സിഎഎ കേസുകൾ പിൻവലിച്ച നടപടി തിരഞ്ഞെടുപ്പ് ചട്ടലംഘനം: കെ.സുരേന്ദ്രൻ

 
bjp

 പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐ നടത്തിയ അക്രമസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാത്തത് പക്ഷപാതിത്വമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇതിനെതിരെ ദേശീയ ജനാധിപത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കമ്മീഷൻ ഈ കാര്യം ഗൗരവമായി പഠിച്ച് നടപടിയെടുക്കണമെന്നാണ് എൻഡിഎയുടെ ആവശ്യം. പ്രതിപക്ഷവും ഈ കാര്യത്തിൽ സർക്കാരിനൊപ്പമാണ്. അയ്യപ്പ വിശ്വാസികൾക്ക് വേണ്ടി ശബ്ദിക്കാൻ വിഡി സതീശൻ തയ്യാറാവുന്നില്ല. ശബരിമല തീർത്ഥാടകരെന്താ രണ്ടാനമ്മയുടെ മക്കളാണോ? മുസ്ലിംങ്ങളുടെ പൗരത്വം ചോദ്യം ചെയ്യുന്നുവെന്നാണ് പിണറായി വിജയൻ പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തുന്നത്? ഇതും വ്യക്തമായ ചട്ടലംഘനമാണ്. മുസ്ലിംങ്ങളെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണെന്ന കളളപ്രചരണമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തുന്നത്. ഇതെല്ലാം വ്യാജ പ്രചരണങ്ങളുടെ കണക്കിൽപ്പെടുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടിയെടുക്കണം. സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന ബോധ്യമാണ് ഇത്തരം വർഗീയ പ്രചരണത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. 


റഷ്യയിലെ ഐഎസ് ഭീകരാക്രമണത്തിൽ 150 ഓളം പേർ മരിച്ചിട്ടും മുഖ്യമന്ത്രി അപലപിച്ചില്ല.
ഹമാസ് അനുകൂല റാലി നടത്തുന്നവർ പതിനായിരക്കണക്കിന് ഇന്ത്യക്കാരുള്ള നാട്ടിൽ ഭീകരാക്രമണം നടത്തിയിട്ടും മിണ്ടുന്നില്ല. ഈരാറ്റുപേട്ടയിലെ ആക്രമികളെ ന്യായീകരിക്കുന്ന പോസ്റ്റ് ഫേസ്ബുക്കിലിട്ടയാളാണ് പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക്. ക്രൈസ്തവർ പള്ളിമണി അടിച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് മുഖ്യമന്ത്രിയും പൊലീസും പറഞ്ഞതിന് നേർവിപരീതമാണ്. കൈവിട്ട കളിയാണ് സർക്കാർ കളിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന ഉപാദ്ധ്യക്ഷ വിടി രമ, സംസ്ഥാന സെക്രട്ടറി ജെആർ പദ്മകുമാർ എന്നിവർ പങ്കെടുത്തു.