വിസി നിയമനം: സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കൽക്കട്ട ഹൈക്കോടതി വിധി

 കൊല്‍ക്കത്ത ഹൈക്കോടതി വിധി കേരളത്തിലും പ്രസക്തം
 
court

യുജിസി വ്യവസ്ഥകള്‍ പാലിക്കാതെ നടത്തിയ ബംഗാളിലെ 29 സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ നിയമനങ്ങള്‍ റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി കേരളത്തിലും പ്രസക്തം. 2018ലെ യുജിസി റെഗുലേഷന് വിരുദ്ധമായി നടത്തിയ വിസി നിയമനങ്ങളാണ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. യുജിസി റെഗുലേഷന് അനുസൃതമായി സംസ്ഥാന സര്‍വകലാശാല നിയമനങ്ങള്‍ ഭേദഗതി ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി കേരളത്തിലും നിലവിലത്തെ സാഹചര്യത്തില്‍ പ്രസക്തമാണ്. കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ.എം.എസ്.രാജശ്രീയുടെ നിയമനം അസാധുവാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് യുജിസി ചട്ടംപാലിക്കാതെ സംസ്ഥാനത്ത് സമാനമായി നടത്തിയ വിസിമാരുടെ നിയമനങ്ങള്‍ റദ്ദാക്കാതിരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ നോട്ടീസിനുമേല്‍ നടപടിയെടുക്കുന്നത് ഹൈക്കോടതി തടഞ്ഞത് കൊണ്ട് വിസിമാര്‍ കഴിഞ്ഞ അഞ്ച് മാസമായി പദവികളില്‍ തുടരുകയാണ്. ഗവര്‍ണര്‍ നോട്ടീസ് നല്‍കിയവരില്‍ കേരള, മലയാളം സര്‍വകലാശാല വിസിമാര്‍ കാലാവധി പൂര്‍ത്തിയാക്കി ഇതിനകം വിരമിച്ചു. കുസാറ്റ്, എംജി സര്‍വകലാശാല വിസിമാര്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി വിരമിക്കും. കുഫോസ് വിസിയുടെ നിയമനം കേരള ഹൈക്കോടതി അസാധുവാക്കി. അതിനിടെ കാലിക്കറ്റ്, കുസാറ്റ്, എംജി, സംസ്‌കൃത സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെയുള്ള ക്വാവാറണ്ടോ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി വിധികള്‍ നീണ്ടുപോകുന്നത്‌കൊണ്ട് സര്‍വകലാശാലകളുടെ ഭരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. വിസിമാര്‍ വിരമിച്ച കേരള, മലയാളം, സാങ്കേതിക സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരുടെ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റികളുടെ രൂപീകരണം സര്‍ക്കാരും ഗവര്‍ണറുമായുള്ള അഭിപ്രായ വ്യത്യാസംമൂലം അനിശ്ചിതമായി നീളുന്നു.

നിയമ സര്‍വകലാശാലയിലും കലാമണ്ഡലത്തിലും വിസിമാര്‍ ഒഴിഞ്ഞിട്ടും നിയമന നടപടികള്‍ ആരംഭിച്ചിട്ടില്ല. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിലെ അപാകതകളും വിസിമാര്‍ക്ക് സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കിയതും  ബംഗാളിലെ വിസി നിയമനങ്ങള്‍ അസാധുവാകുന്നതിന് കാരണമായെങ്കില്‍ കേരളത്തില്‍ യുജിസി ചട്ടത്തിനുവിരുദ്ധമായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണവും നിയമനത്തിന് പാനലിന് പകരം ഒരു പേര് നല്‍കിയതുമാണ് അസാധുവാകുന്നതിന് കാരണമായി ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. നാല് വിസി മാര്‍ക്കെതിരായുള്ള ക്വാവാറണ്ടോ ഹര്‍ജിയിലും ഇക്കാര്യങ്ങള്‍ തന്നെയാണ് ഹര്‍ജ്ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനോ, പുനര്‍നിയമിക്കാനോ കാലാവധി നീട്ടി നല്‍കാനോ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ലെന്ന സുപ്രധാന വിധിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ചത്. ബംഗാള്‍ സര്‍വകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമിച്ച 29 സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. 2012ലും 2014ലും നടത്തിയ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്.