വിഴിഞ്ഞം തുറമുഖ പദ്ധതി; അദാനി ഗ്രൂപ്പിന് 100 കോടി വായ്പയെടുത്ത് നൽകി സർക്കാർ

 
port

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ അദാനി ഗ്രൂപ്പിന് കൈമാറി. പുലിമുട്ട് നിർമ്മാണച്ചെലവിന്‍റെ ആദ്യഗഡുവാണ് കൈമാറിയത്. മാർച്ച് 31നകം 347 കോടി രൂപയാണ് സർക്കാർ നൽകേണ്ടിയിരുന്നത്. വായ്പയെടുത്താണ് 100 കോടി നൽകിയത്. ഹഡ്കോ വായ്പ വൈകിയതിനാലാണ് കെഎഫ്സിയിൽ നിന്ന് പണം വായ്പയെടുത്ത് നൽകിയത്. സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുക്കാൻ നേരത്തെ സർക്കാർ ശ്രമിച്ചിരുന്നു.

തുകയ്ക്കായി അദാനി ഗ്രൂപ്പിൽ നിന്ന് സംസ്ഥാന സർക്കാരിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിർമ്മാണച്ചെലവിന്‍റെ 25 % സംസ്ഥാനം നൽകണം. ഈ 25 % 347 കോടി രൂപയാണ്. റെയിൽവേ പദ്ധതിക്ക് 100 കോടിയും സ്ഥലമെടുപ്പിന് 100 കോടിയും സംസ്ഥാനം നൽ കണം. ആകെ 550 കോടി രൂപയാണ് സഹകരണ കൺസോർഷ്യത്തിൽ നിന്ന് കടമെടുക്കാൻ ശ്രമിച്ചിരുന്നത്.

വിഴിഞ്ഞം തുറമുഖത്തിനായി ഹഡ്കോയിൽ നിന്ന് 3,400 കോടി കടമെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിൽ 1,170 കോടി രൂപ തുറമുഖവുമായി ബന്ധപ്പെട്ട റെയിൽവേ പദ്ധതിക്കായി ചെലവഴിക്കും. വയബിലിറ്റി ഗ്യാപ് ഫണ്ടിനായി കേന്ദ്രം അദാനി ഗ്രൂപ്പിന് 818 കോടി നൽകണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേരളം 400 കോടി രൂപ നൽകണം.