പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കേണ്ടതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്ക്: അഡ്വ. പി. സതീദേവി
പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച 'സ്ത്രീശക്തി: സ്ത്രീ സമൂഹവും സൈബര്‍ ലോകവും' ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.
ഇന്ന് സമൂഹത്തില്‍ കാണുന്ന പല തരത്തിലുള്ള സ്ത്രീവിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കാരണം സ്ത്രീയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കാത്തതാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. സ്ത്രീപീഡനങ്ങളും വധൂദഹനങ്ങളും വര്‍ധിക്കാന്‍ കാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ സമീപനമാണ്. ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ ജോലിയുണ്ടാകട്ടെ എന്ന കാഴ്ച്ചപ്പാടുള്ളത് പോലെ പെണ്‍കുട്ടിക്കും വിവാഹം കഴിക്കാന്‍ ജോലിയുണ്ടാകട്ടെ എന്ന വീക്ഷണം ഉയര്‍ന്നു വരണം. എന്നാല്‍, മാത്രമേ സ്ത്രീയുടെ സാമൂഹിക പദവി മെച്ചപ്പെടുകയുള്ളൂ.
സ്വന്തം ജീവിതത്തിലെ തീരുമാനം തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം തനിക്കു തന്നെയാണ് എന്ന തിരിച്ചറിവ് സമൂഹത്തിലെ കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം. ഈ തിരിച്ചറിവ് ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണ്. സ്ത്രീ പുരുഷ സമത്വം വീടിന്റെ അകത്തളങ്ങളിലുണ്ടാക്കണമെന്നും ഡിജിറ്റല്‍ അറിവ് ഉണ്ടാകുന്നതോടൊപ്പം ചതിക്കുഴികളെ കുറിച്ച് തിരിച്ചറിവുകളുണ്ടാകണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അധ്യക്ഷത വഹിച്ചു. സൈബര്‍ പോലീസ് സെല്ലിലെ സത്യന്‍ കാരയാട് ക്ലാസെടുത്തു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചര്‍, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മിനി ടീച്ചര്‍, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രന്‍ കപ്പള്ളി, കെ.കെ. ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. ജിമേഷ് മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി ദേവികരാജ്, സിഡിപിഒ പ്രഷീദ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-കെഡബ്ല്യുസി സെമിനാര്‍-
വനിതാ കമ്മിഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച 'സ്ത്രീശക്തി: സ്ത്രീ സമൂഹവും സൈബര്‍ ലോകവും' ജില്ലാ സെമിനാര്‍ ഉദ്ഘാടനം കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍വഹിക്കുന്നു.
ഗ്രാമപഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം വനിതാ കമ്മിഷന്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതി അംഗങ്ങളുടെ പരിശീലനം ഊര്‍ജിതമാക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം, സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍, അവകാശ ലംഘനങ്ങള്‍ എന്നിവയില്‍ ഇടപെട്ട് പരിഹരിക്കുക, ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാത്ത സമൂഹ സൃഷ്ടിക്കായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് ജാഗ്രതാ സമിതികളുടെ കര്‍ത്തവ്യം. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൃത്യതയോടെ നടക്കുന്നെന്ന് ഉറപ്പാക്കുകയും സമിതികള്‍ക്ക് കൂടുതല്‍ കരുത്തുപകരുകയുമാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 19ന് രാവിലെ 10ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍വഹിക്കും. പോത്തന്‍കോട് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. ഹരിപ്രസാദ്, എസ്എച്ച്ഒ മിഥുന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സിജിആര്‍എഎസ് സെന്റര്‍ ഫോര്‍ ജന്‍ഡര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് പ്രോജക്ട് മാനേജര്‍ എസ്. ബുഷ്റ പരിശീലന ക്ലാസ് നയിക്കും.