സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് തിരികെപ്പിടിച്ച് യുഡിഎഫ് സി.കെ ഷാജിമോഹന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു

കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കും: സി.കെ ഷാജിമോഹൻ
 
pi
സംസ്ഥാനത്തെ നെൽ, റബർ, നാളികേര കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പരമാവധി ഇടപെടുമെന്ന് പ്രസിഡന്റ് സി.കെ ഷാജിമോഹൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏതാനും വർഷങ്ങളായി കേരളത്തിലെ എല്ലാ മേഖലയിലെയും കർഷകർ ദുരിതത്തിലാണ്. അഡ്മിനിസ്ട്രേറ്റർ ഭരണം ഏറ്റെടുത്ത ശേഷം കർഷകരുടെ ഒരാവശ്യത്തിലും കാർഡ് ബാങ്ക് ശ്രദ്ധ നൽകിയിട്ടില്ല. എങ്ങനെയും യുഡിഎഫിന്റെ ഭരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് അഡ്മിനിസ്ട്രേറ്റർ മുന്നോട്ടു പോയതെന്നും ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നബാർഡ് സഹായം മാത്രമാണ് ഇപ്പോഴുള്ളത്. സർക്കാരിന്റെ യാതൊരു സഹായവും ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shajiസംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിലെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് അന്ത്യം കുറിച്ച് യുഡിഎഫ് ഭരണസമിതി ചുമതലയേറ്റു. ഇന്നലെ സെക്രട്ടറിയേറ്റിന് എതിർവശമുള്ള തിരുവനന്തപുരം കാർഡ് ബാങ്കിൽ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിയാണ് പ്രസിഡന്റ് സി.കെ ഷാജിമോഹന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റത്. ഇന്നലെ വരണാധികാരി എ. സൈനത്ത് ബീവിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. സി.കെ ഷാജി മോഹനെ പ്രസിഡന്റായും കാസർകോഡ് ജില്ലയിലെ പ്രതിനിധി എ. നീലകണ്ഠനെ വൈസ് പ്രസിഡന്റായും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രതിനിധി കെ. ശിവദാസൻ നായരെ ദേശീയ ബാങ്ക് പ്രതിനിധിയായും തെരഞ്ഞെടുക്കുകയായിരുന്നു.


സംസ്ഥാന സർക്കാരിൻ്റെ ഭരണ സ്വാധീനം ഉപയോഗിച്ച് പൊതുയോഗത്തിൽ അവിശ്വാസം കൊണ്ടുവന്ന് നിലവിലുണ്ടായിരുന്ന യുഡിഎഫ് ഭരണത്തെ പുറത്താക്കി അഡ്മിനിസ്ട്രേറ്റർ ഭരണം തുടരുകയായിരുന്നു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം നേടാൻ കഴിഞ്ഞിട്ടും ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്താതെയും ചുമതലയേൽക്കാൻ അനുവദിക്കാതെയും ഇടതുപക്ഷം നടത്തിയ ഗൂഢാലോചനയ്ക്കെതിരെ ഹൈക്കോടതി ഇടപെടലിന്റെ പിൻബലത്തിലാണ് യുഡിഎഫിന് വീണ്ടും ഭരണം ലഭിച്ചത്.  


യുഡിഎഫ് പാനലിൽ ഭരണ സമിതിയിലേക്ക് സി.കെ ഷാജി മോഹന് പുറമേ, മുൻ എംഎൽഎ കെ ശിവദാസൻ നായർ,  എ നീലകണ്ഠൻ,  ടി.എ നവാസ്, റോയി കെ പൗലോസ്, എസ് മുരളിധരൻ നായർ, ഫിൽസൺ മാത്യുസ്, ടി എം കൃഷ്ണൻ, എസ് കെ അനന്തകൃഷ്ണൻ, വി.പി അബ്ദുറഹിമാൻ, ആവോലം രാധാകൃഷ്ണൻ, മേഴ്സി സാമുവൽ, ഒ.ആർ ഷീല, പി.കെ രവി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.അഡ്മിനിസ്ട്രേറ്റർ ഭരണം ഒന്നര വർഷം നിണ്ടു പോയപ്പോൾ ഇതിനെതിരെ യുഡിഎഫ് നേതാക്കളായ ശിവദാസൻ നായരും സി.കെ ഷാജിമോഹനും നൽകിയ കേസിൻ്റെ അടിസ്ഥാനത്തിൽ കോടതി 2023 മെയ് അഞ്ചിനകം തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഭരണ സ്വാധീനത്തിൽ സംസ്ഥാന കാർഷിക ബാങ്ക് പിടിച്ചെടുക്കാൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ്  നോമിനേഷൻ തള്ളുവാനും വോട്ട് തള്ളുവാനും നടത്തിയ ശ്രമങ്ങളെയും ഹൈക്കോടതിയിൽ യുഡിഎഫ് നേതാക്കൾ ചോദ്യം ചെയ്തു. തെരഞ്ഞടുപ്പ് നടത്താനും തർക്കമുളള രണ്ട് വോട്ടുകൾ പ്രത്യേക ബോക്സിൽ സൂക്ഷിച്ച്  തെരഞ്ഞെടുപ്പ് നടത്താനുമാണ് ഹൈക്കോടതി നിർദേശിച്ചത്. പിന്നിട് സി.കെ ഷാജിമോഹൻ നൽകിയ മറ്റൊരു കേസിൽ പ്രത്യേക പെട്ടിയിൽ സൂക്ഷിച്ചിരുന്ന വോട്ട് എണ്ണി തിട്ടപ്പെടുത്തി  ഫലം പ്രഖ്യാപിക്കാൻ കോടതി നിർദ്ദേശിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വോട്ട് എണ്ണിയപ്പോൾ രണ്ട് വോട്ടും യു.ഡി.എഫ് പാനലിന് അനുകൂലമായി ലഭിച്ചു. അങ്ങനെ 36 നെതിരെ 38 വോട്ടുകൾ ലഭിച്ച് യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു.


എൽഡിഎഫിന് അനുകൂലമല്ല തിരഞ്ഞെടുപ്പ് ഫലമെന്ന കാരണത്താൽ കൗണ്ടിങ് നടത്തി ഫലം പ്രഖ്യാപിക്കാൻ കോടതി വിധിയുണ്ടായിട്ടും റിട്ടേണിംഗ് ഓഫീസർ അതിന് തയ്യറായില്ല. ഉദ്യോഗസ്ഥ ഭരണം നിലനിർത്താനുള്ള ഉന്നത  ഗൂഡാലോചനയെ തുടർന്നാണ് റിട്ടേണിംഗ്‌ ഓഫീസർ കോടതി വിധി മാനിക്കാൻ തയാറാകാതിരുന്നതെന്ന് പ്രസിഡന്റ് സി.കെ ഷാജി മോഹൻ പറഞ്ഞു.
ചേർത്തല കാർഷിക ഗ്രാമവികസന ബാങ്കിന്റെ സെക്രട്ടറിയായി വിരമിച്ച സി.കെ ഷാജിമോഹൻ ചേർത്തല കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും സംസ്ഥാന ബാങ്കിന്റെ മുൻ ഭരണസമിതിയംഗവുമാണ്. യുഡിഎഫ് ആലപ്പുഴ ജില്ലാ ചെയർമാൻ, കെപിസിസി അംഗം, പ്രാഥമിക കാർഷിക വികസന ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, മാർക്കറ്റ്ഫെഡ് ഡയറക്ടർ, ഓട്ടോകാസ്റ്റ് എംപ്ലോയിസ് കോൺഗ്രസ് (ഐഎൻടിയുസി) പ്രസിഡന്റ്, ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തിശ്വരം ക്ഷേത്രഭരണ സമിതി പ്രസിഡന്റ്, മഹാത്മ ആദർശ് സേവ സമിതി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചിട്ടുണ്ട്.