നോർക്കയെ പഠിക്കാൻ പഞ്ചാബ് പ്രതിനിധിസംഘം എത്തി

 
norka

സംസ്ഥാന പ്രവാസികാര്യ വകുപ്പിൻ്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്സിന്റെ പദ്ധതികളും സേവനങ്ങളും മനസ്സിലാക്കുന്നതിനും പരസ്പരസഹകരണ സാധ്യതയുളള മേഖലകള്‍ കണ്ടെത്തുന്നതിനുമായി പഞ്ചാബ്  എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാളിന്റെ നേതൃത്വത്തിലുളള ഏഴംഗ പ്രതിനിധിസംഘം തിരുവനന്തപുരം നോര്‍ക്ക സെന്റർ സന്ദര്‍ശിച്ചു. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോര്‍ക്ക റൂട്ട്സ്  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍  അജിത് കോളശ്ശേരി, കേരള പ്രവാസി  ക്ഷേമ ബോർഡ് സി.ഇ.ഒ  ഗീതാലക്ഷ്മി എം.ബി,  എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. പഞ്ചാബ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച്   എൻആർഐ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിലീപ് കുമാർ, എൻആർഐ വിംഗ് എ.ഡി.ജി.പി പ്രവീൺ കുമാർ സിൻഹ, അഡീഷണൽ സെക്രട്ടറി പരംജിത് സിംഗ്, എൻആർഐ സഭ എക്സിക്യൂട്ടീവ് ഡയറക്ടർ  ദർബാര സിംഗ് രന്ധവ, മന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റൻ്റ് മുഖ്താർ സിംഗ്, എൻആർഐ സെൽ സീനിയർ അസിസ്റ്റൻ്റ്  അമൻദീപ് സിംഗ് എന്നിവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.  

നോര്‍ക്ക വകുപ്പിന്റെയും നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പ്രവാസികളുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്ന എന്നതിന്റെയും അനുഭവങ്ങള്‍ ഡോ. കെ. വാസുകിയും, അജിത് കോളശ്ശേരിയും പഞ്ചാബ് സംഘത്തോട് വിശദീകരിച്ചു.  പഞ്ചാബിലെ എന്‍.ആര്‍.ഐ വിഭാഗങ്ങള്‍ക്കായുളള പ്രത്യേക പോലീസ് സ്റ്റേഷനുകളുടേയും, വിവിധ റിക്രൂട്ട്മെന്റ് അനുബന്ധ മേഖലകളിലെ സ്വകാര്യ ഏജന്‍സികളെ നിയന്ത്രിക്കുന്നിനാവശ്യമായ നടപടികളും നിയമനിര്‍മ്മാണവും സംബന്ധിച്ച് എ.ഡി.ജി.പി പ്രവീൺ കുമാർ സിൻഹ ചര്‍ച്ചയില്‍ വിശദീകരിച്ചു. പ്രവാസിക്ഷേത്തില്‍ പരസ്പരം മാതൃകയാക്കാവുന്ന മേഖലകളില്‍ സഹകരിക്കാനും ചര്‍ച്ചയില്‍ ധാരണയായി.  നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി സിന്ധു.എസ്, നോർക്ക പ്രോജക്ട് മാനേജര്‍ ഫിറോസ്ഷാ, അസിസ്റ്റന്റ് കെ. കവിപ്രിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.