'മടിയന്റെ രാഷ്ട്രീയം നമുക്കു വേണ്ട; വിലയിരുത്തേണ്ടത് പെര്‍ഫോമന്‍സിന്റെ രാഷ്ട്രീയം': രാജീവ് ചന്ദ്രശേഖര്‍

 
Gopi and Rajeev
ഭരണനേട്ടം ജനങ്ങള്‍ക്കു മുന്നില്‍ വെക്കുവാനോ, സ്വന്തം പ്രകടനത്തിന്റെ വിലയിരുത്തലുകള്‍ നടത്താനോ ഇല്ലാത്തവരാണ് തെരഞ്ഞെടുപ്പില്‍ നുണപ്രചരണങ്ങളുമായി രംഗത്തുവരുന്നതെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. അവര്‍ അവതരിപ്പിക്കുന്നത് മടിയന്റെ രാഷ്ട്രീയമാണ്. എന്നാല്‍ ഞാന്‍ ജനങ്ങളെ സമീപിക്കുന്നത് എന്റെ പ്രകടനത്തിന്റെ പ്രോഗ്രസ്‌കാര്‍ഡുമായാണെന്നും അദ്ദേഹം എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ വിളിച്ചു ചേര്‍ത്തവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
മുന്‍ സര്‍ക്കാരുകളുടെ പ്രകടനത്തിന്റെ വിലയിരുത്തലാണീ തെരഞ്ഞെടുപ്പ്. അര്‍ധസത്യങ്ങള്‍ കൊണ്ടും നുണകള്‍ കൊണ്ടുമല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഇത് രാജ്യത്തിന്റേയും കേരളത്തിന്റേയും തിരുവനന്തപുരത്തിന്റേയും പുരോഗതിക്കുള്ള തെരഞ്ഞെടുപ്പാണ്. ബിജെപി വിരുദ്ധതയും സിഎഎ വിഷയവും ഉന്നയിച്ച് നുണ പറഞ്ഞ് ഒരു വിഭാഗത്തെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ് ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും ശ്രമം. എന്നാല്‍ ജനങ്ങള്‍ ഈ കെണിയില്‍ വീഴില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ട്.
ഈ തിരഞ്ഞെടുപ്പില്‍ ശരിക്കും വിലയിരുത്തപ്പെടേണ്ടത് പെര്‍ഫോമന്‍സിന്റെ രാഷ്ട്രീയമാണ്. മോദി സര്‍ക്കാരിനു മുന്‍പ് 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ഒരു നഷ്ട ദശാബ്ദമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതികളെല്ലാം അക്കാലത്തായിരുന്നു. സിപിഎമ്മിന്റെ പിന്തുണയിലായിരുന്നു ആ സര്‍ക്കാര്‍. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശരിക്കും മാറ്റമുണ്ടാക്കി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി നരേന്ദ്ര മോദി രാജ്യത്തെ മാറ്റി. കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. കോടിക്കണക്കിനു രൂപയാണ് മോദി സര്‍ക്കാര്‍ കേരളത്തിനു വേണ്ടി പ്രത്യേകമായി നല്‍കിയത്. ഇത് എവിടെ പോയി എന്നോ, ആ ഫണ്ട് ഉപയോഗിച്ച് ഇവിടെ ഉത്പാദനക്ഷമമായ ആസ്തി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നാര്‍ക്കുമറിയില്ല, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 
കേരളത്തില്‍ ടൂറിസവും ഐടിയുമല്ലാതെ മറ്റൊരു വരുമാന സാധ്യതയുമില്ലെന്നാണ് കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. കേരളത്തില്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയും, ഉല്‍പ്പാദന വ്യവസായങ്ങളും ഫിഷറീസ് വികസനും നടക്കില്ലെന്നാണോ ഇതിനര്‍ത്ഥമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ഇവിടെ എല്ലാം നടക്കും. ഇവിടെ ഇലക്ട്രോണിക്സ് ഉല്‍പ്പാദനം അടക്കം എല്ലാം ഉണ്ടായിരുന്നു. ഫിഷറീസുമായി ബന്ധപ്പെട്ട ബ്ലൂ ഇക്കോണമിക്കും വലിയ സാധ്യതകളുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. 
'തിരുവനന്തപുരത്തെ പ്രശ്നങ്ങളെ കുറിച്ച് കുറെ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. നരേന്ദ്ര മോദിക്കൊപ്പമിരുന്ന് ജോലി ചെയ്താല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതിന് താല്‍പര്യവും കഴിവും എനിക്കുണ്ട്', അദ്ദേഹം പറഞ്ഞു.