മാനസികാരോഗ്യസ്ഥാപനങ്ങളില്‍ അവകാശലംഘനം ഉണ്ടായാല്‍ നിയന്ത്രിക്കേണ്ട സർക്കാർ സംവിധാനം അവതാളത്തില്‍ : വ്യാജന്മാർ വിലസുന്നു
മനോരോഗ വിദഗ്ധന്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മാനസികാരോഗ്യ ചികിത്സാരംഗത്തെ നിയന്ത്രിക്കേണ്ട സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ നടത്തിപ്പില്‍ ദുരൂഹതകളേറെ. മനോരോഗ വിദഗ്ധനെ സമീപിച്ച് രോഗികള്‍ എത്തുമ്പോള്‍ അവിടത്തെ സംവിധാനങ്ങളെയോ അവരുടെ വിദ്യാഭ്യാസ പരിശീലന യോഗ്യതയോ മുന്‍കൂട്ടി വിലയിരുത്താന്‍ ഇവര്‍ക്ക് കഴിയാതെ വരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്.സംസ്ഥാനത്തെ മാനസികാരോഗ്യ ചികിത്സാരംഗത്തെ നിയന്ത്രിക്കേണ്ട സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ യോഗം അത് രൂപീകരിച്ചതില്‍ പിന്നെ ഒരിക്കല്‍ പോലും ചേര്‍ന്നിട്ടില്ല. 2021 ല്‍ ഗസറ്റ് വിജ്ഞാപനം വഴി രൂപവത്കരിച്ച അതോററ്റിയുടെ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 56ാം വകുപ്പു പ്രകാരം വര്‍ഷത്തില്‍ നാലു പ്രാവശ്യം യോഗം ചേരണമെന്നിരിക്കെയാണിത്. 2017ല്‍ നിലവില്‍ വന്ന മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് പ്രകാരമുള്ള ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചതിനെതിരേയും പരാതിയുണ്ട്.മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ടിലെ സെക്ഷന്‍ 123 പ്രകാരം നിയമിക്കുന്നയാളുടെ യോഗ്യതയും ശമ്പളവുമൊക്കെ നിര്‍ദേശിക്കേണ്ടത് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയാണ്. എന്നാല്‍, ആരോഗ്യമേഖലയുമായി ബന്ധമില്ലാത്ത ഡെപ്യൂട്ടി സെക്രട്ടറിയെയാണ് ഇവിടെ നിയമിച്ചത്.ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരെ നിയമിക്കാമെന്നിരിക്കെ ആരോഗ്യമേഖലയുമായി ബന്ധമില്ലാത്തവരെ കൊണ്ടുവരുന്നതിനു പിന്നില്‍ താത്പര്യങ്ങളാണെന്ന ആരോപണമുയരുന്നുണ്ട്.ഇതിനായി ഉത്തരവില്‍ ഡെപ്യൂട്ടി സെക്രട്ടറി ടു ദ ഗവണ്‍മെന്റ് എന്ന വ്യവസ്ഥയില്‍ ഇന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ് എന്ന വാക്ക് സര്‍ക്കാര്‍ തിരുകിക്കയറ്റി.ഇത് ചോദ്യംചെയ്ത് മനശ്ശാസ്ത്ര വിദഗ്ധര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ നവംബര്‍ 22ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ റദ്ദാക്കി. ഒരുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കണമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അതുണ്ടായില്ല.മാനസികാരോഗ്യചികിത്സയുമായി ഒരു ബന്ധവുമില്ലാത്ത കുറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുത്തി നിറച്ചു ഉണ്ടാക്കിയതാണ് സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി . ഈ വിഷയത്തില്‍ യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത കുറെ ഞരമ്പു രോഗികള്‍ അറിവും ദൈവീകസിദ്ധിയും ഉണ്ടെന്ന് രോഗികളെ ബോധ്യപ്പെടുത്തി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ വ്യാജ കൗണ്‍സിലിങ്
സെന്ററുകള്‍ നടത്തി പകല്‍ മാന്യന്മാരായി നടക്കുന്നുണ്ട് . ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട മനോരോഗ വിദഗ്ധന്‍
ടി വി ചാനലിലെ സ്ഥിരം സാന്നിദ്ധ്യം ആയിരുന്നു . ഇര പിടിക്കാന്‍ സ്വയം പ്രചാരണത്തിന് ചാനലിനെ മറയാക്കി.ഏതെങ്കിലും മാനസികാരോഗ്യസ്ഥാപനങ്ങളില്‍ മാനസികരോഗികളുടെ അവകാശലംഘനം ഉണ്ടായാല്‍ ഇടപെടേണ്ട സംവിധാനങ്ങളാണ് നിഷ്‌ക്രിയമായിരിക്കുന്നത്. ഇത് എത്രയുംവേഗം കര്‍മനിരതമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും അവഗണിക്കപ്പെടുകയാണ്.
