ജാഗ്രതാ സമിതികള്‍ക്ക് നിയമാനുസൃത പദവി നല്‍കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി: വനിതാ കമ്മിഷന്‍

വിദഗ്ധരായ നിയമ പണ്ഡിതര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വനിതാ കമ്മിഷന്‍ നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. ജാഗ്രതാ സമിതികള്‍ക്ക് നിയമാനുസൃത പദവി നല്‍കണമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടകാര്യം.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തിലുള്ള ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ജാഗ്രതാ സമിതികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രശ്നങ്ങള്‍ താഴെത്തട്ടില്‍ നിന്നും തീര്‍പ്പാക്കാനാകും. എറണാകുളം ജില്ലയില്‍ അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാണെന്ന് കമ്മീഷന് മുന്‍പാകെ വരുന്ന പരാതികള്‍ വ്യക്തമാക്കുന്നു. വാര്‍ഡ് തലത്തിലുള്ള ജാഗ്രതാ സമിതികള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനാകും.
എല്ലാ ജില്ലാ പഞ്ചായത്തുകളും മൂന്നു മാസത്തിലൊരിക്കല്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കും.
അസംഘടിത മേഖലയിലാണ് സ്ത്രീകള്‍ക്കെതിരായ ചൂഷണം കൂടുതലായും കാണുന്നതെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. പബ്ലിക് ഹീയറിംഗിലൂടെ പ്രത്യേകമായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പ്രാധാന്യം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട് പബ്ലിക് ഹിയറിംഗ് നടത്തും. എറണാകുളത്ത് കരാര്‍ തൊഴിലാളികളായ സ്ത്രീകളുടെ പ്രശ്നങ്ങളും ആലപ്പുഴയില്‍ മത്സ്യ സംസ്‌കരണ യൂണിറ്റുകളിലെ സ്ത്രീകളുടെ പ്രശ്നങ്ങളും കോട്ടയത്ത് മാധ്യമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും.
മാധ്യമ രംഗത്തെ വനികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്നു പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. അതിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ക്രോഡീകരിച്ച് മാധ്യമങ്ങള്‍ക്ക് ഒരു മാര്‍ഗരേഖ എന്ന പേരില്‍ കൈപ്പുസ്തകം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും മാധ്യമ പഠനരംഗത്ത് സ്ത്രീപക്ഷ കാഴ്ചപ്പാട് ഉറപ്പാക്കുന്നതിനുമുള്ള നിര്‍ദേശവും കൈപ്പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
സിറ്റിങ്ങിന്റെ രണ്ടാം ദിവസം 58 പരാതികളാണു പരിഗണിച്ചത്. ഇതില്‍ 14 കേസുകള്‍ തീര്‍പ്പാക്കി. ആറു പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 34 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റി.
വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാ മണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ കേസുകള്‍ പരിഗണിച്ചു. ഡയറക്ടര്‍ ഷാജി സുഗുണന്‍, വനിതാ കമ്മിഷന്‍ കൗണ്‍സിലര്‍ ടി.എം. പ്രമോദ്, ആല്‍ബിറ്റ മേരി അവറാച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്- സിറ്റിംഗ് സെക്കന്‍ഡ് ഡേ 13-
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാ മണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ പരാതി കേള്‍ക്കുന്നു.