വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹനയുടെ മരണം; സുഹൃത്തായ ഡോ റുവൈസ് കസ്റ്റഡിയില്‍

കസ്റ്റഡിയിലായത് കൊല്ലം കരുനാഗപ്പള്ളിയില്‍ഒളിവിൽ കഴിയവേ.
 
p g

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.

മൂന്നുമാസമായി അടുത്ത ബന്ധമാണ് റുവൈസും ഷഹനയും തമ്മിലുണ്ടായിരുന്നത്. ബന്ധുക്കൾ തമ്മിൽ സംസാരിക്കുകയും വിവാഹത്തിന് മുന്നോടിയായി വീട് പെയിന്റ് ചെയ്യുന്നതടക്കമുള്ള ജോലികളും ചെയ്തിരുന്നു.

ഇതിനുശേഷമാണ് റുവൈസിന്റെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറുന്നതെന്നാണ് ഷഹനയുടെ കുടുംബം പറയുന്നത്. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് മരിച്ച ഡോക്ടര്‍ ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. സ്ത്രീധനം കൂടുതല്‍ ചോദിച്ചത് റുവൈസിന്റെ പിതാവാണ്. കഴിയുന്നത്ര നല്‍കാമെന്ന് പറഞ്ഞെങ്കിലും റുവൈസ് വഴങ്ങിയില്ല.

പിതാവിനെ ധിക്കരിക്കാന്‍ ആവില്ലെന്ന് റുവൈസ് പറഞ്ഞുവെന്നും ജാസിം നാസ് പറയുന്നു.പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. റുവൈസ് തയാറായിരുന്നെങ്കില്‍ രജിസ്റ്റര്‍ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.ഷഹ്നയും റുവൈയ്സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു.

സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറും വേണമെന്നായിരുന്നു റുവൈസിന്റെ വീട്ടുകാരുടെ ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ഷഹ്നയുടെ ബന്ധുക്കള്‍ അറിയിച്ചു. എന്നാൽ ഇതു പോരെന്ന് പറഞ്ഞ് റുവൈസും വീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറിയെന്നുമാണ് ആരോപണം. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പു പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയും റുവൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.