ഇരുപത് മണിക്കൂര്‍ പിന്നിട്ടു,
തട്ടിക്കൊണ്ട് പോയി ഇരുപത് മണിക്കൂര്‍ കഴിഞ്ഞിട്ടും അബിഗേല്‍ സാറയെ കണ്ടെത്താനായില്ല. കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് ആറ് വയസുകാരി അബിഗേലിനെ സ്‌കൂളില്‍ നിന്ന് തിരികെ വരും വഴി കാറിലെത്തിയ ഒരു സംഘം ബലമായി കടത്തിക്കൊണ്ട് പോയത്. ഇതിനിടെ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി പുറത്തുവിട്ടു. കുട്ടിയുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന സൂചന പൊലീസ് നല്‍കുന്നുണ്ട്.
മിനുട്ടുകള്‍ക്കകം സംഭവം പുറത്തറിയുകയും നാട്ടുകാരും തുടര്‍ന്ന് പൊലീസും പ്രസ്തുത വാഹനത്തെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും തുമ്പ് നല്‍കാതെ കടന്നുകളഞ്ഞു. കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പടെ സംസ്ഥാനത്താകെ വിശദമായ പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു പുരുഷന്റെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ വ്യാപാര സ്ഥാപനത്തിലെ ഒരാളുടെ രേഖ ചിത്രമാണ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചായിരുന്നു സംഭവം. രാത്രി അധികം വൈകാതെ 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം കുട്ടിയുടെ അമ്മയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു അവരുടെ നിര്‍ദേശം. പാരിപ്പള്ളിയിലെ ഒരു കടയിലെത്തിയ സംഘം കടയുടമയുടെ ഫോണ്‍ വാങ്ങിയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.