ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയാക്രമിച്ചു: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷിന് ദാരുണാന്ത്യം

 
photo

ജനവാസമേഖലയിലെത്തിയ കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മാതൃഭൂമി സീനിയർ ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷിന് (34) ദാരുണാന്ത്യം.
മലമ്പുഴ കൊട്ടേക്കാട് വെനോലി എളമ്പരക്കാടിന് സമീപത്തെ ജനവാസമേഖലയിൽ ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. സമീപത്തെ കൃഷിയിടത്തിൽ പുലർച്ചെ കാട്ടാനയിറങ്ങിയെന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ഗോകുൽ, ഡ്രൈവർ മനോജ് എന്നിവർക്കൊപ്പം മുകേഷ് പുലർച്ചെ ആറുമണിയോടെ സ്ഥലത്തെത്തിയത്. പി.ടി.5 (പാലക്കാട് ടസ്കർ അഞ്ച്), പി.ടി. 14 (പാലക്കാട് ടസ്കർ 14) എന്നീ ആനകളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.
ഈഭാഗത്ത് ജനവാസമേഖലയിലെത്തുന്ന ആന കുറച്ചുദിവസങ്ങളായി കൃഷിനാശം വരുത്തുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് സംഘം ദൃശ്യങ്ങൾ പകർത്താനായി സ്ഥലത്തെത്തിയത്. കാട്ടാനകൾ കോരയാർ പുഴകടക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് തിരിഞ്ഞാക്രമിക്കുകയായിരുന്നു. ആന അടുത്തേക്ക് അതിേവഗത്തിൽ ഓടിയെത്തിയതോടെ സംഘം ചിതറിയോടി.


സംഘാംഗങ്ങൾ പിന്നീട് തിരഞ്ഞെത്തിയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ നിലയിൽ മുകേഷിനെ കണ്ടെത്തിയത്. ഇടുപ്പിനും തുടയെല്ലിനും സാരമായി പരിക്കേറ്റ മുകേഷിനെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദീർഘകാലം മാതൃഭൂമി ഡൽഹി ബ്യൂറോയിൽ ക്യാമറാമാനായിരുന്നു മുകേഷ്. ഒരുവർഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡൽഹിയിൽ ജോലിചെയ്തിരുന്ന കാലത്തും പാലക്കാട്ടെത്തിയശേഷവുമായി  മാതൃഭൂമി ഡോട്ട്കോമിൽ 'അതിജീവനം' എന്ന പേരിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന 108  ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പാലക്കാടിന്റെ സാമൂഹിക ജീവിതത്തെ തുറന്നുകാട്ടി സാധാരണക്കാരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും അടങ്ങിയ ഒട്ടേറെ ഫ്രെയ്മുകൾ മാതൃഭൂമിയുടെ ക്യാമറക്കണ്ണിലൂടെ  പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയാണ് മുകേഷ് വിടപറയുന്നത്. മുമ്പ് ഇന്ത്യാവിഷനിലും ജോലി നോക്കിയിരുന്നു.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താന് വീട്ടില് പരേതനായ ഉണ്ണിയുടേയും എ. ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ. സഹോദരി:ഹരിത.  മുകേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വനംമന്ത്രി എ.കെ. ശശീന്ദ്രൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ,ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി.നിധീഷ് തുടങ്ങിയവർ അനുശോചിച്ചു.