രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ജനങ്ങളോടും എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു

 
LDF_flag

രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദല്‍ സമീപനം സ്വീകരിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിനാകമാനം മാതൃകയായി ഉയര്‍ന്നു നില്‍ക്കുകയാണ്‌. പൊതുമേഖല സംരക്ഷിച്ചും, കാര്‍ഷിക മേഖല ശക്തിപ്പെടുത്തിയും സ്വീകരിക്കുന്ന നടപടികള്‍ രാജ്യത്തിന്റെ ശ്രദ്ധ തന്നെ ആകര്‍ഷിച്ചതാണ്‌. ആരോഗ്യ - വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയും, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും മുന്നോട്ടുപോകുകയാണ്‌. മതനിരപേക്ഷ രാഷ്‌ട്രീയത്തിന്റേയും, ജീവിതത്തിന്റേയും മാതൃകയായി രാജ്യത്ത്‌ കേരളം ഉയര്‍ന്നു നില്‍ക്കുകയാണ്‌. 

രാജ്യത്തിനാകമാനം മാതൃകയായി നില്‍ക്കുന്ന എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഈ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനുള്ള വിപുലമായ പരിപാടികള്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം സംഘടിപ്പിക്കും. അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ വിപുലമായ റാലികള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കൊപ്പം തന്നെ ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തും. ഏപ്രില്‍ 25 മുതല്‍ മെയ്‌ 20 വരെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ബഹുജന റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ബഹുജന റാലിയില്‍ എല്‍.ഡി.എഫ്‌ നേതാക്കള്‍, മറ്റ്‌ ബഹുജന സംഘടന, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും. മെയ്‌ 20-ന്‌ തിരുവനന്തപുരത്ത്‌ എല്‍.ഡി.എഫ്‌ ഗവണ്‍മെന്റിന്റെ 2 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ആഹ്ലാദ റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രിയും, മന്ത്രിമാരും എല്‍.ഡി.എഫ്‌ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. ഇതിനുവേണ്ടി ഏപ്രില്‍ 10-നകം എല്ലാ എല്‍.ഡി.എഫ്‌ ജില്ലാ കമ്മിറ്റികളും യോഗം ചേരും. ഏപ്രില്‍ 15-നകം എല്ലാ മണ്ഡലം കമ്മിറ്റികളും യോഗം ചേരും. തുടര്‍ന്ന്‌ ഏപ്രില്‍ 25-നകം എല്‍.ഡി.എഫിന്റെ ലോക്കല്‍ / പഞ്ചായത്ത്‌ തല കമ്മിറ്റികളും ചേര്‍ന്ന്‌ റാലിയുടെ വിശദമായ പരിപാടികള്‍ തയ്യാറാക്കും. 

മണ്ഡലാടിസ്ഥാനത്തില്‍ റാലി നടക്കുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌ എല്‍.ഡി.എഫ്‌ തയ്യാറാക്കുന്ന ലഘുലേഖ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭരണ നേട്ടങ്ങള്‍, ഭാവിയില്‍ നടപ്പിലാക്കാന്‍ വേണ്ടിപ്പോകുന്ന പദ്ധതികള്‍, ജനക്ഷേമ കേരളം കെട്ടിപ്പടുക്കാനുള്ള പദ്ധതികളെല്ലാം വിശദീകരിക്കുക.യും, ആര്‍.എസ്‌.എസ്‌, യു.ഡി.എഫ്‌ നടത്തുന്ന ജനവിരുദ്ധ നടപടികള്‍ തുറന്നുകാണിക്കുന്ന ലഘുലേഖ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ വീട്‌ വീടാന്തരം കയറി വിതരണം ചെയ്യും. 

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാകെ തകിടം മറിക്കുന്നവിധമുള്ള നിലപാടുകളാണ്‌ യു.ഡി.എഫും, കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്നത്‌. കേന്ദ്രം കേരളത്തോട്‌ കാണിക്കുന്ന അവഗണന തുറന്നു കാട്ടുന്നതുമായിരിക്കും വാര്‍ഷികാഘോഷ പരിപാടികള്‍. ബി.ജെ.പിയുമായി ചേര്‍ന്ന്‌ കോണ്‍ഗ്രസ്‌ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണ വേലകളെ തുറന്നുകാട്ടും. ജനവിരുദ്ധ സാമ്പത്തിക നയത്തെ പിന്തുണച്ചുകൊണ്ടും, ഹിന്ദുത്വം വര്‍ഗീയതക്കെതിരെ ചാഞ്ചാട്ട നിലപാടും സ്വീകരിക്കുന്ന യു.ഡി.എഫിന്റെ നയങ്ങളേയും തുറന്നുകാട്ടുന്ന പരിപാടി കൂടിയായിരിക്കും ഇത്‌.

ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്ത്‌ അസ്വസ്ഥതകള്‍ പരത്താനുള്ള പലവിധ ഗൂഢശ്രമങ്ങള്‍ നടക്കുകയാണ്‌. ഇവക്കെതിരെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയില്‍ പറഞ്ഞു.