വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചുവിട്ടു കടിപ്പിച്ച സംഭവത്തെ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി അപലപിച്ചു

 
P sathi

വയനാട് മേപ്പാടിയില്‍ ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവം അപലപനീയമാണെന്ന്് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി അഭിപ്രായപ്പെട്ടു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. നായയുടെ കടിയേറ്റ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ്. പണിക്കറെ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. കേസിന്റെ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിയോട് ഫോണില്‍ ആരാഞ്ഞ ചെയര്‍പേഴ്‌സണ്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്ക് ഗാര്‍ഹിക പീഡനം പരാതി സംബന്ധിച്ച അന്വേഷണ സമയത്ത് ആവശ്യപ്പെടുന്ന പക്ഷം പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കി. പ്രതിയായ ജോസിനെതിരായ ജാമ്യമില്ലാ കുറ്റം ചുമത്തി ഉടനെ തന്നെ അറസ്റ്റ് ചെയ്ത നടപടി ശ്ലാഘനീയമാണെന്ന് ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 326 എ, 346, 330, 353 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ചെയര്‍പേഴ്‌സണെ അറിയിച്ചു.