“ദത്തം” കലാപ്രദർശനത്തിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത്

 
Painting
തിരുവനന്തപുരം : വിഖ്യാത കലാകാരൻ  ബി ഡി ദത്തന്റെ ശിഷ്യന്മാരുടെ  “ദത്തം” കലാപ്രദർശനത്തിന്റെ മൂന്നാംപതിപ്പ്  തിരുവനന്തപുരത്ത് തുടങ്ങുന്നു. ഈ മാസം 21 മുതൽ ആരംഭിക്കുന്ന കലാപ്രദർശനത്തിന്റെ വേദി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയാണ്. ദത്തനെന്ന പ്രഗൽഭ ചിത്രകാരനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട,  ആറ് കലാകാരന്മാരുടെ സൃഷ്ടികളാണ് ഇത്തവണ പ്രദർശനത്തിനെത്തുന്നത്.

ദേവ് തോമസ് ജോർജ്, സെലീന ഹരിദാസ്, ശ്രുതിക വസന്ത്, സുമിത സുശീലൻ, ടോമിന മേരി ജോസ്, ഉഷ രാജഗോപാൽ എന്നിവരുടെ കലാസൃഷ്ടികളാണ് ഇത്തവണ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അക്രിലിക്, ഓയിൽ, ജലച്ഛായം, മിശ്രിതം എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള സൃഷ്ടികളുമായാണ് ഇവരോരുത്തരും എത്തുന്നത്. വ്യത്യസ്ത ചുറ്റുപാടുകളും വീക്ഷണങ്ങളും ആവിഷ്കരിക്കുന്നവയാണ് എല്ലാ കലാസൃഷ്ടികളും. വിവിധ മേഖലകളിൽ നിന്നെത്തുന്ന ഈ കലാകാരന്മാരെയും കലാകാരികളെയും  ഒരുമിച്ചു കൊണ്ടുവരുന്നത്  ബി ഡി ദത്തനാണ്. അദ്ദേഹത്തിന് കീഴിൽ പരിശീലനവും ശിഷ്യത്വവും നേടിയവരാണ് ഈ ആറ് യുവപ്രതിഭകളും.

ബി.ഡി. ദത്തൻ എന്ന പ്രതിഭയോടുള്ള ആദരവ് കൂടിയാണ് ഈ പ്രദർശനം. പുതുതലമുറ കലാകാരന്മാരിൽ അദ്ദേഹമുണ്ടാക്കിയ സ്വാധീനമാണ് കഴിഞ്ഞ രണ്ട് പതിപ്പുകളിലും പ്രകടമായിരുന്നത്. ഇക്കുറി, ദത്തം 2024 കാണാനെത്തുന്നവരും നിരാശപ്പെടില്ലെന്നുറപ്പ്. ആവശ്യമുള്ളവർക്ക് കലാസൃഷ്ടികൾ സ്വന്തമാക്കാനുമാകും. നവംബർ 21 മുതൽ 24 വരെയാണ് പ്രദർശനം. കലയെ സ്നേഹിക്കുന്നവർക്കും കലാസൃഷ്ടികൾ ശേഖരിക്കുന്നവർക്കും ഒരു വേറിട്ട അനുഭവമായിരിക്കും ഈ പ്രദർശനം.