രാജാവ് നഗ്നനാണെന്ന സത്യമാണ് എഴുത്തുകാർ വിളിച്ചുപറഞ്ഞത്: കെ.സുരേന്ദ്രന്‍
![bjp](https://woneminute.com/static/c1e/client/93393/uploaded/6603cb5d8bfb57a63230ddc3faf9958b.png)
മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം,അഴിമതി, അധികാരകേന്ദ്രീകരണം എന്നിവയില്‍ മനം മടുത്ത കേരളീയ മനസാക്ഷിയുടെ പ്രതികരണമാണ് എം.ടിയും എം.മുകുന്ദനും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. മാസപ്പടിയിലും അഴിമതിയിലും മുങ്ങിക്കുളിച്ച മുഖ്യമന്ത്രിയെ പാര്‍ട്ടി സെക്രട്ടറി വരെ പുകഴ്ത്തുമ്പോള്‍ രാജാവ് നഗ്നനാണെന്ന സത്യം തുറന്നു പറയുകയാണ് സാഹിത്യനായകര്‍ ചെയ്തത്. ഇത് കേരളത്തിലെ സാധാരണ ജനങ്ങളുടെ അഭിപ്രായമാണെന്ന് സുരേന്ദ്രന്‍ കൊച്ചിയില്‍ ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന നേതൃയോഗത്തിന് ശേഷം
മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ 16 ന് വൈകിട്ട് കൊച്ചിയില്‍ നടക്കും. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ് ഹൗസ് വരെ 1.3 കിലോ മീറ്ററാണ് നരേന്ദ്രമോദി റോഡ് ഷോ നടത്തുക. അടുത്ത ദിവസം രാവിലെ ഗുരുവായൂരിലും തൃപ്രയാറിലും ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. ഗുരുവായൂരില്‍ നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും മറ്റ് ചില വിവാഹങ്ങളിലും പങ്കെടുക്കും. തൃപ്രയാറില്‍ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കഴിഞ്ഞ ദിവസം അയോദ്ധ്യയിലെത്തിയപ്പോള്‍ തന്നെ കേരളത്തിലെ നാലമ്പല ദര്‍ശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദി സൂചിപ്പിച്ചിരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. 17 ന് ബിജെപി ശക്തികേന്ദ്രപ്രമുഖരുടെ യോഗത്തില്‍ പങ്കെടുക്കും.
കേരളത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത് മോദി നടത്തുന്ന സന്ദര്‍ശനം ജനങ്ങില്‍ ഉത്സാവന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്‍.ഡി. എ പദയാത്ര 27ന് തുടങ്ങും
നരേന്ദ്രമോദിയുടെ ഉറപ്പ് പുതിയ കേരളത്തിന് എന്ന മുദ്രാവാക്യവുമായി കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം നടത്തുന്ന കേരള പദയാത്ര 27ന് കാസര്‍കോട് നി്ന്നാരംഭിക്കും. 27 ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്ര ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും. ഓരോ ലോകസഭാ മണ്ഡലത്തില്‍ നിന്നും 25000 വീതം പ്രവര്‍ത്തകര്‍ പദയാത്രയില്‍ ഉണ്ടാവും.
ഫെബ്രുവരി 24ന് എന്‍.ഡി.എ ബൂത്ത് സമ്മേളനം കേരളത്തിലെ എല്ലാ ബൂത്തുകളിലും നടത്തും. പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് ബൂത്ത് സമ്മേളനങ്ങള്‍ നടക്കുക. പുതിയ കക്ഷികളെ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേര്‍ക്കും.
ദേശീയ ജനാധിപത്യ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുമായി ബി.ജെ.പി ഉടന്‍ ഉഭയകക്ഷി ചര്‍ച്ച ആരംഭിക്കും. തുടര്‍ന്ന് സീറ്റ് വിഭജന ചര്‍ച്ചകളും നടക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.