്കലും രാഷ്ട്രീയ ആയുധമാക്കി മാറ്റരുതെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. ഈ അസ്വാസ്ഥ്യം അടിയന്തിരമായി പരിഹരിക്കാൻ നിയമസഭാംഗങ്ങളോടും പ്രിസൈഡിങ് ഓഫീസർമാരോടും അദ്ദേഹം അഭ്യർഥിച്ചു.

ഭരണഘടനാ പദവിയിലിരിക്കുന്നവർ തങ്ങളുടെ പെരുമാറ്റത്തെ ഔചിത്യം, അന്തസ്, മര്യാദ എന്നിവയുടെ ഉയർന്ന നിലവാരം ഉപയോഗിച്ച് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള നിയമസഭാ മന്ദിരമായ നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങൾ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സങ്കീർണമായ പല പ്രശ്നങ്ങളും തടസങ്ങളില്ലാതെ കൈകാര്യം ചെയ്ത ഭരണഘടനാ നിയമനിർമാണസഭയിൽനിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് ശ്രീ ധൻഖർ നിയമസഭകളോട് ആവശ്യപ്പെട്ടു. ഫലപ്രദവും ഉൽപ്പാദനക്ഷമവുമായ നിയമനിർമാണപ്രവർത്തനമാണ് ജനാധിപത്യമൂല്യങ്ങൾ പൂവണിയുന്നതിനും സംരക്ഷിക്കുന്നതിനും എക്സിക്യൂട്ടീവിന്റെ ഉത്തരവാദിത്വം നിലനിർത്തുന്നതിനുമുള്ള ഏറ്റവും സുരക്ഷിതമായ ഉറപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. “ഭിന്നമായ വീക്ഷണത്തോടുള്ള അസഹിഷ്ണുതയുടെ ആശങ്കജനകമായ പ്രവണത” ഇല്ലാതാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ജനാധിപത്യത്തിൽ എല്ലാ പ്രശ്നങ്ങളും പക്ഷപാതപരമായ കാഴ്ചപ്പാടിലൂടെ വിലയിരുത്താൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, പക്ഷപാതപരമായ നിലപാടുകൾക്ക് അതീതമായി ഉയരാൻ ഏവരോടും അഭ്യർഥിച്ചു. "ഒരുകാലത്ത് പാർലമെന്റിലെയും നിയമസഭകളിലെയും പ്രമുഖർ തമ്മിലുള്ള ആശയവിനിമയത്തിന്റെ മുഖമുദ്രയായ വിവേകവും നർമവും പരിഹാസവും" പൊതുവ്യവഹാരങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആരാഞ്ഞു. ഇത് പുനരുജ്ജീവിപ്പിക്കണമെന്ന് അദ്ദേഹം നിയമസഭാംഗങ്ങളോട് അഭ്യർഥിച്ചു.

സഭയുടെ പരിധിക്കുള്ളിൽ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഈ സ്വാതന്ത്ര്യം ഊർജസ്വലമായ ജനാധിപത്യ പാരമ്പര്യം നിലനിർത്താൻ ആരോഗ്യകരമായ സംവാദത്തിന് വിനിയോഗിക്കണമെന്നു പറഞ്ഞ അദ്ദേഹം വിനാശകരമായ ഉദ്ദേശ്യങ്ങൾക്കല്ല  ഇതെന്നു മുന്നറിയിപ്പ് നൽകി. "സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദികളല്ല പാര്‍ലമെന്റും നിയമസഭകളും" - അദ്ദേഹം പറഞ്ഞു.

ഏതൊരു ജനാധിപത്യത്തിലും പാർലമെന്ററി പരമാധികാരം അലംഘനീയമാണെന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, "നിയമാനുസൃത വേദികളായ പാർലമെന്റിലൂടെയും നിയമനിർമാണ സഭകളിലൂടെയും പ്രതിഫലിക്കുന്ന ജനങ്ങളുടെ കൽപ്പനകളുടെ വ്യാപനത്തിലാണ് ജനാധിപത്യത്തിന്റെ സത്ത കുടികൊള്ളുന്നത്" എന്ന് വ്യക്തമാക്കി.

നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലിയുടെ ഈ നാഴികക്കല്ലിൽ കേരളത്തിലെ ജനങ്ങൾക്കും അവരുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ആശംസകൾ നേർന്ന ഉപരാഷ്ട്രപതി, ഇതുപോലുള്ള കെട്ടിടങ്ങള്‍ പരമ്പരാഗതനിര്‍മിതി എന്നതിലുപരി പ്രത്യാശയുടെ പ്രതീകമാണെന്നു വ്യക്തമാക്കി. “കേരള നിയമസഭാ മന്ദിരം ജനഹിതത്തെയും ജനാധിപത്യത്തിന്റെ ചൈതന്യത്തെയും ഭരണഘടനയുടെ സത്തയെയും പ്രതിനിധാനം ചെയ്യുന്നു” - അദ്ദേഹം പറഞ്ഞു.

ദീർഘവീക്ഷണത്തിനും സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ടതാണ്  സംസ്ഥാനമെന്ന് പറഞ്ഞ ഉപരാഷ്ട്രപതി, മറ്റ് നിയമസഭകൾ ശ്രദ്ധിക്കേണ്ട നിരവധി പുരോഗമനപരമായ നിയമനിർമാണങ്ങൾ നടപ്പിലാക്കിയതിന് കേരള നിയമസഭയെ പ്രശംസിച്ചു. "നിലവിലെ നിയമസഭാംഗങ്ങൾ എന്ന നിലയിൽ, തിളങ്ങുന്ന പാരമ്പര്യത്തിന്റെ അവകാശികൾ കൂടിയാണ് നിങ്ങൾ. അത് തിളക്കമുള്ളതാക്കേണ്ടത് നിങ്ങളുടെ കടമയാണ്" - അദ്ദേഹം നിയമസഭാംഗങ്ങളോട് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വ്യാപനമുള്ള സംസ്ഥാനമെന്നും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നാടെന്നും അഭിനന്ദിച്ച ഉപരാഷ്ട്രപതി, സംസ്ഥാനത്തിന്റെ ഗുണമേന്മയുള്ള മനുഷ്യവിഭവശേഷിയും പുരോഗമനപരമായ തൊഴിൽ സംസ്കാരവും ഭരണനിർവഹണത്തിൽ പുതിയ പാതകൾ രചിക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പണമയക്കലിലൂടെ സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന് വലിയ സംഭാവന നൽകിയ പ്രവാസിമലയാളികളെയും അദ്ദേഹം അഭിനന്ദിച്ചു.

കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ, മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ശ്രീ ധൻഖറിന്റെ ആദ്യ കേരള സന്ദർശനമാണിത്. പ്രകൃതി സൗന്ദര്യത്തിന്റെയും സമ്പന്നമായ സംസ്കാരത്തിന്റെയും നാടാണ്​കേരളമെന്നു വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു വ്യക്തമാക്കി. തന്റെ പ്രസംഗത്തിനിടെ, സംസ്ഥാനത്തുനിന്നുള്ള പ്രമുഖ വ്യക്തികളെ അദ്ദേഹം അഭിവാദ്യം ചെയ്യുകയും അവരുടെ സംഭാവനകളെ പ്രകീർത്തിക്കുകയും ചെയ്തു.

2023 മെയ് 21ന് കേരളത്തിലെത്തിയ ഉപാരാഷ്ട്രപതി ഡോ. സുദേഷ് ധൻഖറിനൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കുകയും എല്ലാവരുടെയും ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.