നിക്ഷേപക സമാഹരണ യജ്ഞത്തിലൂടെ 15000 കോടിയുടെ നിക്ഷേപം: മന്ത്രി വി.എൻ. വാസവൻ

 
vasavan

 നിക്ഷേപക സമാഹരണയജ്ഞത്തിന്റെ ഭാഗമായി സഹകരണമേഖലയിൽ പതിനയ്യായിരം കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായവിതരണ ഉദ്ഘാടനം ഏറ്റുമാനൂർ കെ.എൻ.ബി  ഓഡിറ്റോറിയത്തിൽ നടന്ന നിർവഹിക്കുകയായിരുന്നു മന്ത്രി.


നിക്ഷേപക സമാഹരണയജ്ഞം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഈ നേട്ടം.  9000 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. സഹകരണ മേഖലയക്കെതിരേ കുപ്രചരണങ്ങൾ നടക്കുന്ന കാലത്താണ് ഇത്രയും തുക ലഭ്യമായത്. സമാശ്വാസ പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ ഏഴുകോടി രൂപ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു

.
സർവീസ് സഹകരണ ബാങ്ക് അംഗമായ ഒരാൾക്ക് ഗുരുതരമായ രോഗം ബാധിക്കുകയാണെങ്കിൽ അരലക്ഷം രൂപ വരെ ചികിത്സാസഹായം ലഭിക്കും. വായ്പ എടുക്കുന്ന ആൾക്കാണ് ഗുരുതരമായ രോഗം ബാധിക്കുന്നതെങ്കിൽ അവർക്കു ചികിത്സാസഹായമായി ഒന്നേകാൽ ലക്ഷം രൂപ വരെ ലഭിക്കും. മറ്റൊരു ബാങ്കിങ് മേഖലയിലും ഇത്തരം ആശ്വാസനടപടികൾ ഇല്ല. ദീർഘകാലം ഡയറക്ടർ അല്ലെങ്കിൽ പ്രസിഡന്റുമാരായി സഹകാരികളായി പ്രവർത്തിച്ചവർക്ക് ഗുരുതരമായ രോഗം ബാധിക്കുകയാണെങ്കിൽ സഹായം ലഭ്യമാക്കുന്ന 'സഹകാരിക്ക് ഒരു സാന്ത്വനം' പദ്ധതിക്കും തുടക്കമിട്ടതായി മന്ത്രി പറഞ്ഞു.


സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കയിൽ, വൈക്കംസിസിയു ചെയർമാൻ പി. ഹരിദാസ്, കാഞ്ഞിരപ്പള്ളി സി.സി.യു. ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, ഡി.സി.എച്ച.്  വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാൽ, പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സോമൻ, ഏറ്റുമാനൂർ എസ്.സി.ബി. പ്രസിഡന്റ് ബിജു ജോസഫ് കുമ്പിക്കൻ, അതിരമ്പുഴ എസ്.സി.ബി. പ്രസിഡന്റ് പി.വി. മൈക്കിൾ, സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ, ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) ജയമ്മ പോൾ  എന്നിവർ പ്രസംഗിച്ചു.