വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

 
police

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 
        
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
    
എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 188 പോലീസ്  ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ വെടിഞ്ഞത്. ഇതില്‍ കേരളത്തില്‍ നിന്ന് രണ്ടു പേര്‍ ഉള്‍പ്പെടുന്നു. 

ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കവേ കോട്ടയത്ത് കെട്ടിടത്തിന്‍റെ മുകളില്‍ നിന്നുവീണു മരിച്ച സബ് ഇന്‍സ്പെക്ടര്‍ ജോബി ജോര്‍ജ്ജ്, ഔദ്യോഗികാവശ്യത്തിനായി സഞ്ചരിക്കവേ താനൂര്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ എം.പി സബറുദ്ധീന്‍ എന്നിവരാണവർ.