സ്കൂൾ കുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്ന രണ്ട് യുവാക്കൾ 32 ഗ്രാം എംഡി എം എ യുമായി പിടിയിൽ

 
pix

പുനലൂർ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 ഗ്രാം MDMA, 17 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
ബാംഗ്ലൂരിൽ നിന്നും വാങ്ങിയ രാസ ലഹരിയായ MDMA കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി താലൂക്കിൽ മുന്നിയൂർ വെളിമൂക്ക് പോസ്റ്റ് പരിധിയിൽ പടിക്കൽ ദേശത്ത് പിലാലകണ്ടി വീട്ടിൽ അഷറഫ് മകൻ ഷംനാദ് (34), കാസർഗോഡ് സ്വദേശിയായ മഞ്ചേശ്വരം താലൂക്കിൽ മംഗൽപടി വില്ലേജിൽ പേത്തൂർ ദേശത്ത് പുളിക്കുന്നി വീട്ടിൽ അഫ്സലി മകൻ മുഹമ്മദ് ഇമ്രാൻ (29) എന്നിവർ കടത്തിക്കൊണ്ടുവന്നത്. കേരളത്തിൽ ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വില്പന നടത്തിവരുന്നതെന്ന് പ്രതികൾ മൊഴി നൽകി.

രാസ ലഹരി തൂക്കുന്നതിന് ആയിട്ടുള്ള മൊബൈൽ ഫോണിൻറെ രൂപത്തിലുള്ള ഇലക്ട്രോണിക് ത്രാസ് ടി പ്രതികളിൽ നിന്ന് കണ്ടെടുത്തു.കൊല്ലം ജില്ലയിൽ ഇത് വരെ കണ്ടെടുത്തിട്ടുള്ള രാസ ലഹരി കേസുകളിൽ ഏറ്റവും വലിയ കേസാണിത് . 10 ഗ്രാമിന് മുകളിൽ ഉള്ള രാസ ലഹരി കടത്തിക്കൊണ്ടുവന്നത് കൊമ്മേഴ്‌സ്യൽ ക്വാണ്ടിറ്റി കേസ് ആയതിനാൽ രാസലഹരി വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്കിയവർക്കെതിരെ തുടർന്ന് അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് സർക്കിൾ ഇൻസ്പെക്ടർ  കെ സുദേവൻ അറിയിച്ചു.ടിയാന്മാരുടെ ഉപഭോക്താക്കൾ എല്ലാം തന്നെ കൗമാരപ്രായത്തിലുള്ള കുട്ടികളാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസ്സിലായി. തുടർ നടപടികൾക്കായി പ്രതികളെ അഞ്ചൽ എക്സൈസ് റേഞ്ചിലേക്ക് കൈമാറി.
കേസ് എടുത്ത പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർമാരായ അൻസാർ A,  ശ്രീകുമാർ KP, പ്രദീപ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ എന്നിവര് ഉണ്ടായിരുന്നു.