നൂതനാശയങ്ങളുടെ വിസ്മയമായി 'വൈ.ഐ.പി ഇന്നൊവേഷൻ സോൺ' പ്രവർത്തനം തുടങ്ങി
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ 18 ടീമുകളുടെ പ്രോജക്ടുകളും പ്രോട്ടോടൈപ്പുകളും പ്രദർശനത്തിന്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ സർഗാത്മകതയ്ക്കും ശാസ്ത്ര-സാങ്കേതിക മികവിനും വേദിയൊരുക്കുന്ന യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ഇന്നൊവേഷൻ സോൺ പ്രവർത്തനമാരംഭിച്ചു. വിദ്യാർഥികളുടെ നൂതന ആശയങ്ങളും സാങ്കേതിക മികവും പ്രദർശിപ്പിക്കുന്ന വേദിയായി ഇന്നൊവേഷൻ സോൺ ശ്രദ്ധേയമാകുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്), സമഗ്ര ശിക്ഷാ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഇന്നൊവേഷൻ സോണിൽ സ്കൂൾ വിഭാഗത്തിലെ സംസ്ഥാനതല വിജയികളായ 18 ടീമുകൾ തങ്ങളുടെ നൂതന ആശയങ്ങളും പ്രോട്ടോടൈപ്പുകളും അവതരിപ്പിക്കുന്നുണ്ട്. വിവിധ വിദ്യാലയങ്ങളിലെ വൈ.ഐ.പി ക്ലബുകളുടെ സജീവ പങ്കാളിത്തവും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികളിലെ പ്രശ്നപരിഹാര ശേഷിയും സംരംഭകത്വ മനോഭാവവും വളർത്തുകയാണ് യംഗ് ഇന്നൊവേറ്റേഴ്സ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദ്യാർഥികൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് വിദഗ്ധ മാർഗനിർദേശവും സാങ്കേതിക പിന്തുണയും നൽകി അവയെ പ്രായോഗിക ഉൽപ്പന്നങ്ങളായും സംരംഭങ്ങളായും വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
സംസ്ഥാനതല വിജയികൾക്ക് ഗ്രേസ് മാർക്കും ലഭിക്കും. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ വിദ്യാർഥികളുടെ ആശയങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും പ്രോത്സാഹനം നൽകുന്ന ഇന്നൊവേഷൻ സോൺ ശാസ്ത്രോത്സവത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുകയാണ്.
